ഏഷ്യയിലെ തലയെടുപ്പുളള പട്ടണമായി ഇന്ത്യയിലെ അഞ്ചാമത്തെ നഗരമായ ബംഗളൂരു മുന്നേറുകയാണ്. വിവര സാങ്കേതിക രംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ ഫലമായി ഇന്ത്യയുടെ ഹൈടെക് തലസ്ഥാനമെന്ന പദവിയിലേക്ക് കുതിക്കുന്ന കർണാടക തലസ്ഥാനമായ ബംഗളൂരുവിൽ പ്രകൃതി സൗന്ദര്യവും നൂതന ശിൽപകലാ വൈദഗ്ധ്യവും കെട്ടുപിണഞ്ഞു കിടക്കുന്നു. ആഗോള തലത്തിൽ പ്രശസ്തമായ ഐ.ടി കമ്പനികളുടെയെല്ലാം ഇന്ത്യയിലെ ആസ്ഥാനം ബംഗളൂരുവിലാണ്.
സമുദ്ര നിരപ്പിൽ നിന്ന് ആയിരം അടി ഉയരത്തിലാണ് ഉദ്യാന നഗരം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയുടെ പ്രവേശന കവാടമായ ഈ നഗരത്തിൽ വർഷത്തിലെല്ലാ കാലത്തും സുഖകരമായ കാലാവസ്ഥയനുഭവപ്പെടുന്നു. മുന്തിരിത്തോട്ടങ്ങൾ നിറഞ്ഞു നിൽക്കുന്ന പട്ടണത്തിന്റെ പ്രാന്തത്തിലുള്ള ഗ്രാമങ്ങൾ മേഖലയുടെ സമ്പദ്ഘടനയുടെ അടിസ്ഥാന ശിലകളാണ്. വ്യവസായ നഗരമായി അനുദിനം പുരോഗമിക്കുന്ന ഈ നഗരം ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി റെയിൽ, റോഡ് മാർഗം ബന്ധിക്കപ്പെട്ടിട്ടുണ്ട്. മെട്രോ റെയിൽ പാത യാഥാർഥ്യമായതോടെ മഹാനഗരത്തിലെ യാത്ര എളുപ്പമായി.
ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ലോകത്തിന്റെ ഏത് ഭാഗത്തേക്കും പറക്കാം. 1537 ൽ കെമ്പ ഗൗഡ രാജാവ് സ്ഥാപിച്ച ഈ പട്ടണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറി പാർത്തവർ താമസിക്കുന്നു. ഇക്കാരണത്താൽ തന്നെ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, ഉറുദു ഭാഷകളിൽ എതെങ്കിലുമറിയാമെങ്കിൽ ഒട്ടും പ്രയാസപ്പെടേണ്ടി വരില്ലെന്നതും കോസ്മോപൊളിറ്റൻ നഗരമായ ബംഗളൂരുവിന്റെ സവിശേഷതയാണ്.
വ്യത്യസ്ത അഭിരുചിക്കാരായ സന്ദർശകരെയെല്ലാം തൃപ്തരാക്കാൻ പോന്നതെല്ലാം ഇവിടെയുണ്ട്. ക്ലാസിക്കുകളും ആധുനികതയും സംഗമിക്കുന്ന ഇവിടെ പബുകളും ഡാൻസിംഗ് ക്ലബുകളും നിരവധിയാണ്. പാശ്ചാത്യ സംഗീതവും ഇന്ത്യയുടെ തനത് ക്ലാസിക്കൽ സംഗീതവും ആസ്വദിക്കാൻ സൗകര്യമുണ്ട്.
സന്ദർശകർക്ക് ഹരമാവുന്ന ബംഗളൂരു കൊട്ടാരം 1887 ൽ വോഡയാർ മഹാരാജാവ് പണിതതാണ്. ശ്രീരംഗ പട്ടണത്തിലെ ദരിയാ ദൗലത് കൊട്ടാരത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ കൊട്ടാരം.
ലാൽ ബാഗെന്ന ഉദ്യാനം എത്ര കണ്ടാലും കൊതി തീരില്ല. ബൊട്ടാണിക്കൽ ഗാർഡനെന്ന നിലയിൽ പ്രശസ്തമായ ലാൽബാഗിന്റെ തുടക്കം കുറിച്ചത് ഹൈദരലിയാണ്. 2400 ഏക്കർ വിസ്തൃതിയുള്ളതാണ് ലാൽ ബാഗെന്ന നഗര മധ്യത്തിലുള്ള മനോഹര ഉദ്യാനം. വിവിധ രാജ്യങ്ങളിൽ നിന്ന് അപൂർവ സസ്യങ്ങൾ ശേഖരിച്ച് ഇതിന്റെ ഭംഗി വർധിപ്പിക്കുകയെന്ന ദൗത്യം അദ്ദേഹത്തിന്റെ പുത്രൻ നിർവഹിച്ചതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഈ ഉദ്യാനത്തിലിപ്പോൾ ആയിരത്തിലേറെ അപൂർവ സസ്യങ്ങളുണ്ട്.
