ഉമ്മാമമാരുടെ അപൂര്‍വ സംഗമം നാളെ കണ്ണൂര്‍ സിറ്റിയില്‍

കണ്ണൂര്‍- വാട്‌സാപ്പ് ഗ്രൂപ്പുകളുടെ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതി കണ്ണൂരില്‍ ഉമ്മാമമാര്‍ ഒത്തുചേരുന്നു. ആയുസ്സിന്റെ നല്ലൊരു ഭാഗം മക്കള്‍ക്കും ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ചെലവഴിച്ച് നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെട്ട ഉമ്മാമാരുടെ സംഗമം കണ്ണൂര്‍ സിറ്റി സ്നേഹതീരം വാട്സാപ്പ് ഗ്രൂപ്പാണ് ഒരുക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടിന് ദീനുല്‍ ഇസ്്ലാംസഭ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണു പരിപാടി.

കാച്ചിത്തുണിയും മാപ്പിള കുപ്പായവും കാച്ചിത്തട്ടവുമണിഞ്ഞ കുരുന്നുകള്‍ പനിനീര്‍ കുടഞ്ഞ് മുത്തശ്ശിമാരെ സ്‌കൂള്‍ കവാടത്തില്‍ വരവേല്‍ക്കും. സിറ്റിയുടെ പൈതൃക പാനീയമായ ഫലൂദ നല്‍കിയും അത്തര്‍ പുരട്ടിയും വേദിയിലേക്ക് ആനയിക്കും. ജീവിത സായാഹ്നത്തിലെ അപൂര്‍വ അനുഭവമായി രേഖപ്പെടുത്തുന്ന ഒത്തുചേരലില്‍ നാടിന്റെ പഴയകാല ചരിത്രങ്ങളും ജീവിതാനുഭവങ്ങളും ഇവര്‍ അയവിറക്കും.
കണ്ണൂര്‍ സിറ്റിയില്‍ ജനിച്ച് ജില്ലക്കകത്തും പുറത്തുമായി കഴിയുന്ന നൂറുകണക്കിന് ഉമ്മാമമാര്‍ പരിപാടിയില്‍ പങ്കെടുക്കും. പഴമക്കാരുടെ ഒത്തുചേരലിനു ഹരം പകരാന്‍ പുതുതലയില്‍പ്പെട്ടവരും ഉണ്ടാവും.

http://malayalamnewsdaily.com/sites/default/files/2018/12/24/cityvv.jpeg

കണ്ണൂര്‍ സിറ്റിയെന്ന പൗരാണിക നഗരത്തിന് സ്ത്രീ വിദ്യാഭ്യാസത്തിലൂടെ പേരും പെരുമയും സമ്മാനിച്ച തോപ്പ് എന്ന പഴയ കോയിക്കാന്റെ പള്ളിക്കൂടമാണ് ഇന്നത്തെ ദീനുല്‍ ഇസ്്ലാം സഭ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. നൂറ്റാണ്ട് പിന്നിട്ട സ്‌കൂളിന്റെ മുറ്റത്ത് ഒന്നിച്ചുകളിച്ചവര്‍ക്കും കൂടെ പഠിച്ചവര്‍ക്കും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍കൂടി കാണാനും സ്നേഹം പങ്കുവയ്ക്കാനും അവസരമൊരുക്കുകയാണ് സ്നേഹതീരം ഗ്രൂപ്പ്. ഏറ്റവും മുതിര്‍ന്നവരെ ആദരിക്കുകയും എല്ലാവര്‍ക്കും മൊമന്റോകള്‍ സമ്മാനിക്കുകയും ചെയ്യും. തികച്ചും വ്യത്യസ്തത നിറഞ്ഞ അന്തരീക്ഷത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഉമ്മാമമാരുടെ കലാപ്രകടനങ്ങള്‍ അരങ്ങേറും.

 

Latest News