ഓർക്കണം സാവിത്രിബായിയെയും ഫാത്തിമ ഷെയ്ഖിനേയും

കാര്യമായ ചർച്ചകളോ ആഘോഷങ്ങളോ ഇല്ലാതെയാണ് എല്ലാവർഷവും ജനുവരി മൂന്ന് കടന്നുപോകാറുള്ളത്. ഇക്കുറിയും അങ്ങനെതന്നെ. ഈ ദിവസത്തിന്റെ  പ്രാധാന്യം ഒട്ടുമറിയാത്ത സംസ്ഥാനമാണ് കേരളം. എന്നാൽ നവോത്ഥാനത്തെ കുറിച്ചും സ്ത്രീമുന്നേറ്റങ്ങളെ കുറിച്ചും ഏറെ ചർച്ചചെയ്യുകയും മറന്നു പോയിരുന്ന പലതും തിരിച്ചു പിടിക്കാൻ ശ്രമിക്കുകയും ഇക്കാലഘട്ടത്തിൽ ജനുവരി 3 ന്റെ പ്രാധാന്യം മലയാളികളും തിരിച്ചറിഞ്ഞേ പറ്റൂ.
അയ്യങ്കാളി എന്ന ദളിത് പോരാളിയുടെ തിരിച്ചുവരവാണല്ലോ സമീപകാല കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമൂഹ്യവിപ്ലവം. വില്ലുവണ്ടിയാത്ര, കല്ലുമാല പൊട്ടിക്കൽ, കർഷകതൊഴിലാളി സമരം തുടങ്ങി സവർണ്ണാധിപത്യത്തിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഇന്നു നാം പുനർവായിക്കുന്നു. ഏറെ കൊട്ടിഘോഷിച്ചു നടത്തിയ വനിതാമതിൽ അവസാനിച്ചത് അദ്ദേഹത്തിന്റെ പ്രതിമക്കുമുന്നിൽ. മതിലിൽ പ്രസംഗിക്കാനെത്തിയ മുഖ്യമന്ത്രി അയ്യങ്കാളി പ്രതിമയിൽ മാലയിടുന്നു. 
അയ്യങ്കാളിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തമായിരുന്നല്ലോ വിലക്കപ്പെട്ട വിദ്യാലയത്തിലേക്ക് പഞ്ചമി എന്ന പെൺകുട്ടിയുടെ കൈപിടിച്ച് കയറിചെന്ന നിമിഷം. വാസ്തവത്തിൽ കേരളത്തിന്റെ വിദ്യാരംഭദിനം അന്നായിരുന്നു. അതേസമയം അയ്യങ്കാളി ജനിച്ചത് 1863ലാണ് ജനിച്ചതെങ്കിൽ മഹാരാഷ്ട്രയിൽ 1831 ജനുവരി 3ന് ൽ ജനിച്ച ഒരു സ്ത്രീ തന്റെ ജീവിതം തന്നെ ഇത്തരത്തിൽ വിലക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരുന്നു. പിന്നീട് സാവിത്രി ഫൂലേയായി മാറിയ സാവിത്രി ഭായി. വർത്തമാന കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ രൂപം കൊണ്ടിട്ടുള്ള  ദളിത്-മുസ്ലിം ഐക്യത്തിന്റെ ആദ്യകാലരൂപവും ഇവരുടെ പ്രവർത്തനങ്ങളിൽ കാണാമായിരുന്നു. 
