കാസർകോട് ജില്ലകളുടെ അതിർത്തി ദേശവും കുടക് മലനിരകളോട് ചേർന്നു കിടക്കുന്നതുമായ കോട്ടഞ്ചേരിക്കടുത്ത എടക്കാനം മലനിരകളിലെ പ്രകൃതി രമണീയമായ പ്രദേശത്ത് വിനോദ സഞ്ചാര സാധ്യതകൾ ഏറെ. മട്ടന്നൂരിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം തുറന്നത് മേഖലയിലെ ടൂറിസം രംഗത്തിന് പുത്തനുണർവ് പകർന്നു.
കണ്ണിന് കുളിരു പകരുന്ന മലനിരകളിലെ പ്രകൃതി സൗന്ദര്യം മുതലെടുത്ത് ടൂറിസം പദ്ധതികൾ ഏറ്റെടുത്തു നടപ്പിലാക്കാനുള്ള സാധ്യതകളെ കുറിച്ച് പഠനം നടത്തിയപ്പോൾ റവന്യൂ വകുപ്പിനോ വനം വകുപ്പിനോ സ്വന്തമായി ഭൂമിയില്ലാത്തതായിരുന്നു ഒന്നാമത്തെ പ്രധാന കടമ്പയായത്. ഈ കടമ്പകൾ മറികടക്കാനുള്ള ആലോചനകൾ എത്തിനിന്നത് സ്വകാര്യ സംരംഭകരുടെ സഹായത്തോടെയുള്ള ടൂറിസം പദ്ധതികളെ കുറിച്ചായിരുന്നു.
സ്വകാര്യ സ്ഥാപനങ്ങൾ പദ്ധതികളുമായി സഹകരിക്കുമെന്ന് ഉറപ്പായതോടെ ടൂറിസം പദ്ധതികൾ റെയിലിൽ കയറുമെന്ന പ്രതീക്ഷ വളർന്നു. കിഴക്ക് കുടക് മലനിരകളുടെ മനോഹാരിതയും പടിഞ്ഞാറ് അറബിക്കടലിന്റെ ആരവവും. അതിനിടയിലായി വരുന്ന എടക്കാനം മലനിരയെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമായി മാറ്റണമെന്ന ചിന്തയിലാണ് കാസർകോട് ജില്ലാ കലക്ടർ ഡോ. സജിത് ബാബുവും സംഘവും ശ്രമകരമായി മല കയറിയത്. മലനിരകളുടെ ഹരിത ഭംഗിയിൽ കലക്ടർ മതിമറന്നു പോയി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ബിജു രാഘവൻ, മാനേജർ പി. സുനിൽ, വെള്ളരിക്കുണ്ട് തഹസിൽദാർ പി. കുഞ്ഞിക്കണ്ണൻ, ഡെപ്യൂട്ടി തഹസിൽദാർ പി.വി. മുരളി തുടങ്ങിയ ഉദ്യോഗസ്ഥരും കലക്ടറുടെ കൂടെ അവിടെ ചെന്നിരുന്നു. എടക്കാനം മലയിൽ ടൂറിസം പദ്ധതികൾ ആരംഭിച്ചാൽ അതിനെ മലയോരത്തെ പ്രധാന ആകർഷക കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാൻ എളുപ്പമാണ്. എടക്കാനം മലയിൽ നിന്ന് ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ വിനോദ സഞ്ചാരികളുടെ പറുദീസയായ റാണീപുരത്ത് എത്തിച്ചേരാൻ കഴിയും. മലമുകളിൽ നിന്ന് നോക്കിയാൽ അറബിക്കടൽ കാണുന്ന കൊട്ടാഞ്ചേരിയിലേക്കും കണ്ണൂർ ജില്ലയിലേക്കും വലിയ അകലമില്ല. നാല് കിലോമീറ്റർ അപ്പുറമാണ് മലയോര ഹൈവേ കടന്നുപോകുന്ന മരുതോം മല. ടൂറിസം പദ്ധതികൾക്ക് പറ്റിയ സ്ഥലമെന്ന നിലയിൽ ഇതിനെ പരിഗണിക്കാമെന്ന് ജില്ലാ കലക്ടർക്ക് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവി പരിപാടികൾക്ക് രൂപം നൽകാൻ ഉദ്യോഗസ്ഥന്മാർക്ക് നിർദേശവും നൽകി. എട്ട് ഏക്കർ സ്ഥലം ഇതിനായി വിട്ടുനൽകാൻ ഒരു കുടുംബം മുന്നോട്ടു വന്നതോടെ ജില്ലാ ഭരണകൂടം ഉഷാറായി.
സ്വകാര്യ വ്യക്തകൾ സ്ഥലം ഡി.ടി.പി. സിയുടെ പേരിലോ സംസ്ഥാന ടൂറിസം വകുപ്പിന്റെ പേരിലോ സൗജന്യമായി രജിസ്റ്റർ ചെയ്തു നൽകണം. സ്വകാര്യ ഭൂമി ആ തരത്തിൽ വിട്ടുകിട്ടിയാൽ മാത്രമാണ് ടൂറിസം വകുപ്പിന് പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിയുക. ടൂറിസം വകുപ്പിന്റെ ആർക്കിടെക്റ്റികൾ എത്തി സ്ഥലം കണ്ടതിന് ശേഷം രൂപരേഖ സമർപ്പിക്കണം. ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സ്ഥലവാസികൾ.






