ട്വിറ്റര്‍ ഷെയറിങ്ങില്‍ സര്‍വ്വകാല റെക്കാര്‍ഡ് സ്വന്തമാക്കി ജാപ്പനീസ് കോടീശ്വരന്‍ യുസാക്കു മയിസാവ. തിങ്കളാഴ്ച വരെ തന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുന്ന നൂറുപേര്‍ക്ക് ഒരു മില്ല്യണ്‍ യെന്‍ സമ്മാനം പ്രഖ്യാപിച്ചതോടെയാണ് മയിസാവയുടെ ട്വീറ്റ് ട്രെന്റായത്.
'പുതിയ ലോക റെക്കോര്‍ഡ് സ്വന്തമാക്കി. ഇത് വരെയുളള ലോക റെക്കോര്‍ഡ് മറികടന്നു. 3.55 മില്ല്യണ്‍ റീട്വീറ്റ് ആയിരുന്നു ഏറ്റവും വലിയ നമ്പര്‍. ഇപ്പോഴും ആളുകള്‍ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നു,' മയിസാവ ട്വിറ്ററില്‍ കുറിച്ചു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 5.5 ട്വിറ്റര്‍ ഉപഭോക്താക്കള്‍ മയിസാവയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കഴിഞ്ഞു. ഇതുവരെയുളള റെക്കോര്‍ഡ് ഒരു അമേരിക്കന്‍ കൗമാരക്കാരന്റെ പേരിലാണ്.
43 കാരനായ മയിസാവ ജപ്പാനിലെ അറിയപ്പെടുന്ന ബിസിനസുകാരനാണ്. ജപ്പാനിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാഷന്‍ സ്റ്റോറിന്റെ ഉടമായാണ് അദ്ദേഹം. ഫോര്‍ബ്‌സ് മാസികയുടെ സര്‍വ്വേ പ്രകാരം, ജപ്പാനിലെ ഏറ്റവും വലിയ ധനികരില്‍ പതിനെട്ടാമനാണ് മയിസാവ.
2023 ല്‍ ഒരു ബഹിരാകാശ യാത്രയും മയിസാവ ലക്ഷ്യമിടുന്നുണ്ട്. ബഹിരാകാശ ടൂറിനായി താന്‍ ടിക്കറ്റ് എടുത്തുവെന്ന് മയിസാവ മാസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. കലാപ്രേമിയായ മയിസാവക്ക് കുറച്ച് കലാകാരന്‍മാരെയും കൂടെ കൊണ്ടു പോവാനുളള പദ്ധതിയുണ്ട്.






