അജയ് മാക്കന്‍ ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞു; ദേശീയ ചുമതലയിലേക്ക്

ന്യൂദല്‍ഹി- ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് അജയ് മാക്കന്‍ രാജിവെച്ചു. പ്രസിഡന്റ് രാഹുല്‍ ഗാന്ധി രാജി സ്വീകരിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 54കാരനായ മാക്കന്‍ നാലു വര്‍ഷം മുമ്പാണ് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തത്. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാണ് മാക്കന്റെ നീക്കമെന്ന് കരുതുന്നു.
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് മാക്കന്‍ രാജി പ്രഖ്യാപിച്ചത്. 2015ലെ തെരഞ്ഞെടുപ്പിനു ശേഷം അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത തനിക്ക് രാഹുല്‍ ഗാന്ധിയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അകമഴിഞ്ഞ സ്നേഹവും പിന്തുണയുമാണ് ലഭിച്ചതെന്ന് മാക്കന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
ദല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നു തവണ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മാക്കന്‍ അധ്യക്ഷ സ്ഥാനത്തെത്തിയത്.  
മൂന്നു മാസം മുമ്പ് ആരോഗ്യകാരണം ചൂണ്ടിക്കാട്ടി മാക്കന്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി നിഷേധിച്ചിരുന്നു. 2017 മേയില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റപ്പോഴും മാക്കന്‍ രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

 

Latest News