'ഏക രക്ഷിതാക്കളായ' പുരുഷ ജീവനക്കാര്‍ക്കും ശിശുപരിപാലന അവധി അതായത് സിസിഎല്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വീസ് കാലയളവില്‍ ആകെ 730 ദിവസം ഈ അവധി എടുക്കാം. നിലവില്‍ വനിതാ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. വിവാഹം കഴിക്കാതെ കുട്ടികള്‍ ഉള്ളതോ, വിഭാര്യനോ, വിവാഹമോചനം നേടിയതോ ആയ പുരുഷന്‍മാര്‍ക്കാണ് ഇനി ഈ ആനുകൂല്യം ലഭിക്കുന്നത്. 2 കുട്ടികള്‍ക്കു വരെയാണ് ആനുകൂല്യം ലഭിക്കുക. മുമ്പ് സ്ത്രീകള്‍ക്ക് മാത്രമാണ് ശിശു പരിപാലന അവധി ലഭിച്ചിരുന്നത്. സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ മൂന്നു തവണയായി കുട്ടികളുടെ സംരക്ഷണത്തിനായി അവധി ലഭിച്ചിരുന്നു. കുട്ടികളുടെ ആരോഗ്യം, മാനസിക വികസനം എന്നിവ മുന്‍നിര്‍ത്തിയാണ് അമ്മമാര്‍ക്ക് അവധി അനുവദിച്ചിരുന്നത്.
പുരുഷനു കൂടി സിസിഎല്‍ ബാധകമാക്കുന്ന പുതിയ ഉത്തരവില്‍ 730 ദിവസത്തെ അവധിയുടെ 2ാം പകുതിയില്‍ ശമ്പളത്തില്‍ 15% കുറയുമെന്ന വ്യവസ്ഥ കൂടിയുണ്ട്. ലീവ് എടുക്കുന്നതിനു തൊട്ടു മുന്‍പുള്ള നിരക്കില്‍ പൂര്‍ണ ശമ്പളത്തോടെയുള്ള അവധിയാണു മുന്‍പുള്ള ചട്ടമെങ്കിലും ഭേദഗതി ചെയ്ത ചട്ടപ്രകാരം ആദ്യത്തെ 365 ദിവസം 100 % ശമ്പളവും പിന്നീടുള്ള 365 ദിവസം 85% ശമ്പളവും ലഭിക്കും. വര്‍ഷത്തില്‍ 3 തവണയായാണ് സിസിഎല്‍ എടുക്കാന്‍ കഴിയുക.