കണ്ണൂര്‍- കണ്ണൂര്‍ സിറ്റി സ്‌നേഹതീരം വാട്‌സാപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ഉമ്മാമ സംഗമം ആവേശകരമായി. നാനൂറോളം മുത്തശ്ശിമാര്‍ പങ്കെടുത്ത സംഗമത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. സിറ്റിയിലെ പെണ്ണെഴുത്തുകാരെ അദ്ദേഹം അനമോദച്ചു. അടുത്ത മാസം ആദ്യത്തെ നോവല്‍ പ്രസിദ്ധീകരിക്കുന്ന ഷഹബാസ്, സിറ്റിയുടെ കഥാകാരി ഖമറുന്നിസ പാറപ്പുറത്ത്, ചിത്രകാരി ആമിന മുനവ്വറ, സ്‌നേഹതീരത്തിലെ മുതിര്‍ന്ന അംഗം ആയിശ ബാനു, സോഷ്യല്‍ മീഡിയ ചുമതലയുള്ള ജാസിം, ലോഗോ രൂപകല്‍പന ചെയ്ത ശംസീര്‍ എന്നിവരെ മെമന്റോ നല്‍കി ആദരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി.
വാട്സാപ്പ് ഗ്രൂപ്പുകളുടെ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിയാണ് ഉമ്മാമമാര്‍ ഒത്തുചേര്‍ന്നത്. ആയുസ്സിന്റെ നല്ലൊരു ഭാഗം മക്കള്‍ക്കും ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ചെലവഴിച്ച് നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെട്ട ഉമ്മാമാര്‍ക്ക് ഇതൊരു പുതിയ അനുഭവമായി.
കാച്ചിത്തുണിയും മാപ്പിള കുപ്പായവും കാച്ചിത്തട്ടവുമണിഞ്ഞ കുരുന്നുകള്‍ പനിനീര്‍ കുടഞ്ഞാണ് ദീനുല്‍ ഇസ്്‌ലാം സഭാ ഗേള്‍സ് സ്‌കൂളില്‍ ഒരുക്കിയ വേദിയിലേക്ക് മുത്തശ്ശിമാരെ വരവേറ്റത്. സിറ്റിയുടെ പൈതൃക പാനീയമായ ഫലൂദ നല്‍കിയും അത്തര്‍ പുരട്ടിയും വേദിയിലേക്ക് ആനയിച്ചു.