ന്യൂദൽഹി- പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലർത്തി പിന്നീട് വിവാഹം ചെയ്യുന്നതിൽനിന്ന് പിൻമാറിയതിന്റെ പേരിൽ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി.
ജസ്റ്റിസുമാരായ എ.കെ.സിക്രി, അബ്ദുന്നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഒരാൾ ഒരു സ്ത്രീയുമായി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലർത്തുകയും പിന്നീട് വിവാഹ വാഗ്ദാനം നിറവേറ്റാൻ കഴിയാതെ പോവുകയും ചെയ്താൽ അത്തരം കേസുകളെ ബലാത്സംഗ കേസുകളിൽ ഉൾപ്പെടുത്താനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഒരു നഴ്‌സ്, ഡോക്ടർക്കെതിരെ നൽകിയ കേസിലെ എഫ്.ഐ.ആർ റദ്ദാക്കി കൊണ്ടാണ് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവരും പരസ്പരം സമ്മതത്തോടുകൂടി ഒരുമിച്ച് ജീവിക്കുകയും ഡോക്ടർ പിന്നീട് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്തതിനെതിരെ നഴ്‌സ് നൽകിയ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. നേരത്തെ ബോംബെ ഹൈക്കോടതി ബലാത്സംഗ കുറ്റം റദ്ദാക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് ഡോക്ടർ സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നും തനിക്ക് പങ്കാളിയെ ആവശ്യമായതു കൊണ്ടാണ് ഒരുമിച്ച് ജീവിച്ചതെന്നും നഴ്‌സ് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചില സമയങ്ങളിൽ നഴ്‌സിന്റെ വീട്ടിലും മറ്റ് ചിലപ്പോൾ ഡോക്ടറുടെ റസിഡൻസിയിലും ഇരുവരും ഒരുമിച്ച് ജീവിച്ചു.
ചില സമയങ്ങളിൽ പിരിഞ്ഞു താമസിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഹരജിക്കാരൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതായി അറിഞ്ഞപ്പോഴാണ് യുവതി പരാതി നൽകിയത്. എന്നാൽ ഇതൊരിക്കിലും നിർബന്ധപൂർവം ബലാത്സംഗം ചെയ്തുവെന്ന തരത്തിലുള്ള പരാതിയാകില്ലെന്ന് കോടതി പറഞ്ഞു. ബലാത്സംഗവും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.