ഈ വർഗീയ മതിൽ സമൂഹത്തിന് ആപത്ത്

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനെന്ന  പേരിൽ സർക്കാർ  പണം ധൂർത്തടിച്ചും, സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തും ജനുവരി ഒന്നിന് സി.പി.എം തീർക്കാൻ പോകുന്ന വനിതാ മതിൽ അപകടകരമായ ഒരു രാഷ്ട്രീയക്കളിയാണ്. വിവേകപൂർവ്വം ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യാൻ കഴിയാതെ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും വരുത്തി വച്ച വീഴ്ചമൂടിവയ്ക്കുന്നതിനുള്ള തന്ത്രം മാത്രമാണിത്. പക്ഷേ അതിന് കേരളം നൽകേണ്ടി വരുന്ന വില വലുതാണ്.  

വനിതകളെ മാത്രം ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഈ മതിൽ എന്തിന് വേണ്ടിയാണെന്ന ലളിതവും പ്രാഥമികവുമായ ചോദ്യത്തിന് വ്യക്തമായ ഉത്തരം ബന്ധപ്പെട്ടവർ നൽകുന്നില്ല.  നവോത്ഥാന മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനാണെന്നാണ് സർക്കാർ നൽകുന്ന മറുപടി. സ്ത്രീശാക്തീകരണത്തിനാണെന്നാണ്   സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ശബരിമല വിഷയവുമായി ഈ മതിലിന് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും ആവർത്തിച്ചു ആണയിടുന്നു. അതേ സമയം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് വനിതാ മതിൽ എന്നാണ്  മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.  ജനങ്ങളെ ഇങ്ങനെ അണിനിരത്തിയുള്ള ഒരു സംരംഭം എന്തിന് വേണ്ടിയാണെന്ന് പറയാൻ പോലും കഴിയാതെ കള്ളക്കളി കളിക്കുന്നത്  എന്തു കൊണ്ടാണ്? 
സർക്കാർ ഖജനാവിൽ നിന്ന് വനിതാ മതിലിന് വേണ്ടി ഒരു പൈസ ചിലവഴിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിലും പുറത്തും ആവർത്തിച്ച് പറയുന്നതെങ്കിലും സർക്കാർ പണം യഥേഷ്ടം ധൂർത്തടിച്ചാണ് മതിൽ നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്. ധനകാര്യ വകുപ്പ് മതിലിന് പണം നൽകണമെന്ന ഉത്തരവ് ചീഫ് സെക്രട്ടറി ഭേദഗതി ചെയ്‌തെങ്കിലും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാരിന്റെ പണം മതിലിന് ചിലവഴിക്കും എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. സർക്കാരിന്റെ ആഭിമുഖ്യത്തിലോ ചിലവിലോ നടത്തുന്ന മറ്റേതൊരു പരിപാടിയെയും പോലെയാണ് വനിതാ മതിലെന്നാണ് സത്യവാങ്മൂലത്തിലെ ഒൻപതാം ഖണ്ഡികയിൽ പറയുന്നത്. 
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വനിതകളുടെ മതിൽ തീർക്കുമ്പോൾ അത് നമ്മുടെ നവോത്ഥാന സംരംഭങ്ങളുമായി ബന്ധമുള്ള എല്ലാ വിഭാഗക്കാരെയും അണിനിരത്തിക്കൊണ്ടുള്ളതാകണം. ദൗർഭാഗ്യവശാൽ ഇവിടെ അതല്ല സംഭവിച്ചത്. ഹൈന്ദവ വിഭാഗത്തിൽപ്പെട്ട ഏതാനും സംഘടനകളുടെ  യോഗം മാത്രമാണ് മുഖ്യമന്ത്രി വിളിച്ചത്. ക്രിസ്ത്യൻ മുസ്‌ലീം ന്യൂനപക്ഷ വിഭാഗങ്ങളെ അദ്ദേഹം ബോധപൂർവ്വം ഒഴിവാക്കി. 
