രഹ്‌ന ഫാത്തിമയുടെ ഫലം  പ്രസിദ്ധീകരിക്കൂ-ഹൈക്കോടതി 

സ്ഥാനക്കയറ്റത്തിനായി രഹ്‌ന ഫാത്തിമ  എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി. ബിഎസ്എന്‍എല്‍ ജൂനിയര്‍ എന്‍ജീനീയര്‍ തസ്തികയിലേയ്ക്ക് നടന്ന പരീക്ഷയില്‍ വിവാദ സംഭവങ്ങള്‍ക്കു പിന്നാലെ പരീക്ഷ ഫലം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ചുണ്ടിക്കാട്ടി രഹ്‌ന ഫാത്തിമ  നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. പരീക്ഷ വിജയിച്ചിട്ടുണ്ടെങ്കില്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. 
പാലാരിവട്ടം എക്‌സ്‌ചേഞ്ചില്‍ ടെലികോം ടെക്‌നീഷ്യനായിരിക്കെയാണ് രഹ്‌ന വകുപ്പുതല പരീക്ഷ എഴുതിയത്. പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെ ശബരിമല വിഷയത്തില്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്‌ന ഫാത്തിമ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചുവെങ്കിലുംപരീക്ഷഫലം തടഞ്ഞുവെയ്ക്കുകയായിരുന്നു. 
പരീക്ഷയില്‍ താന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അര്‍ഹയാണെന്നും ഇതിന് അനുമതി നല്‍കണമെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്ത്രീ പ്രവേശന വിധിക്കു പിന്നാലെയാണ് രഹ്‌ന ഫാത്തിമ  ശബരിമല ദര്‍ശനത്തിനെത്തിയത്. പോലീസ് സുരക്ഷയില്‍ നടപ്പന്തല്‍ വരെയെത്തിയെങ്കിലും വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരികെ മടങ്ങുകയായിരുന്നു. സംഭവം വന്‍ വിവാദമായതോടെ രഹ്‌ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സ്ഥലം മാറ്റിയിരുന്നു. 

Latest News