ഖത്തർ ആവേശത്തണുപ്പിൽ

ലോകകപ്പിന് പന്തുരുളാൻ ഇനിയുമുണ്ട് 2010 ദിവസങ്ങൾ. പക്ഷെ 2022 ലെ ഖത്തർ ലോകകപ്പിന്റെ ആദ്യ വേദി ലോകകപ്പിനെ വരവേൽക്കാനൊരുങ്ങി. ഏവരെയും അമ്പരപ്പിച്ച് ഖത്തർ വാഗ്ദാനം ചെയ്ത കൂളിംഗ് ടെക്‌നോളജിയുമായി ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം പൂർണമായി ഒരുങ്ങി. ചൂടുള്ള ഖത്തറിൽ എങ്ങനെ ലോകകപ്പ് നടത്തുമെന്ന ചോദ്യത്തിന് ഖത്തറിന്റെ മറുപടിയായിരുന്നു എ.സി സ്റ്റേഡിയങ്ങൾ ഒരുക്കുമെന്ന്. കളിക്കളം ഒരുങ്ങി എന്നു മാത്രമല്ല, ഇന്നലെ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഫുട്‌ബോൾ ഫൈനലായ അമീർ കപ്പ് ഫൈനൽ അവിടെ സംഘടിപ്പിക്കുകയും ചെയ്തു ഖത്തർ. മുൻ ബാഴ്‌സലോണ ഇതിഹാസം ഷാവി ഹെർണാണ്ടസ് നയിച്ച അൽസദ്ദും അൽറയ്യാനുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. 
ലോകകപ്പ് ഏറ്റവും മികച്ച രീതിയിൽ നടത്തുമെന്ന ഖത്തറിന്റെ നിശ്ചയദാർഢ്യത്തിന്റെ ആദ്യ പ്രതിഫലനമായിരിക്കും ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം. രാജ്യത്തിന് ഇത് അതിരറ്റ അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷമാണെന്ന് ലോകകപ്പ് സംഘാടക സമിതിയിലെ പ്രമുഖ അംഗം നാസർ അൽഖതർ പറഞ്ഞു. ഞങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള സ്റ്റേഡിയമാണ് ഇത്. ആദ്യം പൂർണമായത് ഈ കളിക്കളമാണെന്നത് ഞങ്ങളുടെ ആഹ്ലാദം ഇരട്ടിപ്പിക്കുന്നു. ഇത് സ്വപ്‌നമല്ല. ഞങ്ങളുടെ കഠിനാധ്വാനത്തിന് ഫലം കാണുന്നു എന്നതിന്റെ തെളിവാണ്. കൺമുന്നിലുള്ള തെളിവാണ് ഇതെന്നത് ആവേശം കൊള്ളിക്കുന്നു -അദ്ദേഹം പറഞ്ഞു. ഇവിടെയാണ് 1992 ൽ ഖത്തർ തങ്ങളുടെ ഏറ്റവും വിജയങ്ങളിലൊന്നായ ഗൾഫ് കപ്പ് ഫുട്‌ബോൾ കിരീടം സ്വന്തമാക്കിയത്. ആവേശകരമായ പോരാട്ടത്തിൽ ഇറാനെ 4-3 ന് കീഴടക്കി സൗദി അറേബ്യ ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയതും ഈ കളിക്കളത്തിൽ തന്നെ.
1976 ൽ ആദ്യമായി പണിത സ്റ്റേഡിയം രണ്ടാം തവണയാണ് പൂർണമായും മാറ്റിപ്പണിയുന്നത്. നാൽപതിനായിരം പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനൽ വരെ മത്സരങ്ങൾ അരങ്ങേറുന്നുണ്ട്. 2019 ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനും ഈ സുന്ദരമായ വേദി ആതിഥ്യമരുളും. 
