പ്രവാസികളെ മരണാനന്തരമെങ്കിലും ബഹുമാനിക്കണം -ഹിന്ദുമഹാസഭ നേതാവ് -video

ന്യൂദല്‍ഹി- ഇന്ത്യാ മഹാരാജ്യത്തിന് കോടികളുടെ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസി ഇന്ത്യക്കാരെ മരണാനന്തരമെങ്കിലും ബഹുമാനിക്കുവാന്‍ രാജ്യം തയാറാകണമെന്ന് ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി ആവശ്യപ്പെട്ടു. ഗള്‍ഫ് നാടുകളില്‍ നിന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് തൂക്കി ചാര്‍ജ് നിശ്ചയിക്കരുതെന്നും സര്‍ക്കാര്‍ ചെലവില്‍ സ്വദേശത്ത് എത്തിക്കണമെന്നും ആവശ്യപ്പെട്ട് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ദല്‍ഹി
ജന്ദര്‍മന്ദറില്‍ നടത്തിയ 24 മണിക്കൂര്‍ നിരാഹാര സമരത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി ചക്രപാണിയില്‍ നിന്ന് ചെറുനാരങ്ങാ നീര് സ്വീകരിച്ചു കൊണ്ട് എം.ഡി.എഫ് നേതാക്കള്‍ സൂചനാ നിരാഹാരം അവസാനിപ്പിച്ചു.
വിദേശത്ത് മരിക്കുന്നവരുടെ മൃതശരീരം തൂക്കി കൂലി നിശ്ചയിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിച്ചതല്ല. ഫോറം ഉന്നയിച്ച ആവശ്യം ദേശീയ തലത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍ വിഷയം എത്തിക്കുമെന്നും ഇക്കാര്യം  നേടിയെടുക്കുവാന്‍ മുന്‍കൈ എടുക്കുമെന്നും സ്വാമി ചക്രപാണി പറഞ്ഞു.
 ഫോറം ദേശീയ പ്രസിഡന്റ് കെ.എം.ബഷീര്‍, ദല്‍ഹി ചാപ്റ്റര്‍ പ്രസിഡന്റ് കാവുങ്ങല്‍ അബ്ദുല്ല, എം.കെ.രാഘവന്‍ എം.പി, റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി ഡോ.രാജിവ് മേനോന്‍, രാജീവ് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റെ വിനോദ് ശര്‍മ, ഭരത് വ്യാജ്, നുസ്രത്ത് ജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.
 

 

Latest News