Sorry, you need to enable JavaScript to visit this website.

ജനക്ഷേമവും രാഷ്ട്രപുരോഗതിയും  പ്രധാനം- ദുബായ് ഭരണാധികാരി 

ദുബായ്- അടുത്ത അമ്പത് വര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ജനക്ഷേമത്തിനും വരും തലമുറകളുടെ ക്ഷേമവും മുന്‍നിര്‍ത്തിയാണ് പദ്ധതികള്‍.  കര്‍മ പദ്ധതിയില്‍ ദുബായ് വിമാനത്താവള വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ലോകത്തിലെ 200 നഗരങ്ങളിലേക്ക് ഇവിടെ നിന്ന് വിമാന സര്‍വീസുകളുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യന്‍ യാത്രക്കാര്‍ ദുബായ് വിമാനത്താവളം ഉപയോഗപ്പെടുത്തും. ജലം, ഭക്ഷണം, ഊര്‍ജം എന്നീ രംഗങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്നത് പ്രധാനമാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പുത്തന്‍ പദ്ധതികള്‍ നടപ്പാക്കി സ്വദേശികളുടേയും വിദേശികളുടേയും ജീവിത നിലവാരം മെച്ചപ്പെടുത്തും. സര്‍വകലാശാലകളെ  സ്വതന്ത്ര സാമ്പത്തിക മേഖലകളാക്കും. 
മൂല്യാധിഷ്ഠിതമായ എട്ട്  തത്വസംഹിതകളിലാണ്  ദുബായ് നിലകൊള്ളുന്നതെന്ന് അദ്ദേഹം  വ്യക്തമാക്കി. ജനക്ഷേമവും രാഷ്ട്രപുരോഗതിയും ഭാവിതലമുറയുടെ സുരക്ഷിതത്വവുമാണു പ്രധാനം. ഉത്തരവാദിത്തപ്പെട്ട ചുമതലകളില്‍ ഇരിക്കുന്ന ഓരോരുത്തരും  ഇതു പാലിക്കാനും അതിനായി പ്രവര്‍ത്തിക്കാനും ബാധ്യസ്ഥരാണെന്നും  ഭരണാധികാരി വ്യക്തമാക്കി. 
യുഎഇയുടെ അവിഭാജ്യ ഘടകമാണ് ദുബായ്. രാഷ്ട്രതാല്‍പര്യമാണു പ്രധാനം. രാഷ്ട്രത്തിന്റെ ഐക്യവും പുരോഗതിയും ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാകണം. പ്രദേശിക താല്‍പര്യങ്ങള്‍ ഒരുവിധത്തിലും ഇതിനു വിഘാതമാകരുത്. 
ആരും നിയമത്തിന് അതീതരല്ല. മുഖം നോക്കാത്ത നീതിനിര്‍വഹണമാണ്  രാഷ്ട്രത്തിന്റെ കരുത്ത്. അതു സ്ഥിരതയും അഭിവൃദ്ധിയും ഉറപ്പുവരുത്തുന്നു. പൗര•ാരെന്നോ താമസക്കാരെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ മുസ്‌ലിം എന്നോ ഇതര വിഭാഗങ്ങളെന്നോ വേര്‍തിരിവില്ല. സ്ത്രീപുരുഷ സമത്വവും ഉറപ്പുവരുത്തുന്നു. 
 പ്രത്യേക രാഷ്ട്രീയ താല്‍പര്യങ്ങളില്ല. ശക്തമായ സമ്പദ്ഘടന ലക്ഷ്യമിട്ടുള്ള കര്‍മപരിപാടികളാണ് പ്രധാനം. എല്ലാവരോടും സൗഹൃദം പാലിക്കുന്ന നയം. 
വിശ്വാസ്യതയും പ്രതിബന്ധങ്ങള്‍ തരണം ചെയ്യാനുള്ള കഴിവും മികച്ച സര്‍ക്കാര്‍ സംവിധാനങ്ങളുമാണ് ദുബായിയുടെ വളര്‍ച്ചയ്ക്കു വഴിയൊരുക്കുന്നത്. 
ഏവരെയും ആദരിക്കാനും ഒരുമിച്ചു പോകാനും കഴിയുന്ന സമൂഹം. പക്ഷപാതമോ വിവേചനമോ പുലര്‍ത്തുന്ന രീതി പിന്തുടരുന്നില്ല. അച്ചടക്കവും കൃത്യനിഷ്ഠയും ഉത്തരവാദിത്തത്തോടെയുള്ള പ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നു.   ഉല്‍പാദനക്ഷമതയുള്ളതും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായ സാമ്പത്തിക മേഖല ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും യാഥാര്‍ഥ്യമാക്കും. 
കഴിവുറ്റ പ്രഫഷനലുകള്‍, ക്രിയാത്മക പ്രവര്‍ത്തനം, നൂതന ആശയങ്ങള്‍, സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള  ശേഷി. കഴിവുള്ളവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു.
രാജ്യാന്തര  രാഷ്ട്രീയ പ്രശ്‌നങ്ങളോ സാമ്പത്തിക അസ്ഥിരതകളോ ഭാവി തലമുറയെ ഒരു തരത്തിലും ബാധിക്കാന്‍ അനുവദിക്കില്ല. ക്ഷേമം ഉറപ്പാക്കുന്ന ഭാവിയാണു പ്രധാനം-അദ്ദേഹം നയം വ്യക്തമാക്കി. 

Latest News