അരുണാചൽ പ്രദേശും അസമും അടുത്തു 

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് പാലം ഇന്ന് തുറക്കുന്നതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കിടയിലെ അകലം കുറഞ്ഞു. രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് മേൽപാലമായ ബോഗിബീൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. 
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പാലത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ രണ്ട് തട്ടുകളായാണ് പാലം നിർമിച്ചിരിക്കുന്നത്. അസമിൽ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയിൽ റോഡ് പാതകൾ ബന്ധിപ്പിച്ചാണ്  4.94 കിലോമീറ്റർ നീളമുള്ള ഭീമൻ പാലം നിർമിച്ചത്. 
അരുണാചൽ പ്രദേശിൽനിന്ന് അസമിലേക്ക് യാത്ര ചെയ്യുന്നവർക്ക് യാത്ര ലഘൂകരിക്കാൻ ബോഗിബീൽ മേൽപാലം ഉപകാരപ്രദമാകും. 
ഇപ്പോൾ അരുണാചലിൽ നിന്ന് അസമിലേക്ക് പോകാൻ 500 കിലോമീറ്റർ ദൂരമാണെങ്കിൽ  ഡിസംബർ 25 മുതൽ 100 കിലോമീറ്ററായി ദൂരം കുറയുമെന്നാണ് അധികൃതർ പറയുന്നത്.
യാത്രാ സൗകര്യത്തിന് പുറമെ വടക്ക് കിഴക്കൻ അതിർത്തി പ്രദേശങ്ങളിലെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഇത് വഴിയൊരുക്കും. 
ഫണ്ടിന്റെ അപര്യാപ്തത ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ കാരണം 1997 ൽ മന്ത്രിസഭാ സമിതി അംഗീകരിച്ച ബോഗിബീൽ പാലം 21 വർഷത്തിന് ശേഷമാണ് പണി പൂർത്തിയായത്.   
1997 ൽ അന്നത്തെ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ തറക്കല്ലിടുമ്പോൾ 1767 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്. ഇടയ്ക്ക് നിർമാണ പ്രവൃത്തികൾ നിന്നുപോകുകയും 2007 ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ബോഗിബീൽ പാലം ദേശീയ പദ്ധതിയായി ഉയർത്തുകയും ചെയ്തു. 2014 ആയപ്പോഴേക്കും നിർമാണച്ചെലവ് 3230 കോടിയായി പുനർ നിശ്ചയിച്ചു. എന്നാൽ പാലം പണി പൂർത്തിയാക്കാൻ വീണ്ടും 2600 കോടി കൂടി വേണ്ടിവന്നു.
2002 ൽ അന്നത്തെ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയി നിർമാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്ത ബോഗിബീൽ പാലം 5920 കോടി രൂപ മുതൽമുടക്കിലാണ് പണി പൂർത്തിയാക്കിയത്.  
 

Latest News