ദുബായ്- പ്രവാസികളുടെ നിക്ഷേപത്തിന് പലിശയായല്ലാതെ ഡിവിഡന്റ് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി. ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. പദ്ധതി അവസാനഘട്ടത്തിലാണെന്നും അതിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മൂന്നു ലക്ഷം മുതല്‍ 51 ലക്ഷം വരെ പ്രവാസികള്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. അഞ്ചു ലക്ഷം നിക്ഷേപം നടത്തുന്നവര്‍ക്ക് 5500 രൂപയാണ് പ്രതിമാസം ഡിവിഡന്റ് ലഭിക്കുക. ഉയര്‍ന്ന തുകയ്ക്ക് അതിന് ആനുപാതികമായും ഡിവിഡന്റ് ലഭിക്കും. നിക്ഷേപങ്ങള്‍ കിഫ്ബിയിലേക്കോ ലാഭകരമായ ഏതെങ്കിലും പാതയിലേക്കോ പോകുന്നതിനാല്‍ ഇതൊരു പലിശ പദ്ധതിയല്ല. പദ്ധതിയില്‍നിന്ന് വായ്പ അനുവദിക്കുകയുമില്ല. 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും നിക്ഷേപം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപം നടത്തി മൂന്നു വര്‍ഷത്തിനു ശേഷം ഡിവിഡന്റ് കിട്ടിത്തുടങ്ങും. മരണശേഷം ഏറ്റവും അടുത്ത ആശ്രിതര്‍ക്ക് ഡിവിഡന്റ് ലഭിക്കും. നേരത്തെ ആരംഭിച്ച് ക്ഷേമനിധിക്കു പകരമല്ല ഈ പദ്ധതി. ക്ഷേമനിധിയില്‍ മൂന്നര ലക്ഷം പേരാണ് അംഗങ്ങളായുള്ളതെന്നും കൂടുതല്‍ പേരെ അംഗങ്ങളാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.
കേരളത്തില്‍ നടത്തുന്നതു പോലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി യു.എ.ഇയില്‍ യുവജനോല്‍സവം സംഘടിപ്പിക്കുമെന്ന് നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ വരദരാജന്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ച് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ വിവിധ എമിറേറ്റുകളില്‍ നടത്തും. തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങള്‍ ദുബായില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.






