Sorry, you need to enable JavaScript to visit this website.
Tuesday , September   29, 2020
Tuesday , September   29, 2020

ഒരു പൂമഴ  നനഞ്ഞ പോലെ 

'മകൻ പൊതുപരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നു. പഠനത്തിൽ വേണ്ടത്ര ശ്രദ്ധ പോരാ. സാറെ ഒന്ന് നേരിൽ കാണണം. ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. 'രണ്ടു വർഷം മുമ്പ് പൊതു പരീക്ഷ അടുത്തുകൊണ്ടിരുന്ന നാളിൽ ഒരു രക്ഷിതാവ് വിളിച്ചറിയിച്ചു. വിളിച്ചയാളോട് ഒന്ന് രണ്ടു ചോദ്യങ്ങൾ ചോദിച്ചപ്പോൾ ലഭിച്ച ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ  കുട്ടിയുടെ  അമ്മയെ കൂടി കൂട്ടി വരുന്നത് ഉചിതമായിരിക്കും എന്ന് നിർദേശിച്ചു. 
ആദ്യം മാതാപിതാക്കളെ വിശദമായി കേട്ടു. വിദ്യാഭ്യാസവും കാര്യബോധവുമുള്ളവർ. കുട്ടിയുടെ പല കഴിവിനെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നവർ. പല മക്കളുടെയും പലതരം കഥകളുടെയും കാലത്ത്  മകന്റെ ശാന്തശീലവും അനുസരണ ശീലവും കുടുംബ സമാധാനത്തിൽ  വഹിച്ച പങ്കിനെ കുറിച്ചൊക്കെ അവർ സംസാരിച്ചു. 
പക്ഷേ പഠനത്തിന്റെ കാര്യത്തിൽ അവനു ഈയിടെയായി ശ്രദ്ധ വല്ലാതെ  കുറഞ്ഞതായാണ്, രണ്ടാളുടെയും പ്രത്യേകിച്ച് അമ്മയുടെ വിലയിരുത്തൽ. അതിനാൽ അടുത്ത കാലത്ത് വീട്ടിൽ പഴയ അന്തരീക്ഷമല്ല. അമ്മയും മകനുമായും കലഹങ്ങൾ കൂടിവരുന്നു. ജോലി കഴിഞ്ഞ് വൈകി വീട്ടിൽലെത്തുന്ന അച്ഛന് ഇതൊരു തലവേദനയായി തുടങ്ങിയിരിക്കുന്നു. 
ദിനേന  അമ്മയും മകനും തമ്മിലുള്ള പിണക്കങ്ങൾ തീർക്കാനേ അയാൾക്ക്  നേരമുള്ളൂ. തൊഴിൽ സംബന്ധമായ പല തിരക്കുകളും വെല്ലുവിളികളും വേണ്ടുവോളമുള്ള അച്ഛന് ഒരു ഭാഗത്ത്  ഭാര്യയുടെ കണ്ണീരും മറുഭാഗത്ത്  മകൻെറ പിടിവാശിയും. വില്ലനായി സ്മാർട്ട്  ഫോണും ടി.വിയും. വീട്ടിലെ മൂത്ത കുട്ടിയാണ്. പഠനത്തിൽ വലിയ മിടുക്കനൊന്നുമല്ലെങ്കിലും മോശമില്ലാത്ത മാർക്ക് വാങ്ങിക്കാറുണ്ട്. യാഥാർഥ്യ ബോധമുള്ള അച്ഛന് അമിതമായ  പ്രതീക്ഷയൊന്നുമില്ല. അതിനാൽ തന്നെ മകൻെറ പഠന കാര്യത്തിൽ അത്രമാത്രം വേവലാതിയുള്ളതായി തോന്നിയില്ല. എന്നാൽ അമ്മയ്ക്കാകട്ടെ, മകന്റെ കാര്യത്തിൽ അമിതമായ ആശങ്കയുണ്ടെന്നുള്ളത് ഏതാനും നേരത്തെ സംസാരത്തിലൂടെ ബോധ്യപ്പെട്ടു. 
