ഫ്‌ളൈ നാസിൽ ടിക്കറ്റുകൾ 49 റിയാൽ മുതൽ

റിയാദ് - സൗദിയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് വർഷാന്ത്യം പ്രമാണിച്ച് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തര ടിക്കറ്റുകൾ 49 റിയാൽ മുതലുള്ള നിരക്കുകളിൽ നൽകുന്ന ഓഫറാണ് പ്രഖ്യാപിച്ചത്. 2019 ഫെബ്രുവരി ഒന്നു മുതൽ ഏപ്രിൽ 15 വരെയുള്ള കാലത്ത് യാത്ര ചെയ്യുന്നതിന് ഡിസംബർ 25 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് ഓഫറിൽ ടിക്കറ്റുകൾ ലഭിക്കുക. ഇക്കോണമി ക്ലാസിലാണ് ഓഫർ ടിക്കറ്റുകളുള്ളത്. ഒരു ലക്ഷത്തിലേറെ ടിക്കറ്റുകൾ ഓഫറിൽ നൽകുമെന്ന് കമ്പനി അറിയിച്ചു. 
ട്രാവൽ ഏജൻസികളും ഫ്‌ളൈ നാസ് വെബ്‌സൈറ്റും ആപ്പും വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. 920001234 എന്ന നമ്പറിൽ കോൾ സെന്ററിൽ ബന്ധപ്പെട്ട് ഇരുപത്തിനാലു മണിക്കൂറും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. യാത്രക്കാർക്ക് ഏറ്റവും മികച്ച നിരക്കുകൾ നൽകാനാണ് ശ്രമിക്കുന്നതെന്ന് ഫ്‌ളൈ നാസ് പറഞ്ഞു. ഫ്‌ളൈ നാസ് ഇടയ്ക്കിടക്ക് ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഇക്കഴിഞ്ഞ സൗദി ദേശീയദിനത്തിന് മുഴുവൻ ആഭ്യന്തര സർവീസുകളിലെയും ടിക്കറ്റുകൾ സൗജന്യമായി നൽകുന്ന ഞെട്ടിക്കുന്ന ഓഫർ കമ്പനി പ്രഖ്യാപിച്ചിരുന്നു.

Latest News