Sorry, you need to enable JavaScript to visit this website.

റാസല്‍ഖൈമയില്‍ രക്ഷാപ്രവര്‍ത്തന കോപ്റ്റര്‍ സിപ് ലൈനില്‍ തട്ടിത്തകര്‍ന്നു വീണ് നാലു മരണം - Video

ദുബായ്- റാസല്‍ ഖൈമയിലെ ജബല്‍ ജയ്‌സ് പര്‍വ്വതനിരകളില്‍ യുഎഇ രക്ഷാപ്രവര്‍ത്തന ഏജന്‍സിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്ന് സ്വദേശികളും ഒരു വിദേശിയും കൊല്ലപ്പെട്ടു. യുഎഇയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ജബല്‍ ജയ്‌സിലെ ലോകത്തെ ഏറ്റവും വലിയ സിപ് ലൈനില്‍ തട്ടിയാണ് കോപ്റ്റര്‍ തകര്‍ന്നു വീണു കത്തിയമര്‍ന്നത്. പൈലറ്റുമാരായ സഖ്ര്‍ സഈദ് മുഹമ്മദ് അബ്ദുല്ല അല്‍ യമാഹി, ഹമീദ് മുഹമ്മദ് ഉബൈദ് അല്‍ സാബി, നേവിഗേറ്റര്‍ ജസീം അബ്ദുല്ല അലി തുനൈജി എന്നീ ഇമാറാത്തികളും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു നഴ്‌സ് മാര്‍ക്ക് റോക്‌സ്ബര്‍ഗുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. യുഎഇ നാഷണല്‍ സെര്‍ച് ആന്റ് റെസ്‌ക്യൂ സെന്ററിന്റെ രക്ഷാപ്രവര്‍ത്തന കോപ്റ്റാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ഒരു രക്ഷാ പ്രവര്‍ത്തന ദൗത്യത്തിനിടെയാണ് ദുരന്തം.

പറക്കുന്നതിനിടെ ഉയരത്തിലുള്ള സിപ് ലൈനില്‍ തട്ടിയ കോപ്റ്റര്‍ കീഴ്‌മേല്‍ മറിഞ്ഞാണ് പര്‍വ്വതനിരകളില്‍ നിലംപൊത്തിയത്. വലിയ അഗ്നിഗോളമായി കത്തിയമരുകയും ചെയ്തു. സിപ് ലൈനില്‍ റെയ്ഡിനെത്തിയവര്‍ക്ക് അപകടത്തില്‍ പരിക്കില്ലെന്ന് റാസല്‍ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. സിപ് ലൈന്‍ പ്രവര്‍ത്തനം നിര്‍ത്തി ഒരു മണിക്കൂറോളം പിന്നിട്ടപ്പോഴാണ് കോപ്റ്റര്‍ ഇടിച്ചതെന്നും അതോറിറ്റി അറിയിച്ചു. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമാണ് ജബല്‍ ജയ്‌സ്.

സംഭവത്തെ തുടര്‍ന്ന് സിപ് ലൈന്‍ അടച്ചിട്ടു. ഇനി ഒരു അറിയിപ്പുണ്ടായിരിക്കുന്നതു വരെ സിപ് ലൈന്‍ പ്രവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. 

Latest News