റഷ്യയിൽ ലോക ഭാരോദ്വഹന മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണം നേടിയ ഓർക്കാട്ടേരിക്കാരിയാണ് മജിസിയ. നിലയ്ക്കാത്ത കരഘോഷത്തിനിടയിൽ ഈ വിജയത്തിനായി മജിസിയ താങ്ങിയ ഭാരം ആ പവർ ലിഫ്റ്റിംഗ് ഉപകരണത്തിന്റേതു മാത്രമാവില്ല. കായിക വകുപ്പിന് കീഴിലെ വിവിധ അതോറിറ്റികളുടെ സാങ്കേതികത്വങ്ങൾ. ജനിച്ച ഗ്രാമത്തിൽനിന്ന് ഇതു പോലൊരു വെള്ളി വെളിച്ചത്തിലേക്കുള്ള അകലം. പിറകിൽ ഒരു ഗോഡ്ഫാദറുടെ അഭാവം. അങ്ങനെ എത്ര വേലിക്കെട്ടുകൾക്കു മുന്നിൽ അവൾ കിതച്ചു നിന്നിട്ടുണ്ടാവും?
ഒരു വർഷം മുമ്പ് തുർക്കിയിൽ നടന്ന പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടും രണ്ടു ലക്ഷം രൂപയില്ലാത്തതുകൊണ്ട് നിസ്സഹായയായി നിൽക്കേണ്ടി വന്ന പെൺകുട്ടി. കോടിക്കണക്കിന് രൂപ ചെലവഴിച്ചുണ്ടാക്കിയ അക്കാദമികളും അതോറിറ്റികളും കനിയാതായപ്പോൾ നാട്ടുകാരുടെ പിന്തുണ തേടിയ ആ പെൺകുട്ടിയാണ് മജിസിയ. ഒടുവിൽ സന്നദ്ധ പ്രവർത്തകരുടെ പിന്തുണയിൽ തുർക്കിയിലെത്തിയെങ്കിലും അതുപോലൊരു മത്സരത്തിന്റെ സ്വാഭാവിക സമ്മർദങ്ങൾക്കു പുറമെ അവസാന നിമിഷത്തിലെ മാനസിക സമ്മർദദ്ദങ്ങൾ മജിസിയയുടെ കൈകൾക്ക് നൽകിയ ഭാരമെത്രയാവും?
മജിസിയയുടെ നേട്ടത്തിൽ വിജയത്തിന്റെ മധുരം മാത്രമല്ല സമരത്തിന്റെയും പ്രതിരോധത്തിന്റെയും വിയർപ്പു കൂടിയുണ്ട്.
''ചെറുപ്പം മുതലേ ആൺകുട്ടികൾ ചെയ്യാറുള്ള അഡ്വഞ്ചറസ് ഗെയിംസിനോടായിരുന്നു താൽപര്യം. റിസ്ക് ഏറ്റെടുക്കാൻ അന്നേ ഇഷ്ടമായിരുന്നു. എന്നാൽ പവർ ലിഫ്റ്റിംഗും പഞ്ചഗുസ്തിയും സീരിയസായി കാണാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്.
മജിസിയ പറയുന്നു.'' ഒരു ചാമ്പ്യൻഷിപ്പിന് പോകാൻ ലക്ഷങ്ങളാണ് ചെലവ് . അതിനൊരു മാർഗമില്ലാതെയാണ് തന്റെ പ്രയാസങ്ങൾ തുർക്കിയിലെ മത്സരത്തിന്റെ സമയത്ത് പൊതുജനങ്ങളുമായി പങ്കുെവച്ചത്. അന്ന് നല്ല പിന്തുണ ലഭിച്ചു. അവരോടെല്ലാം കടപ്പാടുണ്ട്. പക്ഷേ അതൊരു ശാശ്വത പരിഹാരമല്ലല്ലോ? എത്രയോ കഴിവുള്ള കുട്ടികളുണ്ട്. പിന്തുണയ്ക്കാനാളില്ലാത്തതുകൊണ്ട് മാത്രം എങ്ങുമെത്താതെ ഒതുങ്ങിപ്പോയവർ. ഒരു സ്പോൺസറെ കണ്ടെത്തണം. നിലവിൽ തന്നെ നല്ല കടമുണ്ട്. ഒരു സ്പോൺസർ ഏതാണ്ട് ശരിയായി വന്നെങ്കിലും പ്രതീക്ഷിച്ചതു പോലെ നടന്നില്ല. സാരമില്ല, ഒന്ന് കണ്ടെത്തണം.''
