കഴിഞ്ഞ പൂജയുടെ അവധി ആഘോഷിക്കുവാനായിരുന്നു ഞങ്ങൾ രണ്ടു കുടുംബങ്ങൾ ചേർന്ന് ഒരു യാത്ര പോകുവാനായി തീരുമാനിച്ചത്. ശബരിമല പ്രശ്നത്തിൽ ഹർത്താൽ ആയിരുന്നതിനാൽ ആശങ്കയോടെ ആണ് യാത്ര ആരംഭിച്ചതെങ്കിലും സുരക്ഷിതമായി കേരള അതിർത്തി കടക്കാൻ കഴിഞ്ഞ ആശ്വാസത്തോടെ വഴിയരികിൽ പൂത്തുലഞ്ഞുനിന്ന ഒരു അരളിമരച്ചോട്ടിലിരുന്ന് കൂടെ കരുതിയ ഭക്ഷണം ആസ്വദിച്ച് കഴിച്ചു ഞങ്ങൾ കന്യാകുമാരിയിലേയ്ക്ക് യാത്ര തിരിച്ചു.
വിവേകാനന്ദ പാറയിലെത്തിയ ഞങ്ങൾക്ക്, കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച ആ ക്രാന്തദർശിയുടെ ആജ്ഞാ ശക്തിയുള്ള കണ്ണുകളിൽ നോക്കി 4ജി ആയിട്ടും ഞങ്ങൾക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നുറക്കെ പറയുവാൻ തോന്നി. തിരുക്കുറൽ രചിച്ച തിരുവള്ളുവരുടെ പ്രതിമയും ദർശിച്ചു ഞങ്ങൾ അസ്തമയം കാണാൻ കാത്തുനിന്നു. പ്രകാശം എന്ന അനുഗ്രഹം വാരിവിതറി ഇല്ലായ്മയുടെ സുഖം കൂടി ഒന്നറിയൂ എന്നോർമിപ്പിച്ചുകൊണ്ടു നാളെയുടെ പ്രതീക്ഷയും നൽകി സ്വയം മുങ്ങിത്താഴുന്ന സൂര്യാസ്തമയ കാഴ്ച മനോഹരമായിരുന്നു. രാത്രി പതിനൊന്നരയോടെ തൂത്തുക്കുടിയിൽ എത്തിച്ചേർന്ന ഞങ്ങളെ വരവേൽക്കാൻ കനത്ത മഴയുടെ താളമുണ്ടായിരുന്നു.
അടുത്ത ദിവസം രാമനാഥ ക്ഷേത്രം ദർശിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര ഇടനാഴിയും ഇന്ത്യയിൽ 12 ജ്യോതിർലിംഗങ്ങൾ ഉള്ളതിൽ ഒന്ന് സ്ഥിതി ചെയ്യുന്നതും രാമേശ്വരത്ത് ഉള്ള രാമനാഥ ക്ഷേത്രത്തിൽ ആണ്. പാമ്പൻ പാലത്തിലൂടെ സഞ്ചരിച്ച് രാമസേതു എന്ന അദ്ഭുതംകണ്ട് ഞങ്ങൾ ധനുഷ്കോടിയിലെത്തി.

പ്രകൃതിക്ഷോഭം ശ്മശാനമാക്കിയ അവിടെ ഉണക്കമീൻ സൂക്ഷിക്കുന്ന ചെറിയ കൊട്ടിലുകൾ മാത്രമേ കണ്ടുള്ളൂ. ആളുകൾ താമസിച്ചിരുന്നു എന്ന തെളിവായി അവിടവിടെ കുറച്ച് ഇഷ്ടികക്കൂട്ടങ്ങൾ കാണാം. ധനുഷ്കോടിയിൽ നിന്നും മുന്നോട്ട് യാത്ര സാധ്യമല്ല. കാരണം ശ്രീലങ്ക അവിടെ തുടങ്ങുകയാണ്.
വളരെ ഹൃദയസ്പർശിയായ കാഴ്ചകളായിരുന്നു രാമേശ്വരത്തു അബ്ദുൾ കലാം മ്യൂസിയം നൽകിയത്. മെഴുകിൽ ചിത്രീകരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ നിറകണ്ണുകളോടെ മാത്രമേ ദർശിക്കാൻ കഴിഞ്ഞുള്ളൂ. വേളാങ്കണ്ണി പള്ളി സന്ധ്യാ നേരം പ്രകാശത്തിൽ പൊതിഞ്ഞു നിൽക്കുന്ന കാഴ്ച മനോഹരം തന്നെ. അവിടെ നിന്നും നാഗൂർ സന്ദർശിച്ച ശേഷം ഞങ്ങൾ തൊട്ടടുത്ത ഹോട്ടൽ മുറിയിൽ തങ്ങി. എയർകണ്ടീഷന്റെ തണുപ്പ് എന്റെ ഉറക്കത്തെ മരവിപ്പിച്ചു. പതിവായി എന്റെ ജനാലവിരികളെ വകഞ്ഞുമാറ്റി സധൈര്യം എന്നെ തഴുകാൻ വരുന്ന, പിച്ചിപ്പൂ മണമുള്ള തെന്നലിൽ മയങ്ങാറുള്ള എന്റെ കൺപീലികൾ അന്ന് കാണിച്ച വാശിയിലെനിക്ക് ശാസിക്കാനും കഴിഞ്ഞില്ല.
മധുര മീനാക്ഷി ക്ഷേത്രത്തിലെ കൊത്തുപണികൾ അത്ഭുതത്തോടെയല്ലാതെ നോക്കിനിൽക്കാനാകുമായിരുന്നില്ല.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങളിൽ എല്ലാം തന്നെ സുഗന്ധം പരത്തുന്ന മുല്ലപ്പൂക്കൾ എനിക്ക് കാണാൻ കഴിഞ്ഞു. ജയന്തിയുടെയോ ജമീലയുടെയോ ജോസഫിന്റെയോ കൈകൾ പരിപാലിച്ച പൂക്കൾ ആകാം ഇവ.
ഇവിടെ കുറിച്ചതിൽ ഏറെ ആണ് കുറിക്കാൻ ഉള്ളത്. മടക്ക യാത്രയിൽ മനസ്സിനെ അലട്ടിയ ഒരു ചോദ്യം ഇതായിരുന്നു- നമ്മൾ എല്ലാപേരും ഒരേ ചരടിൽ കോർത്ത പൂക്കൾ ആകുന്ന കാലം വരുമോ?