ലാൽ ബാഗിലെ പ്രധാന ആകർഷണമായ ഗ്ലാസ് ഹൗസ് നിർമിച്ചത് ലണ്ടനിലെ ക്രിസ്റ്റൽ പാലസിന്റെ ശൈലിയിലാണ്. രണ്ടു വർഷത്തിലൊരിക്കൽ ഇവിടെ പുഷ്പമേളക്ക് അരങ്ങൊരുങ്ങുന്നു. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു പുഷ്പമേള. കർണാടക ഹോർട്ടികൾച്ചർ ഡിപ്പാർട്ടുമെന്റ് സംഘടിപ്പിക്കുന്ന പുഷ്പമേളയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരാർഥികൾ എത്തിച്ചേരാറുണ്ട്. ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയും കർണാടക ഹോർട്ടികൾച്ചർ ഡിപ്പാർട്ടുമെന്റും ചേർന്നാണ് ലാൽ ബാഗ് പരിപാലിക്കുന്നത്. ലാൽ ബാഗിൽ ബോട്ടിംഗിനും സൗകര്യമുണ്ട്.
ബംഗളൂരു മ്യൂസിയം ഇന്ത്യയിൽ സർക്കാർ കെട്ടിടങ്ങളിൽ ഏറ്റവും പഴക്കമുള്ളവയിൽ പെടുന്നു. 1886 ൽ സ്ഥാപിച്ച ഈ മ്യൂസിയത്തിൽ മൊഹൻജദാരോ കാലഘട്ടത്തിലെ പുരാവസ്തുക്കളുടെ അമൂല്യ ശേഖരമുണ്ട്. തൊട്ടടുത്താണ് വിശ്വേശ്വരയ്യ ശാസ്ത്ര സാങ്കേതിക മ്യൂസിയവും ട്രേഡ് സെന്ററും. ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് എന്നറിയപ്പെടുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എൻജിനീയറിംഗ് ഗവേഷണ രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ്.
കബൻ പാർക്കിന്റെ വടക്കു ഭാഗത്തായിട്ടാണ് സംസ്ഥാന നിയമസഭാ മന്ദിരവും സെക്രട്ടറിയേറ്റും ഉൾക്കൊള്ളുന്ന വിധാൻ സൗധം സ്ഥിതി ചെയ്യുന്നത്. ഗ്രാനൈറ്റിൽ തീർത്ത ഈ മനോഹര മന്ദിരം ബംഗളൂരുവിലെ വിശേഷ കാഴ്ചകളിലൊന്നാണ്. ഷോപ്പിംഗ് ഏറ്റവും ആനന്ദകരമായ അനുഭവമാണെന്നത് ബംഗളൂരുവി ന്റെ സവിശേഷതയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഷോറൂമുകളിൽ നിന്നോ, എംപോറിയങ്ങളിൽ നിന്നോ ചന്ദനം കൊണ്ട് തയാറാക്കിയ സുഗന്ധ ദ്രവ്യങ്ങളും കരകൗശല വസ്തുക്കളും ഇഷ്ടം പോലെ വാങ്ങാം.
ബ്രിഗേഡ് റോഡ്, കൊമേഴ്സ്യൽ സ്ട്രീറ്റ്, എം.ജി റോഡ്, റസിഡൻസി റോഡ് എന്നിവയാണ് പ്രധാന വാണിജ്യ കേന്ദ്രങ്ങൾ.
കെ.ജി റോഡ്, മല്ലേശ്വരം, ശിവജി നഗർ എന്നിവിടങ്ങളിൽ ചെന്ന് യഥേഷ്ടം വില പേശി സാധനങ്ങൾ വാങ്ങുന്നതിൽ രസം കണ്ടെത്തുന്നവരും നിരവധിയാണ്.