എന്തൊരാത്മവിശ്വാസമാണ്; പ്രയത്ന സന്നദ്ധതയാണ് ഈ വാക്കുകളിൽ തുളുമ്പുന്നത്. മജിസിയക്ക് ഒരു സ്പോൺസറെ ലഭിക്കുക എന്നത് ഒരു വ്യക്തിപരമായ ആവശ്യമല്ല. അത് നമ്മുടെ നാടിന്റെ, കായിക രംഗത്തിന്റെ പൊതു ആവശ്യമാണ് .
ഒരു ലോക ചാമ്പ്യൻഷിപ്പ് നേടി വീട്ടിലെത്തിയ മജീസിയക്ക് അഭിനന്ദനങ്ങളും സന്തോഷവുമറിയിച്ച് ചില വിളികളും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളുമല്ലാതെ ഒന്നുമില്ല. എല്ലാ ദിവസവും പോലെ'' -മജിസിയ പറഞ്ഞു നിർത്തി. നേടിയ നേട്ടത്തിന്റെ ആഹ്ലാദവും അതിനായി ഓടിയ ഓട്ടത്തിന്റെ കിതപ്പും മുന്നിൽ താണ്ടാൻ ബാക്കിയുള്ള ലക്ഷ്യത്തിന്റെ ഭാരവുമെല്ലാം ഒത്തുചേർന്ന പക്വതയുള്ള സ്വരത്തിൽ.

ഓരോ മലയാളിയും അറിഞ്ഞിരിക്കണം കോഴിക്കോട്ടടുകാരിയായ മജിസിയാ ഭാനുവെന്ന സ്ട്രോംഗ് വുമണിനെക്കുറിച്ച്. കോഴിക്കോട് ജില്ലയിലെ ഓർക്കാട്ടേരി കല്ലേരി മൊയിലോത്ത് ഹൗസിൽ അബ്ദുൽ മജീദിന്റെയും റസിയ മജീദിന്റെയും മകൾ. ലോകത്തിലാദ്യമായി ഹിജാബ് ധരിച്ച് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വനിത.
വളരെ ചെറുപ്പത്തിലേ തന്നെ സ്പോർട്സിൽ അതിയായ താൽപര്യമുണ്ടായിരുന്ന മജിസിയ നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും ഒട്ടനേകം സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മാഹി ഡെന്റൽ കോളേജിൽ ബി.ഡി.എസിന് ചേർന്ന മജിസിയ ഭാനു 2016 ൽ ആണ് പവർലിഫ്റ്റിംഗിൽ പരിശീലനം നേടുന്നത്. കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള മത്സരത്തിലെ പ്രധാന ആകർഷണം വനിതാ വിഭാഗത്തിൽ മത്സരിക്കാനായി എത്തിയ മജിസിയ ബാനു ആയിരുന്നു. അവളുടെ കരുത്തോ, ശരീര പ്രകൃതിയോ ആയിരുന്നില്ല അന്ന് ജനങ്ങളെ ആകർഷിച്ചത്, മറിച്ച് വസ്ത്രധാരണം മാത്രമായിരുന്നു. ശരീരം പൂർണമായും മറച്ചത് കൂടാതെ ഹിജാബ് കൂടി ധരിച്ചായിരുന്നു മജിസിയ ഭാനു അന്ന് സ്റ്റേജിലെത്തിയത്. മിസ്റ്റർ കേരള വനിതാ വിഭാഗം മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയ അഞ്ചു പേരെയും നിസ്സാരമായി പിന്നിലാക്കി കിരീടം ചൂടുകയും ചെയ്തു. അങ്ങനെ 'ഹിജാബ് ധരിച്ച ബോഡി ബിൽഡർ' എന്ന പട്ടവും മജിസിയക്ക് ലഭിച്ചു.