9 വയസ്സുള്ളപ്പോൾ 13 കാരനായ ജ്യോതിറാവു ഫൂലെയുമായി സാവിത്രി ബായുടെ വിവാഹം നടന്നു. ജ്യോതിറാവുവിന്റെ പ്രോൽസാഹനം മൂലം  പഠിച്ച് സ്‌കൂൾ അധ്യാപികയായി. സാമൂഹികമായി അങ്ങേയറ്റം പിന്നോക്കാവസ്ഥയിലായിരുന്ന, വിദ്യാഭ്യാസം നേടാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന മഹാരാഷ്ട്രയിലെ ചമാർ, മഹർ, മാംഗ് തുടങ്ങിയ ദളിത് വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി് 1850 ൽ അവരുടെ  നേതൃത്വത്തിൽ പൂനെയിൽ ഒരു സ്‌കൂൾ ആരംഭിക്കുകയായിരുന്നു.  എന്നാൽ അയ്യങ്കാളി പിന്നീട് നേരിട്ടപോലെ മേൽജാതിക്കാരായ ഗ്രാമീണരിൽ നിന്നും കൊടിയ പീഡനങ്ങളാണ് അവർ നേരിട്ടത്. തങ്ങളുടെ അടിമവേലകൾ ചെയ്യേണ്ട ദളിതർ സ്‌കൂളിൽ പോകുന്നതും പഠിക്കുന്നതുമൊന്നും അവർക്ക് സഹിക്കാവുന്നതായിരുന്നില്ല. ഇന്നുപോലും അദൃശ്യമായി നിലനിൽക്കുന്ന മനുസ്മൃതി തന്നെയായിരുന്നു അവരുടെ ഭരണഘടന. കല്ലും ചളിയും തുടങ്ങി ചാണകം വരെ അവർക്കെതിരെ എറിയപ്പെട്ടു. ഇതിൽ ഭയന്ന് പിന്മാറാതെ മാറ്റിയുടുക്കാൻ മറ്റൊരു സാരി കയ്യിൽ കരുതിയായിരുന്നു അവരുടെ യാത്ര. ഒന്നുകിൽ ഈ പ്രവർത്തനം നിർത്തുക അല്ലെങ്കിൽ ഇവിടം വിട്ടുപോവുക എന്ന താക്കീതായിരുന്നു അവർ സാവിത്രിബായിക്ക് നൽകിയത്. സ്ത്രീകൾ വീടിനു പുറത്തിറങ്ങുന്നത് പോലും കടുത്ത അപമാനമായാണ് അവർ കണ്ടിരുന്നത്.  മേൽജാതിക്കാരുടെ ഭീഷണികളിൽ ഭയന്നതുകൊണ്ടാവാം സ്വന്തം ജാതിയിൽപെട്ടവരിൽനിന്നും എന്തിന് സ്വന്തം കുടുംബത്തിൽ നിന്നു പോലും ആരുടെയും പിന്തുണ സാവിത്രി ബായിക്ക് ലഭിച്ചില്ല. വൈകാതെ അവർക്ക് വീടും നാടും വിടേണ്ടി വന്നു.
എന്നാൽ സാവിത്രി ബായ് പിന്തിരിയാൻ തയ്യാറായിരുന്നില്ല. പ്രവർത്തനങ്ങൾ തുടരാനുളള ശ്രമം അവർ തുടർന്നു. അങ്ങനെയാണ് പൂനെയിലെ 'ഗഞ്ച് പേത്ത്' എന്ന സ്ഥലത്തുവെച്ച് അവർ ഫാത്തിമ ഷെയ്ഖ് എന്ന മുസ്ലിം സ്ത്രീയെ കണ്ടുമുട്ടിയത്. ഫാത്തിമ ഷെയ്ഖും സഹോദരൻ ഉസ്മാൻ ഷെയ്ഖും അവർക്ക് സ്‌കൂൾ നടത്തുന്നതിനുള്ള സൗകര്യമൊരുക്കി. കൂടാതെ ഫാത്തിമ ഷെയ്ഖ് സാവിത്രിബായിയോടൊപ്പം കുട്ടികളെ പഠിപ്പിക്കാനും തയ്യാറായി. ഇന്ത്യയിലെ ആദ്യ മുസ്ലിം അദ്ധ്യാപികയെന്ന പദവി ഫാത്തിമ ഷെയ്ഖിനു സ്വന്തമാകുകയും ചെയ്തു. 
എന്നാൽ സവർണ്ണ ഫാസിസ്റ്റുകൾ അടങ്ങിയിരിക്കാൻ തയ്യാറായിരുന്നില്ല. ഇവിടേയും നിരന്തരമായ ആക്രമണങ്ങളുണ്ടായി. സാവിത്രിബായിക്ക് നേരെ വധശ്രമങ്ങൾ പോലുമുണ്ടായി. പക്ഷേ ഇതൊന്നും കൂട്ടാക്കാതെ അവർ പ്രവർത്തനങ്ങൾ തുടർന്നു. എല്ലാ പ്രതിസന്ധികളിലും ശക്തമായ പിന്തുണയുമായി സാവിത്രിബായുടെ ഭർത്താവ് ജോതിറാവു ഫൂലേയും ഫാത്തിമ ഷെയ്ഖിന്റെ സഹോദരൻ ഉസ്മാൻ ഷെയ്ഖും  ഉണ്ടായിരുന്നു എന്നത് എടുത്തുപറയണം. സവർണഹിന്ദുക്കളാണ് സാവിത്രിബായിയെ ആക്രമിച്ചിരുന്നതെങ്കിൽ,  ഹിന്ദുക്കളിലെയും മുസ്ലിങ്ങളിലെയും യാഥാസ്ഥിതികരിൽ നിന്നുള്ള ആക്രമണം ഫാത്തിമ ഷെയ്ഖ് നേരിടേണ്ടി വന്നു. ആക്രമണങ്ങളെ ഭയന്ന് പലരും കുട്ടികളെ സ്‌കൂളിലേക്ക് വിടാൻ തയ്യാറായില്ല. രണ്ടുപേരും നിരന്തരം വീടുകൾ കയറിയിറങ്ങി രക്ഷിതാക്കളെ കണ്ടു സംസാരിച്ചു. അങ്ങനെ കുറെയേറെ ദളിത് - മുസ്ലിം കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടി.  
