Sorry, you need to enable JavaScript to visit this website.

ഖശോഗി വധം: അഞ്ചു പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കുറ്റപത്രം

റിയാദ് - പ്രശസ്ത സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി തുർക്കി ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ വിചാരണ റിയാദ് ക്രിമിനൽ കോടതിയിൽ ആരംഭിച്ചതായി അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് അറിയിച്ചു. കേസിലെ ആദ്യ സിറ്റിംഗ് റിയാദ് കോടതിയിൽ ഇന്നലെ നടന്നു. പതിനൊന്നു പ്രതികളെയാണ് വിചാരണ ചെയ്യുന്നത്. പ്രതികളുടെ അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് വിചാരണ. കൊലപാതകത്തിൽ പങ്കുള്ള അഞ്ചു പ്രതികൾക്ക് വധശിക്ഷ വിധിക്കണമെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. മറ്റു പ്രതികൾക്ക് കുറ്റകൃത്യത്തിലെ പങ്കിനനുസരിച്ച് ശരീഅത്ത് അനുശാസിക്കുന്ന ശിക്ഷ വിധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾക്കെതിരായ പരാതി കേട്ട ശേഷം കുറ്റപത്രത്തിന്റെ കോപ്പി പ്രതികൾ ആവശ്യപ്പെട്ടു. കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിന് ഇവർ സാവകാശം തേടി. ഇതനുസരിച്ച് മറുപടി നൽകുന്നതിന് പ്രതികൾക്ക് സമയം അനുവദിച്ചു. കേസിലെ മറ്റേതാനും പ്രതികളെ ചോദ്യം ചെയ്യുന്നത് പബ്ലിക് പ്രോസിക്യൂഷൻ തുടരുകയാണ്. 
കേസ് പുരോഗതി അറിയിച്ചും കേസിന് സഹായകമായ തെളിവുകൾ കൈമാറാൻ ആവശ്യപ്പെട്ടും ഡിസംബർ 17 ന് തുർക്കി പബ്ലിക് പ്രോസിക്യൂഷന് സൗദി പബ്ലിക് പ്രോസിക്യൂഷൻ രണ്ടു കത്തുകൾ അയച്ചിരുന്നു. ഖശോഗി വധക്കേസിൽ തങ്ങളുടെ പക്കലുള്ള തെളിവുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇതിനു മുമ്പ് ഒക്‌ടോബർ 17 നും ഒക്‌ടോബർ 25 നും ഒക്‌ടോബർ 31 നും തുർക്കി പബ്ലിക് പ്രോസിക്യൂഷന് കത്തുകൾ അയച്ചിരുന്നു. ഇതിൽ തുർക്കി അധികൃതരുടെ ഭാഗത്തു നിന്ന് മറുപടി ലഭിക്കുന്നത് കാത്തിരിക്കുകയാണെന്നും സൗദി അറ്റോർണി ജനറൽ പറഞ്ഞു. 
ജമാൽ ഖശോഗിയെ ഒക്‌ടോബർ രണ്ടിന് തുർക്കി ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ വധിച്ച സംഭവത്തിൽ പതിനൊന്നു പേർക്കെതിരെ കുറ്റം ചുമത്തിയതായി അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസന്വേഷിക്കുന്ന സൗദി, തുർക്കി സംയുക്ത സംഘത്തിൽനിന്ന് ലഭിച്ച വിവരങ്ങളുടെയും സൗദി പബ്ലിക് പ്രോസിക്യൂഷൻ നടത്തുന്ന അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് പതിനൊന്നു പേർക്കെതിരെ കുറ്റം ചുമത്തിയത്. കേസിൽ ഇരുപത്തിയൊന്നു പേർ അറസ്റ്റിലായതായും അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് അറിയിച്ചിരുന്നു. 
