മോഡിയുടെ അഭിമുഖം മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾക്കനുസരിച്ച്; ആരോപണവുമായി കോൺഗ്രസ്

ന്യൂദൽഹി- മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾ പ്രകാരമാണ് നരേന്ദ്ര മോഡിയുടെ അഭിമുഖം നടന്നത് എന്ന ആരോപണത്തിന് പിറകെ പ്രാധാനമന്ത്രിയോട് പത്തു ചോദ്യങ്ങൾ ചോദിച്ചു കോൺഗ്രസ്. അഭിമുഖം പുറത്തു വന്ന ഉടനെ കോൺഗ്രസ് വക്താവ് രണ് ദീപ് സുർജെവാല പത്ര സമ്മേളനം വിളിക്കുകയും അഭിമുഖം ഏകപക്ഷീയമാണെന്നു ആരോപിക്കുകയും ചെയ്തിരുന്നു. രാജ്യം നേരിടുന്ന സാമൂഹികരാഷ്ട്രീയസാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് അഭിമുഖത്തിൽ ഒന്നും ചോദിക്കപ്പെട്ടില്ലെന്നു സുർജെവാല പറഞ്ഞു. നടപ്പിലാവാത്ത വാഗ്ദാനങ്ങളെ കുറിച്ച് മോഡിയും ചോദ്യകർത്താവും നിശ്ശബ്ദരായിരുന്നു എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ ആരോപണം.

ഇവയാണ് പ്രധാനമന്ത്രിയോട് കോൺഗ്രസ് ചോദിച്ച പത്തു ചോദ്യങ്ങൾ. 

1. ആദ്യമായി ചോദിക്കുന്നത് പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാമെന്നു പറഞ്ഞ പതിനഞ്ചു ലക്ഷം രൂപയെക്കുറിച്ചാണ്. തെരഞ്ഞെടുപ്പ് കാലത്ത് താങ്കൾ പറഞ്ഞ പ്രകാരം ആരുടെയെങ്കിലും അക്കൗണ്ടിൽ പതിനഞ്ച് ലക്ഷം എത്തിയോ? പുതിയ സർക്കാർ അധികാരത്തിൽ വന്ന് നൂറു ദിവസത്തിനുള്ളിൽ 80 ലക്ഷം കോടി കള്ളപ്പണം തിരിച്ചു പിടിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. 55 മാസത്തിനുള്ളിൽ അത്തരത്തിൽ ഒരു രൂപയെങ്കിലും തിരിച്ചു വന്നോ?

2. തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത്, ഓരോ വർഷവും പുതിയ രണ്ട് കോടി തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നായിരുന്നു. 55 മാസത്തിനുള്ളിൽ 9 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതാണ്. 9 ലക്ഷം തൊഴിലുകളെങ്കിലും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ?

3. കർഷകർക്ക് 50 ശതമാനം അധിക ലാഭം ഉറപ്പുവരുത്തും എന്നായിരുന്നു വാഗ്ദാനം. അധികലാഭം പോവട്ടെ, രാജ്യത്തെ കർഷകർക്ക് മുടക്കുമുതൽ എങ്കിലും തിരിച്ചു കിട്ടുന്നുണ്ടോ?

4. കച്ചവട മേഖലയിലെ പ്രശ്‌നങ്ങൾ ലഘൂകരിക്കും എന്നായിരുന്നു വാഗ്ദാനം. പിന്നെ എന്തിനാണ് താങ്കൾ ജി എസ് ടിയിലൂടെ ഭീമമായ നികുതി കച്ചവടക്കാർക്ക് മേൽ ചുമത്തിയത്?

5. താങ്കൾ നടപ്പിലാക്കിയ നോട്ട് നിരോധനം കള്ളപ്പണക്കാരെ കയ്യിലുണ്ടായിരുന്ന കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചു. രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് 3.5 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായത്. ലക്ഷക്കണക്കിന് സ്ത്രീകളുടെയും വൃദ്ധരുടെയും സമ്പാദ്യം സർക്കാർ കൊള്ളയടിച്ചു. 124 പേർ മരിച്ചു. ഇതിനൊക്കെ ആര് സമാധാനം പറയും?

6. കഴിഞ്ഞ 55 മാസത്തിനിടെ ജമ്മു കശ്മീരിൽ 428 പട്ടാളക്കാർ കൊല്ലപ്പെട്ടു. 278 സാധാരണകാർക്കും ജീവൻ നഷ്ടപ്പെട്ടു. 248 പട്ടാളക്കാർക്കും 378 സാധാരണകാർക്കും മാവോയിസ്റ്റ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. എന്ത് കൊണ്ടാണ് ദേശീയ സുരക്ഷയെ താങ്കൾ ഗൗനിക്കാത്തത്?

7. അഴിമതി വർധിച്ചു എന്നത് സത്യമല്ലേ? രാജ്യത്തിന്റെ നിത്യജീവിതം മുതൽ 30,000 കോടിയുടെ റാഫേൽ ഇടപാടിൽ വരെ അഴിമതിയില്ലെന്ന് താങ്കൾ പറയുന്നു. അഴിമതിയില്ലെങ്കിൽ പിന്നെന്തു കൊണ്ടാണ് റാഫേൽ ഇടപാടിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം താങ്കൾ പ്രഖ്യാപിക്കാത്തത്?

8. ഗംഗ നദി മലിനീകരണ മുക്തമായോ? താങ്കളുടെ കേന്ദ്ര മലിനീകരണ ബോർഡ് പറയുന്നത് 49 ൽ 38 ഇടത്തും നദി ഇപ്പോഴും മലിനമാണെന്നാണ്. രാജ്യത്തെ സ്മാർട്ട് സിറ്റികളിൽ എത്രയെണ്ണം താങ്കൾ നിർമിച്ചു. ഒന്നു പോലുമുണ്ടാവില്ല.

9. കൊട്ടിഘോഷിച്ച സ്റ്റാർട്ടപ്പ് ഇന്ത്യക്ക് എന്ത് പറ്റി? സ്റ്റാൻഡ് അപ്, സ്‌കിൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ ഇവയുടെ ഒക്കെ സ്ഥിതി എന്താണ്? നീതി ആയോഗ് പറയുന്നു നിർമാണ മേഖലയിലെ വളർച്ച വെറും 0.5 ശതമാനമാണെന്ന്.

10. ആഗോള തലത്തിൽ ക്രൂഡ് ഓയിലിന്റെ വില താഴുമ്പോളും എന്ത് കൊണ്ടാണ് പെട്രോളിന്റെ വില കൂടുന്നത്?. ഇതാണോ താങ്കളുടെ അച്ചാ ദിൻ?

അഭിമുഖം പുറത്തു വന്നതിന് ശേഷം കോണ്ഗ്രസ്സിന്റെ ചോദ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.
 

Latest News