സ്റ്റേഡിയത്തിലുള്ള എല്ലാ കാണികൾക്കും ഇവിടത്തെ കൂളിംഗ് ടെക്‌നോളജിയുടെ സേവനം ലഭിക്കും. അഞ്ഞൂറോളം അഗ്രങ്ങളിലൂടെ പുറത്തുവിടുന്ന തണുപ്പ് സ്റ്റേഡിയത്തെ 23 ഡിഗ്രി ഊഷ്മാവിൽ ചൂടറിയാതെ നിർത്തും. സ്റ്റേഡിയത്തിന് ഒരു കിലോമീറ്റർ അകലെയുള്ള കൂളിംഗ് സെന്ററിൽ നിന്നാണ് തണുപ്പിച്ച വെള്ളം സ്റ്റേഡിയത്തിലെത്തിക്കുക. ഖത്തർ യൂനിവേഴ്‌സിറ്റിയിലെ ഡോ. സഊദ് ഗനിയാണ് ഈ സംവിധാനമൊരുക്കിയത്. 
ലോകത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സ്റ്റേഡിയമെന്ന് ഗനി അഭിമാനത്തോടെ പറയുന്നു. ഭൂമഖത്തെവിടെയും ഓപൺ എയർ എയർകണ്ടീഷൻഡ് സ്റ്റേഡിയമില്ലെന്ന് ഗനി ചൂണ്ടിക്കാട്ടുന്നു. മറ്റു കൂളിംഗ് സാങ്കേതികവിദ്യകളെക്കാൾ 40 ശതമാനം കുറവ് ഊർജമേ ഗനി തയാറാക്കിയ സാങ്കേതികവിദ്യക്ക് വേണ്ടൂ. എന്നാൽ 2022 ലെ ലോകകപ്പിൽ ഈ സംവിധാനം ഉപയോഗിക്കേണ്ടി വരില്ലെന്നതാണ് യാഥാർഥ്യം. ഖത്തറിന്റെ വാക്കിനെ പൂർണമായി വിശ്വസിക്കാതിരുന്ന ഫിഫ പതിവ് ജൂണിനു പകരം 2022 ലെ ലോകകപ്പ് തണുത്ത കാലാവസ്ഥയുള്ള നവംബർ, ഡിസംബറിലേക്ക് മാറ്റിയിരിക്കുകയാണ്. 
ഖലീഫ സ്റ്റേഡിയം പുതുക്കിപ്പണിയാൻ എത്ര തുക ചെലവിട്ടുവെന്ന് ഖത്തർ വെളിപ്പെടുത്തിയിട്ടില്ല. ഒമ്പതു കോടി ഡോളർ (600 കോടിയോളം രൂപ) എന്നാണ് അനുമാനം. ലോകകപ്പ് വേദികൾക്കും പരിശീലന ഗ്രൗണ്ടുകൾക്കുമായി 1000 കോടി ഡോളറാണ് (65,000 കോടിയോളം രൂപ) ഖത്തർ ചെലവിടുന്നത്. ലോകകപ്പ് ചെലവുകൾ 40 ശതമാനം വെട്ടിക്കുറക്കുന്നുവെന്ന് ഈയിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ തുടക്കത്തിൽ കണക്കാക്കിയ തുക ഏറെ കൂടുതലായതാണെന്നും വെട്ടിക്കുറച്ചതല്ലെന്നും നാസർ അൽഖതർ അറിയിച്ചു. ആഴ്ചയിൽ 50 കോടി ഡോളർ എന്ന നിരക്കിൽ 2022 വരെ ലോകകപ്പിനായി ഖത്തർ തുക ചെലവിടുമെന്ന് ധന മന്ത്രി അലി ശരീഫ് അൽ ഇമാദി പറഞ്ഞിരുന്നു. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ചെലവ് കൂടി പരിഗണിച്ചാണ് ഇത്. ഖലീഫ സ്റ്റേഡിയം പുനർനിർമാണത്തിനിടെ വീണ് ജനുവരിയിൽ ബ്രിട്ടിഷുകാരൻ സാക് കോക്‌സ് മരണപ്പെട്ടിരുന്നു. 
 

Latest News