കോഴിക്കോട്- ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്ന കോഴിക്കോട് മിഠായിത്തെരുവില്‍ പരക്കെ അക്രമം. കടകള്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. കടകള്‍ തല്ലിത്തകര്‍ക്കുമ്പോള്‍ പോലീസ് നോക്കിനിന്നുവെന്ന് വ്യപാരികള്‍ പരാതിപ്പെട്ടു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് രണ്ടുതവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ബുധനാഴ്ച തന്നെ വ്യാപാരി സംഘടന പ്രഖ്യാപിച്ചിരുന്നു. പത്തു മണിയോടെ വ്യാപാരികള്‍ സംഘടിച്ചെത്തിയാണ് മിഠായിത്തെരുവിലെ കടകള്‍ തുറന്നത്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ കടയാണ് ആദ്യം തുറന്നത്. വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു.
ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം പരക്കെ അക്രമം നടക്കുകയാണ്. വഴി തടഞ്ഞും കടകളടപ്പിച്ചും ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയും തേര്‍വാഴ്ചയാണ് തുടരുന്നത്. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.ടയര്‍ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാര്‍ വഴിതടഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സി.പി.എം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. എറണാകുളം ജില്ലയിലെ ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു. മലപ്പുറം തവനൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. പാലക്കാട് വെണ്ണക്കരയിലും സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ആക്രമണമുണ്ടായി. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാസര്‍ക്കോട് നീലേശ്വരത്ത് ബിജെപി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി.
കോഴിക്കോട് പാലൂരില്‍ പട്രോളിംഗ് നടത്തിയിരുന്ന പയ്യോളി പോലീസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. ചില്ല് തകര്‍ന്ന് ഡ്രൈവര്‍ ഷനോജിനു പരിക്കേറ്റു. ബൈക്കില്‍ എത്തിയ രണ്ടു പേരാണ് കല്ല് എറിഞ്ഞത്.