പൊടിക്കാറ്റിന്റെ ഓർമയിൽ

വലിയ പ്രതീക്ഷയോടെ ഏഷ്യൻ കപ്പ് ഫുട്‌ബോളിന് ഒരുങ്ങുകയാണ് ഇന്ത്യ. 
കഴിഞ്ഞ 34 വർഷത്തിനിടയിൽ രണ്ടാം തവണയാണ് ഇന്ത്യക്ക് ഏഷ്യൻ 
ഫുട്‌ബോളിലെ വമ്പന്മാരുമായി തോളോടു തോൾ ചേർന്നു നിൽക്കാൻ അവസരം 
ലഭിക്കുന്നത്. 2011 ൽ ഇന്ത്യക്കു വേണ്ടി ഏഷ്യൻ കപ്പ് കളിച്ച ഒരാൾ ഇപ്പോൾ 
കണ്ണൂർ സീനിയർ ഡിവിഷൻ ലീഗിൽ കളിക്കുന്നുണ്ട് -എൻ.പി പ്രദീപ്. 
ഇന്ത്യയുടെ ഓൾറൗണ്ടറുമായി ഒരു കൂടിക്കാഴ്ച. 

2006 ലായിരുന്നു എൻ.പി പ്രദീപുമായുള്ള അവസാന കൂടിക്കാഴ്ച, ജിദ്ദ മദീന റോഡിലെ റാഡിസൻ ഹോട്ടലിൽ വെച്ച്. സൗദി അറേബ്യയുമായി സൗഹൃദ മത്സരം കളിക്കാനെത്തിയതായിരുന്നു പ്രദീപ് ഉൾപ്പെട്ട ഇന്ത്യൻ ടീം. ജിദ്ദയിൽ അന്ന് വീശിയടിച്ച പൊടിക്കാറ്റ് ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങളെ വല്ലാതെ ബാധിച്ചു. പരിശീലനം നടത്താൻ അവസരം കിട്ടാതെയാണ് കൊടും ചൂടിൽ ടീം കളിക്കാനിറങ്ങിയത്. എന്നിട്ടും പത്താം മിനിറ്റിൽ മഞ്ജു നഞ്ജുംഗുഡിലൂടെ ഇന്ത്യ ആതിഥേയരെ ഞെട്ടിച്ചു. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ തുടക്കം മാത്രമായിരുന്നു അത്. ഇരുപത്തിനാലാം മിനിറ്റിൽ സാലിഹ് ബഷീറിലൂടെ സൗദി ഗോൾ മടക്കി. വീശിയടിച്ച സൗദിയുടെ ആക്രമണക്കാറ്റിൽ പിന്നീട് ഇന്ത്യൻ പ്രതിരോധത്തിന്റെ അടിയിളകി. ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് ഇന്ത്യ അടിയറവ് പറഞ്ഞു. 
ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ കൂടുതൽ കരുത്താർജിച്ചാണ് ഇന്ത്യ ഏഷ്യൻ കപ്പിന് ഇറങ്ങുന്നത്. ഫിഫ റാങ്കിംഗിൽ ഇന്ത്യ വളരെയേറെ മുന്നേറി. ഏഷ്യാ കപ്പിന് നേരിട്ട് യോഗ്യത നേടി. പ്രദീപും അതിനു ശേഷം ജീവിതവഴിയിൽ ഒരുപാട് സഞ്ചരിച്ചു. തൊടുപുഴക്കാരനായ പ്രദീപ് ഇപ്പോൾ കണ്ണൂർക്കാരനാണ്. 2011 ലെ ഏഷ്യാ കപ്പിനു ശേഷം പ്രദീപ് വിവ കേരളയിലെത്തി. വിവ അന്ന് ദേശീയ ലീഗിൽ തരംതാഴ്ത്തലിന്റെ വക്കിലായിരുന്നു. പ്രദീപിന്റെ കരുത്തിൽ അവർ ആ സീസണിൽ ശക്തമായി തിരിച്ചുവന്നു. കണ്ണൂരിലായിരുന്നു വിവയുടെ ഹോം ഗ്രൗണ്ട്. കണ്ണൂർ അഴീക്കോട് ചാലിൽ പ്രദീപ് തന്റെ ജീവിതസഖി  ബ്യൂലയെ കണ്ടെത്തി. ഇപ്പോൾ ആറു വയസ്സുള്ള ആൻ ജെറിക്ക എന്ന മകളുണ്ട് പ്രദീപിന്. പ്രദീപ് ഇപ്പോൾ സീനിയർ ഡിവിഷൻ ലീഗിൽ സ്പിരിറ്റഡ് യൂത്ത്‌സിന് കളിക്കുന്നു, സായാഹ്നങ്ങളിലും ഞായറാഴ്ചകളിലും കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു. 

