കണ്ണൂർ- പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ഭാര്യയെയും മക്കളെയും പേരക്കുട്ടികളെയും കണ്ടപ്പോൾ കുഞ്ഞഹമ്മദിന് കരച്ചിലടക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ പതിനഞ്ച് വർഷമായി കണ്ണൂർ സ്വദേശി താഴത്തേതിൽ കുഞ്ഞുമുഹമ്മദ് നാട്ടിൽ പോവാൻ കഴിയാതെ യു.എ.ഇയിൽ തന്നയായിരുന്നു. ഒടുവിൽ ഗവൺമെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിലൂടെയാണ് നാട്ടിലേക്കുള്ള വാതിൽ തുറന്നത്. മുപ്പത്തിമൂന്ന് വർഷം മുമ്പാണ് കുഞ്ഞിമുഹമ്മദ് യു.എ.ഇയിൽ എത്തിയത്. അവസാനം നാട്ടിൽ പോയത് 2004-ലായിരുന്നു.
പാചകക്കാരനായി റാസൽ ഖൈമയിലെത്തിയ കുഞ്ഞുമുഹമ്മദ് പന്ത്രണ്ട് വർഷം അവിടെ ജോലി ചെയ്തു. കയ്യിലുളള സമ്പാദ്യം മുടക്കി 1997-ൽ സ്വന്തമായി കച്ചവടം തുടങ്ങി. 2005 വരെ കാര്യങ്ങൾ കുഴപ്പമില്ലാതെ മുന്നോട്ട് പോയി. 2008 ൽ ആഗോള സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ഒരു നഷ്ടത്തിലായ കമ്പനി ഏറ്റെടുത്തതോടെ കുഞ്ഞിമുഹമ്മദിന്റെ കഷ്ടകാലം തുടങ്ങി.
'ബിസിനസ് നഷ്ടത്തിലായി. കുറേ പേരിൽനിന്നും പൈസ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു കൊടുക്കാൻ കഴിയാതെയായി. ബാങ്ക് ലോണുകളും തിരിച്ചടക്കാൻ കഴിഞ്ഞില്ല,' കുഞ്ഞിമുഹമ്മദ് പറയുന്നു.
2,0800 ദിർഹംസ് ആയിരുന്നു ഇവിടെ ലോൺ ഇനത്തിൽ ഒരു സ്വകാര്യ ബാങ്കിൽ അടക്കേണ്ട തുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച വകയിൽ 155000 ദിർഹംസും കടമായി ബാക്കിയുണ്ടായിരുന്നു. ഇതിനൊക്കെ പുറമേ കേസുകൾ വേറെയും.
ഇതിനിടെ, 2009 ൽ വിസയുടെയും 2010 ൽ പാസ്‌പോർട്ടിന്റെയും കാലാവധി തീർന്നു. ശേഷം ജയിലിലേക്ക്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ കുഞ്ഞഹമ്മദ് യു എ യിലെ സ്വകാര്യ ലീഗൽ കൺസൾട്ടൻസിയിലെ സലാം പാപ്പിനിശ്ശേരി സഹായവുമായെത്തി. യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ച ഉടനെ ലീഗൽ കൺസൾട്ടൻസിയും സലാമും നിരന്തരമായി ഇടപെടലുകൾ നടത്തി. ദുബായ്, ഷാർജ, അജ്മാൻ കോടതികളിലെ കേസുകൾക്ക് പരിഹാരമുണ്ടാക്കി. ഒടുവിൽ ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞഹമ്മദിന് മോചനം.
'കേസുകൾ തീർന്ന ഉടനെ ഞങ്ങൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചു. അവരുടെ ഇടപെടൽ ഫലപ്രദമായിരുന്നു,' സലാം പറഞ്ഞു.
വെറും ഇരുപത് മണിക്കൂറുകൾ കൊണ്ടാണ് കോൺസുലേറ്റ് പാസ്‌പോർട്ടിന് തുല്യമായ എമർജൻസി സർട്ടിഫിക്കറ്റ് കുഞ്ഞഹമ്മദിന് നൽകിയത്. ചെവ്വാഴ്ച കുഞ്ഞഹമ്മദ് നാട്ടിലേക്ക് തിരിച്ചു.






