Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൂത്തികൾ 18,000 കുട്ടികളെ  മരണത്തിലേക്ക് തള്ളിവിട്ടു

റിയാദ് - സായുധ പരിശീലനം നൽകി 18,000 കുട്ടികളെ യുദ്ധമുഖത്തേക്ക് നിയോഗിച്ച് ഹൂത്തികൾ മരണത്തിലേക്ക് തള്ളിവിട്ടുവെന്ന് റിപ്പോർട്ട്. 
ഒരിക്കലും പേര് വെളിപ്പെടുത്തരുതെന്ന അഭ്യർഥിച്ച മുതിർന്ന ഹൂത്തി സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കൻ ന്യൂസ് ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം പുറത്തു വിട്ടത്. ഐക്യരാഷ്ട്ര സഭക്ക് മുമ്പാകെ ലഭിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം ഹൂത്തികൾ സായുധ പോരാളികളാക്കിയ കുട്ടികളുടെ എണ്ണം വെറും 2721 പേരാണ്. എന്നാൽ യഥാർഥ കണക്ക് ഇതിലും എത്രയോ മടങ്ങ് കൂടുതലാണെന്ന് അസോസിയേറ്റഡ് പ്രസ് വ്യക്തമാക്കുന്നു. ഹൂത്തികൾ നിർദാക്ഷിണ്യം ക്രൂരമായ പീഡനമുറകൾക്ക് വിധേയമാക്കുമെന്ന് ഭയന്ന് യെമനി കുടുംബങ്ങളിലെ ആരും തങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ട് പോയി, യുദ്ധമുഖത്തേക്ക് നിയോഗിച്ച കാര്യം പുറത്തുപറയാറില്ലെന്നും വാർത്താ ഏജൻസി നിരീക്ഷിച്ചിട്ടുണ്ട്. യുദ്ധരംഗത്ത് മാത്രമല്ല, തടവുകാരെ ക്രൂരമായി ശിക്ഷിക്കുന്നതിനും ഹൂത്തികൾ കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. 
തടവുകാരുടെ തലക്കും ശരീര ഭാഗങ്ങളും ഇരുമ്പ് ദണ്ഡുകൾ ചൂടാക്കി വെക്കുന്നതിനും കുട്ടികൾ നിർബന്ധിതരാകുന്നുണ്ടെന്ന് അമേരിക്കൻ വാർത്താ ഏജൻസി പറഞ്ഞു. യെമനി കുടുംബങ്ങളിൽ ഭക്ഷണത്തിന് പോലും വകയില്ലാത്ത കടുത്ത ദാരിദ്ര്യത്തെയാണ് ഹൂത്തികൾ ചൂഷണം ചെയ്യുന്നത്. ഭക്ഷണവും പണവും കിട്ടുമെന്ന ചിന്തയാണ് പലരെയും കുട്ടികളെ യുദ്ധരംഗത്തേക്ക് വിട്ടുകൊടുക്കാൻ പ്രേരിപ്പിക്കുന്നത്. 
യുദ്ധമേഖലയിൽ മനുഷ്യ കവചമായി ഉപയോഗിച്ചും ആയുധമണിയാൻ നിർബന്ധിച്ചും ഹൂത്തികൾ എത്രമാത്രം കുട്ടികളെ ചൂഷണം ചെയ്യുന്നുവെന്നതിന് തെളിവായി അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ട്വിറ്റർ പേജിൽ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. അന്താരാഷ്ട്ര നയതന്ത്ര നിയമങ്ങളും മാനുഷിക മൂല്യങ്ങളും ഹൂത്തികൾ നിരന്തരം ലംഘിക്കുകയാണെന്നും ഖാലിദ് രാജകുമാരൻ കുറ്റപ്പെടുത്തി. ഇതിന് അവർക്ക് ഇറാന്റെ പിന്തുണ നിർലോഭം ലഭിക്കുന്നുമുണ്ട്. കുട്ടികളിൽ പോലും ഇറാൻ വിപ്ലവ ചിന്തകൾ അവർ കുത്തിനിറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
ഈയിടെ, സൗദി അറേബ്യ നേതൃത്വം നൽകുന്ന ഇസ്‌ലാമിക് സഖ്യസേന ഹൂത്തികൾക്ക് കീഴിൽ യുദ്ധം ചെയ്യാൻ നിർബന്ധിതരായ ആയിരക്കണക്കിന് കുട്ടികളെ മോചിപ്പിച്ച് ആവശ്യമായ സഹായങ്ങൾ നൽകി കുടുംബങ്ങൾക്ക് കൈമാറിയിരുന്നു. 

 

Latest News