മക്ക - നാലു മാസത്തിനിടെ ഇന്ത്യയിൽ നിന്ന് രണ്ടേമുക്കാൽ ലക്ഷത്തിലേറെ ഉംറ തീർഥാടകർ എത്തിയതായി ഹജ്, ഉംറ മന്ത്രാലയത്തിന്റെ കണക്ക്. മുഹറം ഒന്നു (സെപ്റ്റംബർ 11) മുതൽ കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കാലത്ത് ഇന്ത്യയിൽ നിന്ന് 2,81,589 തീർഥാടകരാണ് എത്തിയത്. ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാനിൽ നിന്ന് 6,00,015 ഉം രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയിൽ നിന്ന് 3,94,027 ഉം തീർഥാടകർ നാലു മാസത്തിനിടെ എത്തി. നാലാം സ്ഥാനത്തുള്ള മലേഷ്യയിൽ നിന്ന് 1,30,793 ഉം അഞ്ചാം സ്ഥാനത്തുള്ള യെമനിൽ നിന്ന് 1,13,247 ആറാം സ്ഥാനത്തുള്ള അൾജീരിയയിൽ നിന്ന് 83,299 ഉം ഏഴാം സ്ഥാനത്തുള്ള ഈജിപ്തിൽ നിന്ന് 63,217 ഉം എട്ടാം സ്ഥാനത്തുള്ള തുർക്കിയിൽ നിന്ന് 60,086 ഉം ഒമ്പതാം സ്ഥാനത്തുള്ള യു.എ.ഇയിൽ നിന്ന് 56,412 ഉം പത്താം സ്ഥാനത്തുള്ള ബംഗ്ലാദേശിൽ നിന്ന് 52,848 ഉം തീർഥാടകർ നാലു മാസത്തിനിടെ പുണ്യഭൂമിയിലെത്തി.
നാലു മാസത്തിനിടെ വിദേശങ്ങളിൽ നിന്ന് ആകെ 21,83,031 തീർഥാടകരാണ് എത്തിയത്. ഇക്കാലയളവിൽ ഹജ്, ഉംറ മന്ത്രാലയം 25,55,201 ഉംറ വിസകൾ അനുവദിച്ചു. ഈ വർഷം വിദേശങ്ങളിൽ നിന്ന് എത്തിയ തീർഥാടകരിൽ 17,74,420 പേർ തീർഥാടന കർമം പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. ജനുവരി മൂന്നിലെ കണക്കുകൾ പ്രകാരം മക്കയിലും മദീനയിലുമായി 4,08,611 തീർഥാടകരുണ്ട്. ഇവരിൽ 2,86,568 പേർ മക്കയിലും 1,22,043 പേർ മദീനയിലുമാണ്.
തീർഥാടകരിൽ 19,91,448 പേർ വിമാന മാർഗവും 1,84,580 പേർ കര മാർഗവും 7,003 പേർ കപ്പൽ മാർഗവും എത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉംറ സർവീസ് കമ്പനികളിൽ 9738 സൗദി ജീവനക്കാരുണ്ട്. ഇക്കൂട്ടത്തിൽ 8070 പേർ പുരുഷന്മാരും 1668 പേർ വനിതകളുമാണ്.