ബ്രാഹ്മണ്യ ഹിന്ദുത്വത്തിന് ശക്തമായ അടിത്തറയും ആധിപത്യവുമുണ്ടായിരുന്ന മഹാരാഷ്ട്രയിലെ, ന്യൂനപക്ഷങ്ങളായ ദളിത് മുസ്ലിം വിഭാഗങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയർത്തിക്കൊണ്ടുവരുന്നതിൽ ശക്തമായ പങ്കു വഹിച്ച രണ്ടു ധീരവനിതകളാണ് സാവിത്രിയും ഫാത്തിമയും. എന്നാൽ അംബേദ്കറിന്റെയടക്കം മുൻകൈയിൽ മഹാരാഷ്ട്രയിൽ പിന്നീടുയർന്നുവന്ന ദളിത് മുന്നേറ്റങ്ങൾ സാവിത്രിബായിയെയും അവരുടെ ജീവിതത്തെയും ഉയർത്തിപ്പിടിച്ചെങ്കിലും ഫാത്തിമ ഷെയ്ഖ് പതിയെ ചരിത്രത്തിൽ നിന്നും മാഞ്ഞുപോവുകയാണുണ്ടായത്.  ബ്രാഹ്മണ്യാധികാരങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ട ദളിതരുടെയും ആദിവാസികളുടെയും മുസ്ലിങ്ങളുടെയുമെല്ലാം ഒരുമിച്ചു നിന്ന ചെറുത്തുനിൽപ്പിന്റെ മനോഹരമായ ഉദാഹരണമായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. 1873 ൽ ജ്യോതിറാവു ഫൂലെ രൂപം നൽകിയ സത്യശോധക് സമാജിന്റെ എല്ലാ പ്രവർത്തനങ്ങളിലും സാവിത്രി ഭായിയും ഭാഗഭാക്കായിരുന്നു. പിന്നോക്ക ജാതികളായി കരുതപ്പെട്ടിരുന്നവരുടെ നേർക്ക് ഉയർന്ന സമുദായക്കാരുടെ പ്രത്യേകിച്ചും ബ്രാഹ്മണർ പിന്തുടരുന്ന വിവേചനവും അയിത്തവും ചൂഷണവും നിർമ്മാർജ്ജനം ചെയ്യുക എന്നതായിരുന്നു ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം. 
സംഘടനയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം മാത്രമല്ല, വിധവാ വിവാഹം, വിധവകളുടെ മക്കൾക്കായി അനാഥാലയങ്ങൾ എന്നിവയും ആരംഭിച്ചു. പരമ്പരാഗതമായ ആചാരങ്ങളെയും അനാചാരങ്ങളെയും മാറ്റിനിർത്തി ബദൽ വിവാഹങ്ങളും നടത്തി. 1852 നവംബർ 16ന് ബ്രിട്ടീഷ് ഗവണ്മെന്റ് ഫുലെ ദമ്പതികളെ ആദരിക്കുകയും  വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് ''മികച്ച അദ്ധ്യാപിക''യായി സാവിത്രിബായിയെ പ്രഖ്യപിക്കുകയും ചെയ്തു.  പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ആ പ്രദേശങ്ങളിൽ ചെന്ന് മുന്നിൽനിന്ന് പ്രവർത്തിക്കുകയും രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിച്ച് പരിചരിക്കുകയും ചെയ്തതിനെ തുടർന്ന് രോഗം പകർന്നാണ് 1897 മാർച്ച് 10ന് സാവിത്രി ഫൂലെ അന്തരിച്ചത്.
വാസ്തവത്തിൽ ഇവരുടെ പ്രവർത്തനങ്ങളെ ആദരിച്ചാണ് രാജ്യത്ത് അധ്യാപകദിനം ആചരിക്കേണ്ടത്. എന്നാൽ തുടക്കത്തിൽ പറഞ്ഞപോലെ ഇന്നിവരെ ആരും കാര്യമായി സ്മരിക്കുന്നില്ല. പുതിയ നവോത്ഥാന ചർച്ചകളുടെ കാലത്ത് നമ്മളെങ്കിലും അവരെ സ്മരിക്കാനും ആദരിക്കാനും തയ്യാറാകണം.
 

Latest News