സിറ്റി ടൂർ നിരക്കുകൾ അഞ്ചിരട്ടിയായി
ബംഗളൂരുവിലെയും മൈസൂരുവിലെയും നഗരക്കാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികൾക്കായി കർണാടക ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 25 വർഷം മുമ്പ് ബംഗളൂരുവിലേയും മൈസൂരുവിലേയും നഗരക്കാഴ്ചകൾ ഒരു ദിവസമെടുത്ത് കണ്ടു തീർക്കാൻ കൂടിയാൽ നൂറ് രൂപ നൽകിയാൽ മതിയായിരുന്നു. താമസിക്കുന്ന ഹോട്ടൽ മുറിക്ക് മുമ്പിലെത്തി വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി കാഴ്ചകളെല്ലാം കാട്ടിത്തരും. രാത്രി തിരിച്ച് മുറിയിൽ കൊണ്ടാക്കുകയും ചെയ്യും. വില പേശിയാൽ എൺപത് രൂപ നിരക്കിൽ വരെ ടൂറിസ്റ്റുകളെ പ്രവേശിപ്പിച്ചിരുന്നവയാണ് കണ്ടക്റ്റഡ് ടൂർ നടത്തുന്ന മിനി ബസുകൾ. ഗൈഡ് പോക്കറ്റ് മണിക്കായി ചിലപ്പോൾ കൈ നീട്ടിയെന്നിരിക്കും. ആക്ഷേപ രഹിതമായി പ്രവർത്തിച്ചവയാണ് ഈ സംവിധാനം. ഇന്ത്യയിൽ കാൽ നൂറ്റാണ്ടിനിടയിൽ സാധാനങ്ങളുടെയും സേവനങ്ങളുടെയും നിരക്കിൽ ഗണ്യമായ മാറ്റമുണ്ടായി. 1992 ൽ നൂറ് രൂപയുണ്ടായിരുന്ന ടൂർ പാക്കേജ് നിരക്ക് അഞ്ഞൂറ് രൂപ വരെയായി ഉയർന്നു. എന്നിരുന്നാലും ആക്ഷേപങ്ങളൊന്നുമില്ലാതെ മുന്നേറുന്നതാണ് ഈ സംവിധാനം.
കർണാടക ടൂറിസം വികസന കോർപറേഷൻ ഒരുക്കുന്ന സിറ്റി ഹോളിഡേയ്സ് പാക്കേജിൽ ബംഗളൂരുവിലെയും മൈസൂരുവിലെയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം. ബംഗളൂരു ഫുൾ ഡേ ട്രിപ്പ്: രാജരാജേശ്വരി ക്ഷേത്രം, ബെന്നാർഘട്ട ബയോളജിക്കൽ പാർക്ക്, ചിത്രകലാ പരിഷത്, പ്ലാനറ്റോറിയം, വിധാൻ സൗധ, ഹൈക്കോടതി എന്നിവയും ബംഗളൂരു നഗരക്കാഴ്ചകളും സന്ദർശിക്കാം. ചൊവ്വാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ എട്ടിനു കോർപറേഷൻ സർക്കിളിനു സമീപത്തെ കെഎസ്ടിഡിസി ആസ്ഥാനമായ ബദാമി ഹൗസിനു മുന്നിൽനിന്ന് ആരംഭിക്കും. രാത്രി ഏഴിനു തിരിച്ചെത്തും.
ഡീലക്സ് ബസിന് 385 രൂപ, ഡീലക്സ് എ.ിക്ക് 435 രൂപ.
ബംഗളൂരു സിറ്റി ട്രിപ്പ്: ഇസ്കോൺ ക്ഷേത്രം, ഗവിഗംഗേധേശ്വര ക്ഷേത്രം, ബുൾ ക്ഷേത്രം, ടിപ്പു പാലസ്, ലാൽ ാഗ്, കബൺ പാർക്ക്, വെങ്കിട്ടപ്പ ആർട്ട് ഗാലറി, വിധാൻസൗധ, ഹൈക്കോടതി രാവിലെ എട്ടിനു ബദാമി ഹൗസിൽനിന്ന് പുറപ്പെട്ട് രാത്രി 7.30 ു തിരിച്ചെത്തും. ഡീലക്സ് ബസിന് 450 രൂപ. ഡീലക്സ് എസി ബസിന് 550 രൂപ.
മൈസൂരു സൈറ്റ് സീയിങ്: അംബാവിലാസ് പാലസ്, സെന്റ് ഫിലോമിനാസ് പള്ളി, ചാമുണ്ഡി ഹിൽസ്, മൃഗശാല, ജഗൻമോഹൻ പാലസ്, ആർട്ട് ഗാലറി, വൃന്ദാവൻ ഗാർഡൻസ്. രാവിലെ 6.30 ു ബംഗളൂരു ബദാമി ഹൗസിൽനിന്നു പുറപ്പെട്ട് രാത്രി 11.30 ു തിരിച്ചെത്തും. മൈസൂരുവിൽനിന്നു പുറപ്പെടുന്ന യാത്ര 8.30 ന് ആരംഭിക്കും. ഡീലക്സ് ബസിന് 650 രൂപ, എ.സി 50 രൂപ, വോൾവോ എ.സി 50 രൂപ.






