ദുബായ്- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശന പരിപാടിക്കായി തയാറാക്കിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിട്രോഡ അമേരിക്കയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഈ മാസം 11 ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.rginuae.com എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. 25,000 പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ രാഹുലിന്റെ പ്രഭാഷണം ശ്രവിക്കാന്‍ സൗകര്യം. വൈകുന്നേരം നാല് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും പരിപാടി. യു.എ.ഇയിലെ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
വിദേശ ഇന്ത്യക്കാരുമായുള്ള ആശയവിനിമയത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി നടത്തുന്ന സന്ദര്‍ശനം വിജയിപ്പിക്കാന്‍ ഒരുക്കങ്ങള്‍ തുടരുകയാണ്.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മലയാളികളടക്കമുള്ളവര്‍ ദുബായില്‍ എത്തിച്ചേരും. ആളുകളെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തിക്കാന്‍ ആയിരത്തോളം ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 70 കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും ഒരുക്കുന്നുണ്ട്.






