'ഒരു നാൾ പൊടുന്നനവെ' അഥവാ ഏക് ദിൻ അചാനക് എന്ന സിനിമയായിരിക്കണം മൃണാൾ ദായുടെ മാസ്റ്റർപീസുകളിലൊന്ന്. പാരലൽ സിനിമയുടെ വിപ്ലവ ദൗത്യവുമായി കേരളത്തിൽ ഫിലിം സൊസൈറ്റികൾ തളിർത്തു വന്ന കാലഘട്ടത്തിൽ സത്യജിത് റേ, ഋത്വിക് ഘാട്ടക് തുടങ്ങിയവരുടെ ബംഗാളി സിനിമകൾക്കൊപ്പം മൃണാൾ സെന്നിന്റെ സിനിമകളും യുവതലമുറയ്ക്ക് ആവേശമായി. ആകാശങ്ങളിൽ ഇടിമുഴക്കം എന്നർഥം വരുന്ന അശനിസങ്കേത് എന്ന റേ സിനിമ തിയേറ്ററുകൾ കീഴടക്കിയപ്പോൾ ഇന്ത്യൻ ദാരിദ്ര്യത്തിന്റെ പരിതോവസ്ഥകൾ ചിത്രീകരിച്ച മൃണാൾ സെന്നിന്റെ സിനിമകൾ ഒരു പ്രത്യേക വിഭാഗം പ്രേക്ഷകർ മാത്രം നെഞ്ചേറ്റുന്ന കാഴ്ചയാണ് എഴുപതുകളുടെ അവസാനം കണ്ടത്. പക്ഷേ പിന്നീട് ചിത്രം മാറി. മൃണാൾ സെന്നിന്റെ മരണ വാർത്ത വായിച്ച ദ ടെലഗ്രാഫ് ഓൺലൈൻ വായനക്കാരിലൊരാൾ പ്രതികരിച്ചതിങ്ങനെ: ബംഗാളിന്റെ ദാരിദ്ര്യം പുറംലോകത്തേക്ക് കയറ്റി അയച്ചെങ്കിലും കമ്യൂണിസത്തിന്റെ വീര്യം സിരകളിൽ നിന്നുപേക്ഷിക്കാത്ത, ഇന്ത്യയുടെ ആത്മാവ് തിരിച്ചറിഞ്ഞ സംവിധായക പ്രതിഭയാണ് പ്രിയപ്പെട്ട മൃണാൾ ദാ.. കൊൽക്കത്ത - 71, എഴുപതുകളുടെ അറുതിയിലെ ഇന്ത്യൻ യുവത്വത്തിന്റെ യഥാതഥ ജീവിത ചിത്രീകരണമായിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകൾ: ഇന്ത്യൻ സിനിമയെ വിപ്ലവവൽക്കരിച്ച മഹാപ്രതിഭയാണ് വിട വാങ്ങിയത്.
മൃണാൾ സെന്നിന്റെ മറ്റൊരു ഉജ്വല ചിത്രമാണ് ഹിന്ദിയിൽ നിർമിച്ച ഭുവൻഷോം. ഈ പടം വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചതോടെയാണ് മൃണാൾ സെൻ വിശ്വ സിനിമയുടെ നെറുകയിലേക്കുയർന്നത്.
പിന്നീട് കാൻ, ബെർലിൻ, കാർലോ വിവാരി തുടങ്ങിയ മേളകളിലെ പുരസ്കാരങ്ങളും സെന്നിനെ തേടിയെത്തി. കാനിലും ബെർലിനിലും ജൂറി അംഗവുമായിരുന്നു. ഐഎഫ്എഫ്ഐയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ സെന്നിന്റെ അകാലേർ സന്ധനെ പ്രദർശിപ്പിച്ചപ്പോൾ പടം തുടങ്ങും മുമ്പ് സ്റ്റേജിലെത്തിയ മൃണാൾ സെൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ട് പറഞ്ഞു: ദിസ് ഈസ് എ ഹോട്ട് ഫിലിം. ലാബിൽനിന്ന് നേരെ ഇവിടെ എത്തിച്ച പ്രിന്റാണ്. അതുകൊണ്ട് അൽപം ചൂടുണ്ടാകും.
സമാന്തര സിനിമയുടെ കാലഘട്ടത്തിൽ ബ്ലാക്ക് ആന്റ് വൈറ്റ് ദൃശ്യങ്ങൾ കൊണ്ട് അഭ്രപാളികളിൽ കവിത രചിച്ച ചലച്ചിത്രകാരൻ കൂടിയായിരുന്നു മൃണാൾ ദാ.
പത്രപ്രവർത്തകനായും മെഡിക്കൽ റെപ്രസന്റേറ്റീവായും കൊൽക്കത്ത ഫിലിം സ്റ്റുഡിയോയിൽ ഓഡിയോ ടെക്നിഷ്യനായും ജോലി ചെയ്ത ഭൂതകാലം മൃണാൾ സെന്നിനുണ്ട്.
1955 ൽ ആദ്യ ഫീച്ചർ സിനിമ രാത്ത് ബോറെ' സംവിധാനം ചെയ്തു. നീൽ ആകാഷെർ നീചെ എന്ന രണ്ടാമത്തെ ചിത്രം പ്രാദേശികമായ അംഗീകാരവും മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രാവണ രാജ്യാന്തര ശ്രദ്ധയും നേടി. ഭുവൻഷോം ദേശീയ രാജ്യന്തര രംഗത്ത് നിരവധി അവാർഡുകൾ നേടുകയും ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അവ യശോസ്തംഭങ്ങളായി ഉയർന്നു നിൽക്കുകയം ചെയ്യുന്നു.
എന്റെ പ്രതിയോഗിയെ ഞാൻ എന്റെ അകത്ത് തന്നെ തെരയുന്നു എന്നാണ് മൃണാൾ ദാ പറഞ്ഞിരുന്നത്. ഒരിക്കൽ അദ്ദേഹം എഴുതി: 'എവരി ആർട്ട് ഇസ് പ്രൊപ്പഗാന്റ ബട്ട് എവരി പ്രൊപ്പഗാന്റ ഈസ് നോട്ട് ആർട്ട്.' എല്ലാ സിനിമയിലും രാഷ്ട്രീയമുണ്ട്. ചിലത് പ്രതിലോമപരമാണെന്നു മാത്രം. സിനിമയെക്കുറിച്ചായാലും രാഷ്ട്രീയത്തെക്കുറിച്ചായാലും അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന സ്വഭാവമായിരുന്നു മൃണാൾ സെന്നിന്റേത്.
സെന്നിന്റെ മൃഗയയിലെ അഭിനയത്തിന് മുൻ നക്സലൈറ്റും പിന്നീട് വലതുപക്ഷ ചേരിയിലേക്ക് മാറുകയും ചെയ്ത പ്രസിദ്ധനടൻ മിഥുൻ ചക്രവർത്തിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. സത്യജിത് റേയെ പോലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സെൻ അഞ്ച് തവണ നേടിയിട്ടുണ്ട്. അവസാന രചനകളിൽ ഏറെ ശ്രദ്ധേയമായ പടങ്ങളിലൊന്നാണ് ലോക രാഷ്ട്രീയം ചർച്ച ചെയ്യുന്ന 'അമർ ഭുവൻ'.
ഇന്ത്യൻ രാഷ്ട്രീയ സിനിമയുടെ പ്രയോക്താവ് കൂടിയായിരുന്നു, പുതുവർഷം പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ മരണത്തിലേക്ക് മറഞ്ഞ ഈ മഹാപ്രതിഭ.