നൂറ്റാണ്ടുകളിലൂടെ വികസിച്ച് പൂത്തുലഞ്ഞതാണ് നമ്മുടെ നവോത്ഥാന പ്രസ്ഥാനം. ശ്രീനാരായണഗുരു ദേവനും ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, അയ്യാവൈകുണ്ഠ സ്വാമികളും മറ്റും  വെട്ടിയ ചാലുകളിലൂടെയാണ് നവോത്ഥാന പ്രസ്ഥാനം ഒഴുകിപ്പരന്നത്. വാഗ്ഭടാനന്ദൻ, സ്വാമി ആനന്ദതീർത്ഥർ, സഹോദരൻ അയ്യപ്പൻ, ടി.കെ.മാധവൻ, വി.ടി.ഭട്ടതിരിപ്പാട്, മന്നത്ത് പത്മനാഭൻ, ഡോ.പൽപു, സി.വി.കുഞ്ഞിരാമൻ, കേളപ്പൻ, കെ.പി.കേശവമേനോൻ, പൊയ്കയിൽ അപ്പച്ചൻ തുടങ്ങി ഒട്ടേറെ പേർ തങ്ങളുടെ ജീവിതം തന്നെ സമർപ്പിച്ചാണ് നവോത്ഥാന പ്രസ്ഥാനത്തെ കരുപ്പിടിപ്പിച്ചത്. ഇതോടൊപ്പെം ക്രിസ്ത്യൻ, മുസ്‌ലീം ജനവിഭാഗത്തിലെ ഒട്ടേറെ പേർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും കൂടി ചേരുമ്പോഴേ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രം പൂർണ്ണമാവുകയുള്ളൂ. കേരളത്തിൽ പള്ളിക്കൂടങ്ങൾക്കും ഉച്ചക്കഞ്ഞി വിതരണത്തിനും തുടക്കം കുറിച്ച് ജാതിവ്യത്യാസമില്ലാതെ കുഞ്ഞുങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്ന ചാവറയച്ചനെന്ന മാർ കുര്യാക്കോസ് ഏലിയാസ് ചാവറയെ മറക്കുന്നതെങ്ങനെ? മലയാള സാഹിത്യത്തിനും ഭാഷയ്ക്കും അർണോസ് പാതിരി നൽകിയ സംഭാവനകൾ മറക്കുന്നതെങ്ങനെ? തിരുവിതാംകൂറിലെ സാമൂഹ്യ പരിഷ്‌ക്കർത്താവും അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന വൈക്കം അബ്ദുൾഖാദർ മൗലവിയെ മറക്കാനാവുമോ? അബ്ദുറഹ്മാൻ സാഹിബ്ബ്, ഇ. മൊയ്തു മൗലവി, ആലി മുസ്‌ലിയാർ, വാരിയൻകുന്നത്ത് അഹമ്മദ് ഹാജി തുടങ്ങി എത്രയോ മഹാരഥന്മാർ. സി.എസ്.ഐ  മിഷനറിമാർ വിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവനകളോ? കേരളം ഇതൊന്നും ഒരു കാലത്തും മറക്കില്ല. പക്ഷേ നവോത്ഥാന മതിൽ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി ഇതൊക്കെ മറന്നു. 
പകരം അദ്ദേഹം നവോത്ഥാന മതിൽ തീർക്കാൻ മുന്നിൽ നിർത്തിയിരിക്കുന്നത് ആരെയാണ്? ബാബറി മസ്ജിദ് പൊളിക്കുന്നതിന് കർവസേവ നടത്തിയ ഒരു ഹിന്ദു പാർലമെന്റ് നേതാവിനെ. പമ്പയിൽ സംഘർഷമുണ്ടാക്കുകയും അവിടെ റിപ്പോർട്ടിംഗിനെത്തിയ മാദ്ധ്യമ പ്രവർത്തകയെപ്പോലും തടയുകയും ചെയ്ത  ഇദ്ദേഹത്തെ മുൻനിർത്തിയാണ് മുഖ്യമന്ത്രി ശബരിമലയിലെ തന്നെ  സ്ത്രീപ്രവേശന പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലെ നവോത്ഥാന മതിൽ നിർമിക്കുന്നത്. അതാണ് പരിഹാസ്യത. 
 ആർ എസ് എസിന്റെ ഹിന്ദു അജണ്ടയെ നേരിടാനെന്ന  നാട്യത്തിൽ   ഹൈന്ദവ വർഗീയതയെ   ഉപയോഗിച്ച് രാഷ്ട്രീയ  നേട്ടം ഉണ്ടാക്കുക എന്ന തന്ത്രമാണ് കേരളത്തിൽ സി പി എം അടുത്തകാലത്തായി നടപ്പിലാക്കുന്നത്. വനിതാ മതിലും   ഈ തന്ത്രത്തിന്റെ പുതിയ ആവിഷ്‌കാരമാണ്.  
ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ വിവേകശൂന്യമായ എടുത്തു ചാട്ടവും പിടിവാശിയും ആണ്. അതിന്റെ പിന്നിലാകട്ടെ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് പുറത്തു വരുന്നതിന് മുൻപ് അത് നടപ്പാക്കുന്നതിനുള്ള നടപടികൾ അദ്ദേഹം തുടങ്ങിയത് ഈ രാഷ്ട്രീയ ലക്ഷ്യം കാരണമാണ്. ശബരിമലയുമായി ബന്ധപ്പെട്ടവരുമായോ, പ്രതിപക്ഷവുമായോ ചർച്ച നടത്താൻ പോലും അദ്ദേഹം തയ്യാറാവാതിരുന്നതിന് കാരണവുമതാണ്. എന്തിന് സ്വന്തം മുന്നണിയിലോ മന്ത്രിസഭയിൽ പോലുമോ ചർച്ച നടത്തിയില്ല. ആ എടുത്തു ചാട്ടത്തിന് വലിയ വിലയാണ് കേരളം നൽകേണ്ടി വന്നത്. ശബരിമലയിൽ യുവതീ പ്രവേശനം നടപ്പാക്കുമ്പോഴുണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അറിയാത്ത ആളല്ല മുഖ്യമന്ത്രി. ഇത് ഭക്തരുടെ മനസിൽ എത്ര ആഴത്തിലുള്ള മുറിവേൽപ്പിക്കുമെന്നും അത് സമൂഹത്തിൽ എന്തെല്ലാം പ്രത്യാഘാതമുണ്ടാക്കുമെന്നും  അദ്ദേഹത്തിന് നന്നായി അറിയാം. പഷേ അദ്ദേഹത്തെ ആകർഷിച്ചത് വർഗ്ഗീയ വാദികൾ ഇതിൽ നിന്ന് എന്തുമാത്രം മുതലെടുപ്പ് നടത്തി വളരുമെന്നും അത് വഴി ജനാധിപത്യ ശക്തികളെ എത്രമാത്രം തളർത്താമെന്നുതുമാണ്. നാട്ടിൽ അസ്വസ്ഥത ഉണ്ടാവുന്നതോ കലാപത്തിന് വഴി തുറക്കുന്നതോ അദ്ദേഹത്തിന് പ്രശ്‌നമായിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പിൽ വളഞ്ഞ വഴിക്ക് വിജയം നേടുക എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. പക്ഷേ അത് വിജയിക്കാൻ പോകുന്നില്ല. ജനങ്ങൾ തന്നെ അത് പരാജയപ്പെടുത്തിക്കൊള്ളും. അവർ എല്ലാം കാണുന്നുണ്ട്.  