പഠനത്തിൽ ചിട്ട കുറഞ്ഞു വരുന്നു. വേണ്ടത്ര നേരം ഇരുന്നു വായിക്കുന്നില്ല. ടി.വിക്ക് മുന്നിൽ ചെലവിടുന്ന സമയം കൂടുതലാണ്. സ്മാർട്ട് ഫോൺ കൊടുത്തില്ലെങ്കിൽ കോലാഹലമുണ്ടാക്കുന്നു. വീട്ടിൽ പഴയ  സ്വസ്ഥത കിട്ടുന്നില്ല. അടുത്ത കാലത്തായി പഴയ പോലെ ഉറങ്ങാൻ കഴിയുന്നില്ല. ആകപ്പാടെ ഒരു വല്ലായ്മയാണ്. ഇവന്റെ കാര്യം പറഞ്ഞാൽ ഭർത്താവ് വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. അവനിലെ സ്വഭാവ മാറ്റത്തെ കുറിച്ച് പറഞ്ഞാൽ അദ്ദേഹത്തിനു പതിവില്ലാത്ത ദേഷ്യം വരുന്നു. ഞാനാകെ തളർന്നു പോവുന്നു. അമ്മ പറഞ്ഞു നിർത്തിയത് അങ്ങനെയായിരുന്നു. 
കുടുംബത്തിൽ മറ്റാരെങ്കിലും ഇത്തവണ പൊതു പരീക്ഷ എഴുതുന്നുണ്ടോ? അയൽവാസികളിൽ ആരുടെയെങ്കിലും മക്കൾ? ഇങ്ങനെ ഒന്ന് രണ്ടു ചോദ്യം ചോദിച്ചപ്പോൾ അമ്മയുടെ മുഖം കൂടുതൽ വിവർണമായി. ഉണ്ട് എന്ന മറുപടിയോടെ  അവരുടെ പഠന രീതിയെക്കുറിച്ചും അവർ വാങ്ങുന്ന മാർക്കിനെ കുറിച്ചുമൊക്കെ അമ്മ  പറഞ്ഞു തുടങ്ങി. കുട്ടിയെ അവരുമായി താരതമ്യം ചെയ്തു സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിന് അവരുടെ  മറുപടിക്ക് കാത്തിരിക്കേണ്ടി വന്നില്ല. അവരുടെ ഭാവത്തിലൂടെ തന്നെ ഉത്തരം ലഭിക്കുന്നുണ്ടായിരുന്നു.
തുടർന്ന് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. പഠന ശൈലിയെക്കുറിച്ചും പഠന സമയത്തെ കുറിച്ചും വിശദമായി അന്വേഷിച്ചു. താരതമ്യേന മോശമില്ലാത്ത മാർക്കോടെ കഴിഞ്ഞ പരീക്ഷകളൊക്കെ പാസായിട്ടുണ്ട്. കണക്കിൽ കുറച്ചു കൂടി ശ്രദ്ധ വെച്ചാൽ മാർക്ക് മെച്ചപ്പെടുത്താവുന്നതേയുള്ളൂ. പൊതു പരീക്ഷാ കാലത്തു പഠന രീതിയിലും പരീക്ഷ തയ്യാറെടുപ്പിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചില ചിത്രങ്ങളിലൂടെയും കളികളിലൂടെയും അവനെ മുഷിപ്പിക്കാത്ത രീതിയിൽ ബോധ്യപ്പെടുത്തി. ആവശ്യമായ ആത്മവിശ്വാസം പകർന്നു. പഠന തന്ത്രങ്ങളെക്കുറിച്ചും ഓർമശേഷി വർധിപ്പിക്കാനുള്ള ചില സൂത്രങ്ങളുമൊക്കെ  ചർച്ച ചെയ്തതിനു ശേഷം അമ്മയുമായുണ്ടാവുന്ന സൗന്ദര്യ പിണക്കങ്ങളെക്കുറിച്ചും വീട്ടിലുണ്ടാവുന്ന കലഹങ്ങളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കി. 