ജമാൽ ഖശോഗിയെ വധിക്കാൻ ഉത്തരവിടുകയും കൊലപാതകം നടത്തുകയും ചെയ്ത അഞ്ചു പേർക്ക് വധശിക്ഷ വിധിക്കണമെന്നാണ് കുറ്റപത്രത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഉയർന്ന അളവിൽ മയക്കുമരുന്ന് കുത്തിവെച്ചാണ് ജമാൽ ഖശോഗിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സൗദിയിലേക്ക് മടങ്ങാൻ ജമാൽ ഖശോഗിയെ പ്രേരിപ്പിക്കുന്നതിനും ഇതിന് സമ്മതിക്കാത്ത പക്ഷം ബലം പ്രയോഗിച്ച് രാജ്യത്ത് എത്തിക്കുന്നതിനുമുള്ള ഉത്തരവ് സെപ്റ്റംബർ 29 ന് പുറപ്പെടുവിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മുൻ ജനറൽ ഇന്റലിജൻസ് ഉപമേധാവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദൗത്യം ഏൽപിക്കപ്പെട്ട സംഘത്തിന്റെ കമാണ്ടർക്കാണ് ഉത്തരവ് നൽകിയത്. 
സൗദി അറേബ്യയോട് ശത്രുത വെച്ചുപുലർത്തുന്ന ചില സംഘടനകളും രാജ്യങ്ങളും ജമാൽ ഖശോഗിയെ വിലക്കെടുത്തതായും ഖശോഗി വിദേശത്ത് കഴിയുന്നത് ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും കരുതി ഖശോഗിയെ സൗദിയിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കാൻ സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തു. 
ഖശോഗിയെ സൗദിയിലെത്തിക്കാൻ ബലപ്രയോഗം നടത്തേണ്ടിവരികയാണെങ്കിൽ തെളിവുകൾ നശിപ്പിക്കാൻ ഫോറൻസിക് വിദഗ്ധനുമായി ദൗത്യസംഘം നേതാവ് ആശയവിനിമയം നടത്തിയിരുന്നു. ചർച്ചകൾ പരാജയപ്പെടുന്ന പക്ഷം ഖശോഗിയെ കോൺസുലേറ്റിൽനിന്ന് തങ്ങളുദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് ഇസ്താംബൂൾ സൗദി കോൺസുലേറ്റ് പരിശോധിച്ച ചർച്ചാ ഗ്രൂപ്പ് നേതാവിന് വ്യക്തമായി. ഇതോടെയാണ് ചർച്ചകൾ പരാജയപ്പെടുന്ന പക്ഷം ജമാൽ ഖശോഗിയെ വധിക്കാൻ തീരുമാനിച്ചത്. 
കൈയാങ്കളിക്കും സംഘർഷത്തിനുമിടെ ഖശോഗിയെ ബന്ധിച്ച് വലിയ തോതിൽ മയക്കുമരുന്ന് കുത്തിവെച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ഉത്തരവിട്ട വ്യക്തിയും നടപ്പാക്കിയവരും അടക്കം അഞ്ചു പേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി. കൊലപാതകത്തിനു ശേഷം മൃതദേഹം വെട്ടിമുറിച്ച് ഇവർ കോൺസുലേറ്റ് കെട്ടിടത്തിന് പുറത്തേക്ക് നീക്കി. അഞ്ചു പേർ ചേർന്നാണ് മൃതദേഹം കോൺസുലേറ്റിൽ നിന്ന് പുറത്തു കടത്തിയത്. തുടർന്ന് മൃതദേഹം തുർക്കിയിലെ സഹായിക്ക് കൈമാറി. ജമാൽ ഖശോഗിയുടെ വസ്ത്രം ധരിക്കുകയും കോൺസുലേറ്റ് കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വസ്ത്രവും വാച്ചും കണ്ണടയും കുപ്പത്തൊട്ടിയിൽ വലിച്ചെറിയുകയും ചെയ്ത വ്യക്തിയെയും ഇയാളെ അനുഗമിച്ച മറ്റു രണ്ടു പേരെയും തിരിച്ചറിഞ്ഞു. ഇസ്താംബൂൾ സൗദി കോൺസുലേറ്റ് കെട്ടിടത്തിലെ നിരീക്ഷണ ക്യാമറകൾ പ്രവർത്തന രഹിതമാക്കിയ വ്യക്തിയെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അറ്റോർണി ജനറൽ നേരത്തെ അറിയിച്ചിരുന്നു. 

Latest News