ലഖനൗ- ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ ഞായറാഴ്ച ഒരു പരിപാടിക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനു നേരെ മുദ്രാവാക്യം. രാമ ക്ഷേത്രം നിര്‍മ്മാണം ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ സിങിന്റെ പ്രസംഗം തടസപ്പെടുത്തിയത്. ലഖ്‌നൗവില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ സിങിനെതിരെ യുവാക്കളാണ് രാമക്ഷേത്ര വിഷയം ഉന്നയിച്ച് ബഹളം വച്ചത്. രാമ ക്ഷേത്രം നിര്‍മ്മിക്കുന്ന പാര്‍ട്ടിക്കു മാത്രമെ ഞങ്ങള്‍ വോട്ടു ചെയ്യൂ എന്നായിരുന്നു യുവാക്കളുടെ മുദ്രാവാക്യം. ബഹളം കടുത്തതോടെ യുവാക്കളോട് ശാന്തരാകാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ശാന്തരായാല്‍ മാത്രമെ പ്രസംഗം തുടരൂവെന്ന് രാജ്‌നാഥ് സിങും വ്യക്തമാക്കി. നാലു മിനിറ്റ് തുടര്‍ന്ന ബഹളം അവസാനിച്ചതോടെ അദ്ദേഹം പ്രസംഗം തുടര്‍ന്നു.