? എന്താണ് 2011 ലെ ഏഷ്യൻ കപ്പിനെക്കുറിച്ച് ഓർമയിൽ തങ്ങിനിൽക്കുന്നത്
ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ടിം കഹീൽ ഉൾപ്പെടെ കളിക്കാരുമായി പരിചയപ്പെടാനായതാണ് ഏറ്റവും വലിയ നേട്ടം. ഇന്ത്യയുടെ കളികൾ വീക്ഷിച്ച് ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തുമായിരുന്നു കഹീൽ. കഴിഞ്ഞ ലോകകപ്പോടെ വിരമിച്ച കഹീൽ ഇപ്പോൾ ഐ.എസ്.എല്ലിൽ ജാംഷഡ്പൂർ എഫ്.സിക്കു കളിക്കുന്നുണ്ട്. 

? ആ ഇന്ത്യൻ ടീം മൂന്നു കളികളും തോൽക്കുകയായിരുന്നു
ഏഷ്യൻ കപ്പിലെ മൂന്നു കളികളും തോറ്റെങ്കിലും ബോബ് ഹൗട്ടന്റെ കീഴിലുള്ള മുന്നേറ്റമാണ് ഇപ്പോഴത്തെ ഇന്ത്യൻ കുതിപ്പിന് കാരണം. ഇന്ത്യൻ ഫുട്‌ബോളിൽ വലിയ മാറ്റങ്ങൾക്കു തുടക്കമിട്ട കോച്ചാണ് ഹൗട്ടൻ. ടീമിലുള്ള കളിക്കാരായാലും പുറത്തുള്ള കളിക്കാരായാലും ആരും ഹൗട്ടനെക്കുറിച്ച് മോശം പറയില്ല. ഹൗട്ടൻ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കുമ്പോൾ സുനിൽ ഛേത്രി അഞ്ചാമത്തെ സ്‌ട്രൈക്കറായിരുന്നു. ഛേത്രിയെ കിടയറ്റ സ്‌ട്രൈക്കറാക്കി മാറ്റിയതിൽ ഹൗട്ടന് വലിയ പങ്കുണ്ട്. ഇന്ത്യൻ ആരോസ് എന്ന ഇന്ത്യൻ യൂത്ത് ടീമിനെക്കുറിച്ച സങ്കൽപം ഹൗട്ടന്റേതായിരുന്നു. 

? ജോപോൾ അഞ്ചേരിയെ പോലെ പല പൊസിഷനുകളിൽ കോച്ചുമാർ കളിപ്പിച്ചു. ഇത് ഗുണമാണോ ദോഷമാണോ ചെയ്തത്
തീർച്ചയായും ഗുണം തന്നെ. ജോപോൾ ഗോൾകീപ്പർ പോലുമായിട്ടുണ്ട്. എനിക്ക് അത് സാധിച്ചില്ല. 2005 ൽ ടീമിലെത്തുമ്പോൾ വിംഗ് ബാക്കായാണ് കളിച്ചിരുന്നത്. പിന്നീട് സ്റ്റോപ്പർ ബാക്കായി. ജപ്പാനെതിരെയാണ് ആദ്യമായി മധ്യനിരയിൽ എന്നെ പരീക്ഷിച്ചത്. അത് വലിയ വിജയമായി. 

