Sorry, you need to enable JavaScript to visit this website.

ദുബായ് പാർക്കിൽ മലയാളികളെ ഊട്ടുന്ന പാക്കിസ്ഥാനിയുടെ കഥ കേൾക്കൂ...

ദുബായ്- ജോലി നഷ്ടപ്പെട്ട് ഭക്ഷണവും താമസസ്ഥലവുമില്ലാതെ കഷ്ടപ്പെടുന്ന മലയാളികളടക്കമുള്ളവർക്ക് ഭക്ഷണമൊരുക്കി പാക്കിസ്ഥാൻ സ്വദേശി. ദുബായ് പാർക്കിൽനിന്നാണ് അതിർത്തികളില്ലാത്ത സ്‌നേഹത്തിന്റെ ഈ കഥ. നജിം തിരുവനന്തപുരം എന്നയാളാണ് ഈ കഥ ഫെയ്‌സ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. 

നജീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ദുബൈയിൽ എന്റെ പരിസരത്ത് നടന്ന ആത്മീയ സംഗമം കഴിഞ്ഞു മടങ്ങുമ്പോഴാണ് അടുത്തുള്ള പാർക്കിലൂടെ മുറിച്ചു കടക്കേണ്ടിവന്നത്. തിരക്ക് ഒഴിഞ്ഞ പാതിരാസമയം. പിറ്റേന്ന് പ്രവർത്തി ദിവസമായതിനാൽ പലരും സ്ഥലം വിട്ടിരുന്നു. അവിടെ കണ്ട ബെഞ്ചിൽ കുറച്ചു നേരം സ്വസ്ഥമായി ഇരിക്കാൻ തീരുമാനിച്ചു. അൽപം കഴിഞ്ഞപ്പോൾ പാർക്കിൽ ലൈറ്റുകൾ അണഞ്ഞു. നിമിഷങ്ങൾക്കകം അവിടെ ഒരു മരച്ചുവട്ടിൽ അഞ്ചു ചെറുപ്പക്കാർ കിടക്ക വിരിക്കാൻ തുടങ്ങി. പുറത്ത് നല്ല തണുപ്പാണ്. ഈ തണുപ്പത്ത് ഈ ചെറുപ്പക്കാർ ഈ പാർക്കിൽ കിടക്ക വിരിച്ച് ഉറങ്ങാൻ കിടന്നത് എന്നെ അത്ഭുതപ്പെടുത്തി. അതും ദുബൈ എന്ന ഈ മെട്രോപൊളിറ്റൻ സിറ്റിയിൽ ! അവർ സംസാരിക്കുന്ന ഭാഷ ശ്രദ്ധിച്ചു. ശുദ്ധ മലയാളം !! അവർ കിടക്കുന്നതിന്റെ അരികിലുള്ള ഒരു ബെഞ്ചിൽ ഒരു പാകിസ്താനിയും ഇരിക്കുന്നുണ്ട്. അദ്ദേഹം ഇവരോട് ഇനിയും ഷീറ്റും പുതപ്പുമൊക്കെ വേണോ എന്ന് ചോദിക്കുന്നുമുണ്ട്.
ഞാൻ മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു.സംസാരിച്ചു തുടങ്ങി. ഒരാൾ കഴിഞ്ഞ ആറു മാസമായി ഈ മരച്ചുവട്ടിലാണ് താമസം. മറ്റുള്ളവരും ആഴ്ചകളായി. പലേ കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ടവരും ജോലി അന്വേഷകരും കൂട്ടത്തിൽ ഉണ്ട്. പൊതുമാപ്പ് ആനുകൂല്യത്തിൽ ഒരാൾക്ക് വിസ ശെരിയായയിട്ടുണ്ട്. മറ്റൊരാൾക്ക് എയർപോർട്ടിൽ െ്രെഡവർ ജോലിയും ശരിയായിട്ടുണ്ട്. പക്ഷെ താമസത്തിനോ ഭക്ഷണത്തിനോ ക്യാഷ് ഇല്ലാതെ വിഷമത്തിലാണ്. അവരുടെ വിഷമാവസ്ഥ ആരെയും അറിയിക്കാതെ ഈ മരച്ചുവട്ടിൽ ജീവിതം തള്ളിനീക്കുകയാണ് ഇവർ. അടുത്തിരുന്ന പാകിസ്താനിയെ ചൂണ്ടി കാട്ടി ഇദ്ദേഹമാണ് ഞങ്ങളുടെ സ്‌പോൺസർ എന്ന് തമാശയായി അതിലൊരാൾ പറഞ്ഞു. അങ്ങനെ ഞാൻ അയാളോട് സംസാരിച്ചു തുടങ്ങി. കഴിഞ്ഞ നിരവധി മാസങ്ങളായി ഇവർക്ക് ഭക്ഷണം കൊടുക്കുന്നത് ഈ പാകിസ്താനി സഹോദരനാണ്. പാർക്കിൽ ഇവരുടെ വിഷമാവസ്ഥ അറിഞ്ഞു സഹായിക്കാൻ മുന്നോട്ട് വന്നതാണ് അദ്ദേഹം. ഏതോ സ്ഥാപനത്തിൽ പെയിന്റർ ആണ്. സ്ഥിരം ജോലി ഇല്ല. വല്ലപ്പോഴും ജോലിക്ക് പോയി കിട്ടുന്ന കാശിനു ഇവർക്ക് ഭക്ഷണം വാങ്ങി കൊടുക്കും .അടുത്ത് കാണുന്ന വില്ലയിലെ പാകിസ്താനിയായ വാച്ച്മാനോട് പറഞ്ഞു ഇവർക്ക് പ്രാഥമിക കൃത്യങ്ങൾക്ക് ഉള്ള സൗകര്യങ്ങളും ഇദ്ദേഹം ഏർപ്പെടുത്തി കൊടുത്തിട്ടുണ്ട്. പക്ഷെ ആ വില്ലയിലെ ആളുകൾ ഡ്യൂട്ടിക്ക് പോയ ശേഷം മാത്രമേ പറ്റുകയുള്ളൂ.
കഴിഞ്ഞ രണ്ടു ദിവസമായി ഈ മനുഷ്യന് ക്യാഷ് ഇല്ലാത്തത് കൊണ്ട് അദ്ദേഹത്തിന്റെ എമിറേറ്റ്‌സ് ഐ.ഡി അടുത്തുള്ള റെസ്റ്റാറന്റിൽ കൊടുത്തിട്ടാണ് ഭക്ഷണം വാങ്ങി ഇവർക്ക് നൽകുന്നത് എന്നറിഞ്ഞപ്പോൾ എന്റെ കണ്ണുനീരിനെ പിടിച്ചു നിർത്താൻ ആയില്ല. അപ്പോൾ അദ്ദേഹം എന്നെ ചുറ്റി പിടിച്ച പറഞ്ഞു ' ഭായി, അല്ലാഹ് കെ ബന്ധെ കൊ ഹം ഖാനാ ദിയെഗെ തോ അല്ലാഹ് ഹം കോ ഖാന ദിയേഗാ...' ( അല്ലാഹുവിന്റെ അടിമകൾക്ക് നമ്മൾ ഭക്ഷണം കൊടുത്താൽ അള്ളാഹു നമുക്ക് ഭക്ഷണം നൽകും...).
.അല്ലാഹുവിന്റെ ഭൂമിയിൽ അവൻ നൽകുന്ന അനുഗ്രഹങ്ങൾ എല്ലാം ആസ്വദിച്ച് ജീവിക്കുന്ന നമുക്കിടയിലും ഇങ്ങനെ ഒക്കെ ഉള്ളവർ ഉണ്ടെന്നുള്ളത്ത് വല്ലാതെ നൊമ്പരപ്പെടുത്തുന്നു.അള്ളാഹു ആ സഹോദരന്മാർക്ക് നല്ലതു വരുത്തട്ടെ. ആ പാകിസ്താനി സഹോദരന് ഖൈറും ബറക്കത്തും ആഫിയ്യത്തും ഏറ്റി കൊടുക്കട്ടെ.ആമീൻ
നജിം തിരുവനന്തപുരം 
ദുബൈ 
24.12.2018
 

Latest News