'കുടുംബത്തിലെയും അയൽപക്കത്തെയും കുട്ടികൾ വാങ്ങുന്നതിനേക്കാൾ മെച്ചപ്പെട്ട മാർക്ക് ചില വിഷയങ്ങളിൽ വാങ്ങാൻ ചിലപ്പോൾ എനിക്ക് കഴിയാറില്ല. അക്കാരണത്താൽ തന്നെ പരീക്ഷാ നാളുകളിൽ അമ്മ വേറെ ഒരാളായാണ് എന്നോട് പെരുമാറുക, ഞാനും അതുപോലെ തന്നെ അങ്ങോട്ടും പെരുമാറും. പൊതു പരീക്ഷ അടുക്കും തോറും എനിക്ക് ഒരു തരം പേടി കൂടിവരുന്നു. വീട്ടിൽ നിന്നെങ്ങോട്ടെങ്കിലും ഓടി പ്പോയാൽ മതിയെന്ന് തോന്നും. ഇരിക്കാനും കിടക്കാനും അമ്മ സൈ്വരം തരില്ല. സദാ സമയവും പഠനം പഠനം എന്ന് പറഞ്ഞു പിന്നാലെയുണ്ടാവും. പഠനത്തോടുള്ള താൽപര്യം അന്നന്നു കുറഞ്ഞു വരികയാണ്. 'കുട്ടി മനസ്സ് തുറന്നു.
ഉന്നത പഠന മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ ഓരോ ഗ്രേഡിനുമുളള പ്രാധാന്യവും ഇഷ്ടവിഷയം അനായസേന തെരഞ്ഞെടുത്തു പഠിക്കാൻ ഉയർന്ന മാർക്ക് വാങ്ങേണ്ട ആവശ്യകതയും അവനു ബോധ്യമുള്ള കാര്യമാണെങ്കിലും  ചില ചോദ്യങ്ങളിലൂടെ അതിൽ  കൂടുതൽ ജാഗ്രത പുലർത്താൻ  പ്രേരണ നൽകി.  മകന്റെ നന്മയും പുരോഗതിയും കൊതിക്കുന്ന പ്രിയപ്പെട്ട അമ്മയ്ക്ക് പരീക്ഷാ നാളുകളിൽ അമ്മയുടെ പ്രിയപ്പെട്ട  മോനൊരു മിടുക്കനായ വിദ്യാർഥിയാവേണ്ടതിന്റെ ഗുട്ടൻസ് പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവനു കാര്യങ്ങൾ വേഗത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞു. അമ്മയെ വെറുപ്പിക്കുന്നതിലല്ല ശാശ്വത വിജയം. അമ്മയുടെ കരുതലും സ്‌നേഹവും ആസ്വദിച്ചു പഠിച്ചു മുന്നേറുന്നതിലാണ് എന്ന് തിരിച്ചറിയാൻ അവന് അധിക നേരം വേണ്ടിവന്നില്ല. തൻെറ  പുന്നാരമോൻ ആദ്യമായി പൊതു പരീക്ഷ എഴുതുമ്പോൾ  ഒരു മാതൃഹൃദയം അനുഭവിക്കുന്ന പ്രാർഥനാ നിർഭരമായ  വേവലാതി കൂടി നീ മനസ്സിലാക്കണം എന്ന വാചകം പറഞ്ഞതും അവൻെറ കണ്ണുകൾ സജലങ്ങളായി. ലക്ഷ്യബോധവും ദൃഢനിശ്ചയവും  നൽകിയ ഉൾവെളിച്ചം അവയിൽ തെളിഞ്ഞു. 
പിന്നീട് അമ്മയെയും അച്ഛനെയും  അവനെയും അടുത്തിരുത്തി  അവനിൽ വന്ന മനോഭാവ മാറ്റത്തെ കുറിച്ചും  പഠന രീതിയിൽ അവൻ അവലംബിക്കാൻ പോവുന്ന ചില തന്ത്രങ്ങളെക്കുറിച്ചും അവരെ ഉണർത്തുകയും  പരീക്ഷാ കാലത്ത് വീട്ടിൽ മക്കളും  മാതാപിതാക്കളും  പൊതുവെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് അവരെ ഓർമിപ്പിക്കുകയും ചെയ്തു. 