? റിലയൻസ് ഫൗണ്ടേഷന്റെയും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെയും സ്‌കൗടായി പ്രവർത്തിച്ചിരുന്നുവല്ലോ. എങ്ങനെയാണ് ഈ രംഗത്തെത്തിയത്, എങ്ങനെയാണ് ഒരു കളിക്കാരനിലെ പ്രതിഭ കണ്ടെത്തുക?
എങ്ങനെയാണ് സ്‌കൗടായി പ്രവർത്തിക്കുക എന്ന് റിലയൻസിന്റെ ഒരു പരിശീലനത്തിൽ നിന്നാണ് മനസ്സിലായത്. ഹോളണ്ടിൽ നിന്നുള്ള പ്രമുഖരാണ് ആ പരിശീലന ക്യാമ്പ് നയിച്ചത്. പലഘടകങ്ങൾ നോക്കിയാണ് ഒരു കളിക്കാരന്റെ യഥാർഥ പ്രതിഭ തിരിച്ചറിയുക. നല്ല സാങ്കേതികത്തികവുള്ള കളിക്കാരൻ ചിലപ്പോൾ ടീമിന് അത്ര വലിയ ഗുണം ചെയ്‌തെന്നു വരില്ല. അൽപം സ്‌കിൽ കുറയാവാലും ടീമിന് ഗുണം ചെയ്യുന്ന കളിക്കാരെയാണ് നോക്കാറ്.

? സഹൽ അബ്ദുൽസമദ്, ജിഷ്ണു ഉൾപ്പെടെ കളിക്കാരെ കണ്ടെത്തുന്നതിൽ പങ്കുവഹിച്ചു. എങ്ങനെയാണ് ഇവരെ കണ്ടെത്തിയത്. 
അണ്ടർ-21 സംസ്ഥാന ടൂർണമെന്റിൽ നിന്നാണ് സഹൽ ഉൾപ്പെടെ 10 പേരെ നിർദേശിച്ചത്. ആ സീസണിൽ അവരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ട്രയൽസിന് ക്ഷണിച്ചിരുന്നില്ല. പിറ്റേ വർഷം അവസരം കിട്ടി. കേരളത്തിലെ ഇരുനൂറോളം അക്കാദമികളിൽ നിന്ന് കളിക്കാരെ കണ്ടെത്തുന്നുണ്ട്. കോഴിക്കോട് മാത്രം പതിനാറോളം അക്കാദമികളുണ്ട്. 

? പുതിയ കളിക്കാരിൽ ശ്രദ്ധിക്കപ്പെടുന്നവർ ആരാണ്
അണ്ടർ-17 ലോകകപ്പിൽ കളിച്ച മലയാളി താരം കെ.പി രാഹുൽ നല്ല ഭാവിയുള്ള കളിക്കാരനാണ്. ഇതിനകം ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തേണ്ടതായിരുന്നു രാഹുൽ. ആൽവിൻ ജോർജും നല്ല കളിക്കാരനാണ്. 

? എന്താണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സംഭവിച്ചത്
ഓരോ കോച്ചിന് അനുസരിച്ചാണ് ടീമുകൾ കളിക്കുന്നത്. ഐ.എസ്.എല്ലിൽ പ്രധാനമായും പോർചുഗീസ്, ഇംഗ്ലിഷ് കോച്ചുമാരാണ് ഉള്ളത്. ഈ രണ്ട് ശൈലികളിലാണ് പ്രധാനമായും ടീമുകളുടെ വിന്യാസം. ഡയരക്ട് ഫുട്‌ബോളാണ് ഇംഗ്ലിഷ് ശൈലി. ഹോൾഡിംഗ് മിഡ്ഫീൽഡറുടെ പ്രാധാന്യം ഡേവിഡ് ജെയിംസ് മനസ്സിലാക്കുന്നില്ല. മെഹ്താബ് ഹുസൈനെ കൈവിട്ടപ്പോൾ അതുപോലൊരു കളിക്കാരനെ കൊണ്ടുവരാൻ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചില്ല. ആ കുറവ് നിറഞ്ഞുനിൽക്കുന്നുണ്ട്. സന്ദേശ് ജിംഗാനെക്കുറിച്ച് വലിയ മഹിമ പറയുന്നുണ്ടെങ്കിലും അതിന് മാത്രം കഴിവുള്ള കളിക്കാരനല്ല. അനസ് എടത്തൊടിക നിരന്തരം പരിക്കിലുമാണ്.

? ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ സാധ്യതയെക്കുറിച്ച്
തായ്‌ലന്റ് തോൽപിക്കാവുന്ന ടീമാണ്. ബഹ്‌റൈൻ അത്ര എളുപ്പമായിരിക്കില്ല. യു.എ.ഇ ശക്തമായ ടീമാണ്. പ്രത്യേകിച്ചും ആതിഥേയരെന്ന നിലയിൽ അവർ ടൂർണമെന്റിൽ ഏറെ മുന്നോട്ടുപോകാൻ ആഗ്രഹിക്കും. 
 

Latest News