ദുബായ്- രാജ്യത്തിന്റെ സൽപേരിന് കളങ്കം വരുത്താൻ ശ്രമിച്ചുവെന്ന കേസിൽ യു.എ.ഇ പൗരന് പത്ത് വർഷം തടവു ശിക്ഷ വിധിച്ച് അബുദാബി സുപ്രീം കോടതി. സുപ്രീം കോടതിക്ക് കീഴിലെ രാജ്യ സുരക്ഷാ കോടതിയാണ് അഹ്മദ് മൻസൂർ അൽ ശഹ്ഹി എന്ന യു.എ.ഇ പൗരന്റെ ശിക്ഷ ശരിവെച്ചത്. 48 കാരനായ അഹ്മദ് മൻസൂർ സാമൂഹ്യ മാധ്യമങ്ങളായ ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും രാജ്യത്തിന് കളങ്കമുണ്ടാക്കുന്ന വിധം ദുഷ്പ്രചാരണം നടത്തി എന്നാണ് കേസ്. കോടതി പത്ത് ലക്ഷം പിഴയും ചുമത്തി. ശിക്ഷ വിധിച്ച ശേഷം പ്രതിയുടെ കയ്യിലുളള ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടു കെട്ടാൻ കോടതി ഉത്തരവിട്ടു.
2017 മാർച്ചിലാണ് മൻസൂർ യു എ ഇ പോലീസിന്റെ പിടിയിലാവുന്നത്. യു എ ഇയുടെ സൽപ്പേരിന് കളങ്കം വരുത്തി, യു എ ഇക്കെതിരെ ഓൺലൈൻ വിദ്വേഷ പ്രചാരണം നടത്തി, അയൽ രാജ്യങ്ങളുമായുളള ബന്ധത്തെ ബാധിക്കുന്ന രീതിയിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയവയായിരുന്നു അഹ്മദ് മൻസൂറിനെതിരെ ചുമത്തിയ കുറ്റങ്ങൾ.
യു എ ഇക്ക് പുറത്ത് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളുമായി ചേർന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി എന്ന കുറ്റവും ചുമത്തിയിരുന്നു. ഗൂഢാലോചനാക്കുറ്റത്തിൽ കോടതി പ്രതിയെ കുറ്റ വിമുക്തനാക്കി.
2011 ൽ സമാനമായ കുറ്റങ്ങൾ ചുമത്തപ്പെട്ട് പ്രതി അറസ്റ്റിലായിരുന്നു. അന്താരാഷ്ട്ര രാഷ്ട്രീയ സംഘടനകളുമായി ബന്ധപ്പെട്ടു എന്നും യു എ ഇ നേതാക്കളെ പ്രസംഗങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അപകീർത്തിപ്പെടുത്തി എന്നുമായിരുന്നു കുറ്റം. അബുദാബി കോടതി മൂന്ന് വർഷം തടവു ശിക്ഷ വിധിച്ചെങ്കിലും മാപ്പ് നൽകപ്പെട്ടതിനാൽ പ്രതി ജയിൽ മോചിതനാവുകയായിരുന്നു. അഹ്മദ് മൻസൂറിനൊപ്പം നാസർ ബിൻ ഗൈസ്, ഫഹദ് സാലിം ദൽക്, ഹസ്സൻ അലി അൽ ഖാമിസ്, അഹ്മദ് അബ്ദുൽ ഖാലിക് എന്നിവർ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
സൈബർ കുറ്റകൃത്യങ്ങൾക്ക് യു എ ഇ നിയമപ്രകാരം ചുരുങ്ങിയത് പത്ത് വർഷം തടവ് ലഭിക്കും. ജയിൽ മോചിതനായാൽ മൂന്ന് വർഷം വരെ പ്രതി നിരീക്ഷണത്തിലായിരിക്കും.