ആത്മവിശ്വാസവും കഠിനപ്രയത്നവും അച്ഛനമ്മമാരുടെ അകമഴിഞ്ഞ പിൻബലവും മാത്രം മതിയായിരുന്നു മജിസിയ ഭാനുവെന്ന ഇരുപത്തിനാലുകാരിക്ക് തന്റെ ലക്ഷ്യങ്ങൾ കീഴടക്കി മുന്നേറാൻ. ഹിജാബ് ധരിച്ച് വേദികൾ കീഴടക്കുന്ന പവർലിഫ്റ്റർ, കരുത്തുറ്റ സ്ത്രീ -ഇങ്ങനെ ഒരുപാട് വിശേഷണങ്ങളാണ് ഇന്ന് മജിസിയ ഭാനു സ്വപ്രയത്നം കൊണ്ട് നേടിയെടുത്തിട്ടുള്ളത്. മൂന്നു തവണ കേരളത്തിന്റെയും അഞ്ചു തവണ കോഴിക്കോടിന്റെയും സ്ട്രോംഗ് വുമണായി മജിസിയ ഭാനു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പവർ ലിഫ്റ്റിംഗ് ആയിരുന്നു മജിസിയയുടെ പ്രധാന മത്സര ഇനം.
2016 ഒക്ടോബറിൽ കോഴിക്കോട്ട് നടന്ന ജില്ലാതല അൺഎക്യുപൈഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയായിരുന്നു മജിസിയ കരിയറിന് തുടക്കം കുറിച്ചത്. എത്രയോ വർഷങ്ങളായി പവർലിഫ്റ്റിംഗ് മേഖലയിൽ പരിശീലനം തുടർന്നിരുന്ന വളരെയധികം പേരെ പിന്നിലാക്കിക്കൊണ്ടായിരുന്നു മജിസിയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പിന്നീടുള്ള ഓരോ മത്സരങ്ങളിലും മജിസിയ തന്റെ കഴിവ് തെളിയിച്ചുകൊണ്ടേയിരുന്നു.
പവർലിഫ്റ്റിംഗിൽ കൈവരിച്ച നേട്ടങ്ങൾക്ക് തൊട്ട് പിന്നാലെയാണ് പഞ്ചഗുസ്തിയും തനിക്ക് അനായാസം വഴങ്ങുമെന്ന് മജിസിയ ലോകത്തിന് മുന്നിൽ തെളിയിച്ചു കാട്ടിയത്.
2018 ഏപ്രിലിൽ കോഴിക്കോട്ട് നടന്ന ജില്ലാതല പഞ്ചഗുസ്തി മത്സരത്തിലും തൃശൂരിൽ നടന്ന സ്റ്റേറ്റ് ലെവൽ പഞ്ചഗുസ്തി മത്സരത്തിലും ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടന്ന ദേശീയതല പഞ്ചഗുസ്തി മത്സരത്തിലും ഗോൾഡ് മെഡലും തുർക്കിയിൽ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ ആറാം സ്ഥാനവും മജിസിയ അനായാസമായി കൊയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുപതോളം പേരെ തോൽപിച്ചാണ് ലഖ്നൗവിൽ നടന്ന ദേശീയതല മത്സരത്തിൽ മജിസിയ വിജയം കൈവരിച്ചത്.
വെറും രണ്ട് വർഷത്തിനകത്താണ് മജിസിയ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്. നേട്ടങ്ങളുടെ നെറുകയിലേക്കെത്തുമ്പോഴും തന്റെ വിശ്വാസങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചു തന്നെയാണ് മജിസിയ മുന്നേറിയിരുന്നത്. ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങളും ഹിജാബും ധരിച്ചാണ് എല്ലാ മത്സരങ്ങളിലും മജിസിയ പങ്കെടുത്തിരുന്നത്.
ഉമ്മയും ഉപ്പയും സഹോദരനുമടങ്ങുന്നതാണ് മജിസിയയുടെ കുടുംബം. കഠിന പ്രയത്നവും, ആത്മവിശ്വാസവും കുടുംബത്തിന്റെ പരിപൂർണ പിന്തുണയും തനിക്കൊപ്പം ഉള്ളിടത്തോളം കാലം ഇനിയും ഒരുപാടൊരുപാട് ഉയരങ്ങൾ എത്തിപ്പിടിക്കാൻ തനിക്ക് സാധിക്കുമെന്ന് തന്നെയാണ് മജിസിയ ഉറച്ചു വിശ്വസിക്കുന്നത്.






