Sorry, you need to enable JavaScript to visit this website.

നിരോധിത ഉല്‍പന്ന വേട്ട; ഷാര്‍ജയില്‍ പിടിച്ചെടുത്തത് രണ്ടായിരം കിലോ ഇന്ത്യന്‍ പുകയില ഉല്‍പന്നങ്ങള്‍

ഷാര്‍ജ:  ഷാര്‍ജ നഗരസഭയുടെ നിരോധിത ഉല്‍പന്ന വേട്ടക്കിടയില്‍ കണ്ടെടുത്തത് രണ്ടായിരം പുകയില ഉല്‍പന്നങ്ങള്‍. നഗരസഭയുടെ അഭ്യന്തര സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ നഗരത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് നിരോധിത ഉല്‍പന്നങ്ങളുടെ ശേഖരം കണ്ടെത്തിയത്.

പാന്‍ പരാഗ് പക്കറ്റുകള്‍ അടക്കമുളള പുകയില ഉല്‍പന്നങ്ങള്‍ പെട്ടികളിലാക്കി സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഷാര്‍ജയിലെ ഒരു വ്യവസായ മേഖലയിലെ തൊഴിലാളികള്‍ പാര്‍ക്കുന്ന സ്ഥലത്ത് നിന്നാണ് ഉദ്യോഗസ്ഥര്‍ ഇവ കണ്ടെടുത്തത്. നഗരസഭ തിരച്ചില്‍ നടത്തിയത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പുകയില കച്ചവടക്കാരെയും നിര്‍മാതാക്കളെയും ഉപഭോക്താക്കളെയും കണ്ടെത്താനായിരുന്നു എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, നഗരസഭ ദ്രവ്യ രൂപത്തിലുളള നസ്‌വര്‍ പുകയിലക്ക് കടുത്ത നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പാന്‍ പരാഗ് അടക്കമുളള ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപഭോഗവും വലിയ അളവില്‍ വര്‍ദ്ധിച്ചത്. 

നഗരസഭ അധികൃതര്‍ക്ക് ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ മേഖലയില്‍ തെരച്ചില്‍ നടത്തിയത്. നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് പുറമേ തിരച്ചില്‍ സംഘത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സംയുക്ത സംഘം നടത്തിയ തിരച്ചിലില്‍ ഉല്‍പന്നങ്ങള്‍ക്ക് പുറമേ പാക്കിങ്ങിനും നിര്‍മാണത്തിനും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെടുത്തു. കെട്ടിട ഉടമക്ക് നേരെ നിയമ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. 

കണ്ടെടുത്ത ഉല്‍പന്നങ്ങള്‍ ഉടനെ നശിപ്പിച്ചു കളഞ്ഞു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരോധിത ഉല്‍പന്നങ്ങള്‍ കൈവശം വെക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് 5,000 ദിര്‍ഹം വരെ പിഴ കിട്ടാവുന്ന കുറ്റമാണ് യു എ ഇയില്‍. 

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പുകയില ഉപയോഗത്തിനെതിരെ ബോധവല്‍കരണം നടത്താനും തെരച്ചിലുകള്‍ വ്യാപകമാക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
 

Latest News