ന്യൂദല്‍ഹി- മുത്തലാഖ് ബില്‍ നാളെ ലോക്‌സഭ ചര്‍ച്ചക്കെടുക്കുമെന്ന് കരുതുന്നു. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ചര്‍ച്ച ചെയ്യുന്ന നാളെ ലോക്‌സഭയില്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന് എം.പിമാര്‍ക്ക് ബി.ജെ.പി വിപ്പുനല്‍കി. മുത്തലാഖ് ബില്ലിന്മേല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സഭയില്‍ എന്‍.ഡി.എക്ക് ഭൂരിപക്ഷമുണ്ടെങ്കിലും അവധിക്കാലമായതിനാല്‍ അംഗങ്ങള്‍ സഭയില്‍ വരാതിരുന്നാല്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാവും.
രണ്ട് എം.പിമാര്‍ അടുത്തിടെ രാജിവച്ചതോടെ ബി.ജെ.പിയുടെ അംഗസംഖ്യ 269 ആയി കുറഞ്ഞു. എന്‍.ഡി.എയിലെ ഇതര അംഗങ്ങളുടെ പിന്തുണ കൂടി ബി.ജെ.പിക്ക് കിട്ടുമെങ്കിലും 37 പേരുള്ള അണ്ണാ ഡി.എം.കെയുടെ സഹകരണവും ബി.ജെ.പി തേടിയിട്ടുണ്ട്. ബില്‍ ലോക്‌സഭ കടക്കുമെങ്കിലും രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാരിന് എളുപ്പമല്ല. നേരത്തെ ലോക്‌സഭ പാസാക്കിയ ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നത്.
ഒറ്റത്തവണ മൂന്ന് തലാഖും ചൊല്ലി വിവാഹ മോചനം ചെയ്യുന്ന രീതി ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമാക്കിയാണ് മുത്തലാഖ് ബില്‍. ഇങ്ങനെ വിവാഹ മോചനം ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്ന് വര്‍ഷം ജയിലാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.