ഒരു കുടുംബമായി സന്തോഷിച്ചുല്ലസിച്ചു ജീവിക്കാൻ കൈവന്ന അനുഗ്രഹത്തെ പരസ്പരം നരകമാക്കാതിരിക്കാൻ അത്യാവശ്യം പാലിക്കേണ്ട  ചില പ്രാഥമിക പാഠങ്ങൾ മാതാപിതാക്കൾ പഠിച്ചെടുത്തേ മതിയാവൂ. ഒരുപാട് ബാധ്യതകൾ തലയിലേറ്റുന്ന മാതാപിതാക്കളല്ല പരീക്ഷ എഴുതുന്നത്. മികച്ച ബുദ്ധിശക്തിയും ഓർമ ശക്തിയും ഉള്ള കേമന്മാരായ കൗമാരക്കാരാണ് പരീക്ഷ എഴുതുന്നതെന്ന ബോധം മാതാപിതാക്കൾക്ക് ഉണ്ടാവണം. കുട്ടികളുടെ  പരീക്ഷയുടെ നാളുകളിൽ സമനില തെറ്റാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. മക്കൾക്കാവശ്യമായ  ഭൗതിക സാഹചര്യങ്ങൾ പരമാവധി ഒരുക്കിക്കൊടുക്കുകയും പഠന പരിശീലന പരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നതോടൊപ്പം മനഃശാസ്ത്രപരമായ സമീപനം സ്വീകരിക്കുകയും ചെയ്താൽ മക്കൾ പഠിച്ചു മുന്നേറിക്കൊള്ളും. അമിത ലാളനയും അതിര് കടന്ന ശാസനയും കുട്ടികളിൽ വിപരീത ഫലം ചെയ്യുമെന്നറിയുക.
കുടുംബത്തിലെയും അയൽപക്കങ്ങളിലെയും ആരോടൊക്കെയോ ഉള്ള വാശി തീർക്കാനുള്ള നാളുകളായി ദയവു ചെയ്തു കുട്ടികളുടെ  പരീക്ഷക്കാലത്തെ കാണാതിരിക്കുക. കുട്ടികളെ മാനസികമായി തളർത്തുന്ന തരത്തിലുള്ള താരതമ്യം ചെയ്യൽ, പരിഹസിക്കൽ, കുറ്റപ്പെടുത്തൽ  എന്നിവ പരമാവധി ഒഴിവാക്കണം.
പരീക്ഷയുടെ നാളുകളിൽ അസാധാരണമായ ഉത്കണ്ഠ പേറുന്നതിന്റെ ഫലമായി  സ്വയം വീർപ്പു മുട്ടുകയും കുട്ടികളെയും ഇണയെയും വീർപ്പു മുട്ടിക്കുകയും ചെയ്യുന്ന രക്ഷിതാക്കളുടെ എണ്ണം അനുദിനം  കൂടിവരികയാണ്. പരീക്ഷാകാലങ്ങളിൽ കൗൺസലിംഗ് സെൻററുകൾ ജനനിബിഢമാവുകയാണ്. പരീക്ഷാഫലം പുറത്തു വരുന്ന നാളുകളിൽ സുഖകരമല്ലാത്ത വാർത്തകൾ  വർദ്ധിച്ചു കൊണ്ടിരിക്കുന്നതിന്റെ  കാരണം കുട്ടികളിൽ പരിധിയിൽ കവിഞ്ഞ  കടുത്ത സമ്മർദം ചെലുത്തുന്ന വകതിരിവില്ലാത്ത രക്ഷിതാക്കളും അധ്യാപകരുമല്ലാതെ മറ്റാരാണ്? 
ഏതാനും ദിവസങ്ങൾക്കു മുമ്പ് ആ വിദ്യാർഥിയെയും മാതാപിതാക്കളെയും വീണ്ടും യാദൃഛികമായി  കണ്ടുമുട്ടി. നിരാശയുടെയോ ഉറക്കില്ലായ്മയുടെ ക്ഷീണമോ പിടിവാശിയോ ഒന്നും  ആ മുഖങ്ങളിലില്ലായിരുന്നു. മകൻ മികച്ച മാർക്കോടെ പരീക്ഷ പാസായി അവനിഷ്ടപ്പെട്ട വിഷയം എടുത്തു തുടർ പഠനം നടത്തുന്ന കാര്യം നന്ദിപൂർവ്വം അവർ അറിയിച്ചു. എത്ര സന്തോഷവാന്മാരായാണ് അവർ സംസാരിച്ചത്. ഒരു പൂമഴ നനഞ്ഞ പോലെ എനിക്കനുഭവപ്പെട്ടു.