- പത്തുമാസത്തിനിടെ എത്തിയത് ആയിരം കോടിയുടേത്
പത്തു മാസത്തിനിടെ സൗദി അറേബ്യ വിദേശങ്ങളിൽ നിന്ന് ആയിരത്തിലേറെ കോടി റിയാലിന്റെ സ്വർണ ബിസ്‌കറ്റ് ഇറക്കുമതി ചെയ്തു. 2018 ജനുവരി ഒന്നു മുതൽ ഒക്‌ടോബർ 31 വരെയുള്ള കാലയളവിനുള്ളിൽ സൗദിയിലേക്ക് 1,020 കോടി റിയാലിന്റെ സ്വർണ ബിസ്‌കറ്റുകളാണ് എത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതലാണിത്. പത്തു രാജ്യങ്ങളിൽ നിന്നായാണ് ഇറക്കുമതി. കൂടുതൽ ഇറക്കുമതി യു.എ.ഇയിൽ നിന്നുമാണ്. 830 കോടി റിയാലിന്റെ ഇറക്കുമതി. രണ്ടാം സ്ഥാനം സ്വിറ്റ്‌സർലാന്റിനാണ്. 84.9 കോടി റിയാലിന്റെ ഇറക്കുമതി. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയിൽ നിന്ന് 53.8 കോടി റിയാലിന്റെയും ബ്രിട്ടനിൽ നിന്ന് 39.4 കോടി റിയാലിന്റെയും അമേരിക്കയിൽ നിന്ന് 7.7 കോടി റിയാലിന്റെയും സ്വർണ ബിസ്‌കറ്റുകൾ ഇറക്കുമതി ചെയ്തു.
ഈജിപ്തിൽ നിന്ന് ഒന്നര കോടി റിയാലിന്റെയും പാക്കിസ്ഥാനിൽ നിന്ന് 79 ലക്ഷം റിയാലിന്റെയും സിങ്കപ്പൂരിൽ നിന്ന് 69 ലക്ഷം റിയാലിന്റെയും തുർക്കിയിൽ നിന്ന് 37 ലക്ഷം റിയാലിന്റെയും ബഹ്‌റൈനിൽ നിന്ന് 30 ലക്ഷം റിയാലിന്റെയും സ്വർണ ബിസ്‌കറ്റുകൾ കഴിഞ്ഞ കൊല്ലം ഇറക്കുമതി ചെയ്തു. 2017 ൽ ഇതേ കാലയളവിൽ 980 കോടി റിയാലിന്റെ സ്വർണ ബിസ്‌കറ്റുകളാണ് ഇറക്കുമതി ചെയ്തിരുന്നത്.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഒക്‌ടോബർ അവസാനം വരെയുള്ള കാലത്ത് നിർമാണം പകുതി പൂർത്തിയാക്കിയ 12 ലക്ഷം റിയാലിന്റെ സ്വർണാഭരണങ്ങളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തു. അമേരിക്കയിൽ നിന്നാണ് ഈയിനത്തിൽ പെട്ട ആഭരണങ്ങൾ കൂടുതൽ ഇറക്കുമതി ചെയ്തത്. പത്തു ലക്ഷം റിയാലിന്റെ ഇത്തരം ആഭരണങ്ങൾ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തു. ഇതേയിനത്തിൽ പെട്ട രണ്ടര ലക്ഷത്തോളം റിയാലിന്റെ ആഭരണങ്ങൾ പത്തു മാസത്തിനിടെ സൗദി അറേബ്യ വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ ആഭരണങ്ങൾ കയറ്റി അയച്ചത് ഇറ്റലിയിലേക്കാണ്. 1,91,100 റിയാലിന്റെ ആഭരണങ്ങൾ ഇറ്റലിയിലേക്ക് കയറ്റി അയച്ചു.
ഒരു കിലോ തൂക്കമുള്ള സ്വർണ ബിസ്‌കറ്റുകളും ഇതിൽ കുറവ് തൂക്കമുള്ള സ്വർണ ബിസ്‌കറ്റുകളും വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഒരു കിലോ തൂക്കമുള്ള സ്വർണ ബിസ്‌കറ്റുകൾ ബാങ്കുകൾ ഇറക്കുമതി ചെയ്ത് നിക്ഷേപകർക്കും വ്യാപാരികൾക്കും വിൽപന നടത്തുന്നുണ്ട്. ഇരുപത്തിയഞ്ചു കിലോ തൂക്കമുള്ള സ്വർണ ബാറുകളും ഇറക്കുമതി ചെയ്യുന്നു. ഇവ സാധാരണയിൽ ഗവൺമെന്റാണ് ഇറക്കുമതി ചെയ്യുന്നത്. കരുതൽ ശേഖരമെന്നോണം സൂക്ഷിക്കുന്നതിനാണ് ഗവൺമെന്റ് സ്വർണ ബാറുകൾ ഇറക്കുമതി ചെയ്യുന്നത്. സൗദി വിപണിക്ക് ആവശ്യമായ സ്വർണ ഇറക്കുമതിയുടെ 60 ശതമാനവും യു.എ.ഇയിൽ നിന്നാണെന്ന് സ്വർണ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന നിക്ഷേപകർ വെളിപ്പെടുത്തി.