തുലാമാസ, പൂജകൾക്കും ചിത്തിര ആട്ടവിശേഷത്തിനും ശബരിമല നട തുറന്നപ്പോൾ സംഘപരിവാറുകാർക്കും വർഗ്ഗീയ ശക്തികൾക്കും അഴിഞ്ഞാടാൻ സന്നിധാനത്ത് എല്ലാ സഹായവും സർക്കാർ ചെയ്തു കൊടുത്തു. അങ്ങനെ അവർക്ക് ശക്തിപ്രാപിക്കാനുള്ള അടിത്തറ കെട്ടിക്കൊടുത്ത ശേഷമാണ് മണ്ഡല കാലത്ത് നടതുറന്നപ്പോൾ സന്നിധാനം പൊലീസിനെക്കൊണ്ട് നിറച്ചത്. തുടർന്നാകട്ടെ ശബരിമലയിൽ പൊലീസ് രാജാണ് നടപ്പാക്കിയത്. ദർശനത്തിനെത്തുന്ന ഭക്തർക്ക് നെയ്യഭിഷേകത്തിന് പോലും സൗകര്യം നൽകാതെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു.
ശബരിമലയിലെ കടുത്ത നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഭക്തജനങ്ങളുടെ വരവ് കുത്തനെ ഇടിച്ചു. ശബരിമല ഒരു വിധം ശാന്തമാവുകയും അയ്യപ്പഭക്തരുടെ വരവ് കൂടുകയും ചെയ്യുന്നതിനിടയിൽ മണ്ഡലപൂജയ്ക്ക് ഏതാനും ദിവസം മാത്രം ശേഷിക്കേ അവിടത്തെ അന്തരീക്ഷം വീണ്ടും കലുഷിതമാക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടന്നു. മനിതി സംഘത്തിന്റെ വരവിന് പിന്നിൽ സർക്കാരിന്റെ അറിവും ആസൂത്രണവുമുണ്ടായിരുന്നെന്നാണ് ഇതിനകം പുറത്ത് വന്ന വിവരം. രഹസ്യ വഴികളിലൂടെ അവരെ എത്തിച്ച ശേഷം പ്രതിഷേധക്കാരുടെ നടുവിലേക്ക് അവരെ ഇറക്കിവിടുകയായിരുന്നു. അയ്യപ്പ ഭക്തന്മാർ തിങ്ങിനിറഞ്ഞ പരിപാവനമായ ശബരിമലയിൽ അത്യന്തം സ്‌ഫോടനാത്മകമായ രംഗങ്ങളാണ് ഇത് സൃഷ്ടിച്ചത്. പിറ്റേന്നും ഇത് തന്നെ ആവർത്തിച്ചു. യുവതികളെ പൊലീസ് സന്നാഹത്തോടെ മലകയറ്റുകയും വഴിയിൽ വെച്ച് തിരിച്ചിറക്കുകയും ചെയ്യുന്ന നാറാണത്ത് ഭ്രാന്തൻ പണി സർക്കാർ ചെയ്യുന്നതിന് പിന്നിലും സംഘപരിവാറിനെ ശക്തിപ്പെടുത്തി നിർത്തുക എന്ന അജണ്ടയുണ്ട്. 
ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രിയും സർക്കാരുമാണ്. അത് മറച്ച് വെക്കുന്നതിന് വേണ്ടിയാണ് കേരളത്തിന്റെ  നവോത്ഥാന ചരിത്രത്തെ ദുരുപയോഗപ്പെടുത്തിയും വികൃതമാക്കിയുമുള്ള ഈ വനിതാ മതിൽ നിർമ്മാണം. ഇത് നമ്മുടെ സമൂഹത്തിൽ വർഗ്ഗീയതയും വിഭാഗീയതയും സൃഷ്ടിക്കും. 

Latest News