സോഷ്യല്‍ മീഡിയയില്‍  തരംഗമായി മമ്മൂട്ടിയുടെ യാത്ര 

ഒരിടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രമാണ് യാത്ര. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ യാത്ര ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശ്ശേഖരെ റെഡ്ഡിയുടെ ജീവിതമാണ് പറയുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ ചിത്രത്തിന് നല്‍കിയിരുന്നത്. യാത്രയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറിനും ആരാധകര്‍ മികച്ച സ്വീകരണം നല്‍കിയിരുന്നു. യാത്രയില്‍ വൈഎസ്ആറായുളള മമ്മൂക്കയുടെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരും. മമ്മൂക്ക ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 
മമ്മൂക്കയുടെ വേറിട്ട ഗെറ്റപ്പും തെലുങ്ക് ഭാഷയും തന്നെയാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. മമ്മൂക്ക തന്നെയായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുളളവരും യാത്രയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. യാത്രയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ് ആറിന്റെ മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം. ഫെബ്രുവരി 8നാണ് മമ്മൂക്കയുടെ യാത്ര തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്ക്,തമിഴ് ഭാഷകളിലായി ചിത്രം ഒരേസമയം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. 

Latest News