Sorry, you need to enable JavaScript to visit this website.

ഉത്തരവാദപ്പെട്ടവർ ചോദിച്ചാൽ സഹ. ബാങ്കുകൾ വിവരങ്ങൾ നൽകും- പിണറായി

കൊച്ചി- സഹകരണ പ്രസ്ഥാനങ്ങൾക്കെതിരെ ഒരു കൂട്ടർ  നെറികെട്ട പ്രചാരണമാണ് നടത്തുന്നതെന്നും ഇതിനു പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.  നാടു തുലഞ്ഞാലും തരക്കേടില്ല എന്ന മട്ടിൽ ഇക്കൂട്ടർ വിതണ്ഡവാദങ്ങൾ ഉന്നയിക്കുകയാണെന്നു സഹകരണമേഖലാ സംരക്ഷണ കാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു.
സാധാരണക്കാർ വിയർത്തുണ്ടാക്കിയ പണമാണ് സഹകരണബാങ്കുകളിലുള്ളത്. സഹകരണ ബാങ്കുകൾക്ക് ഒന്നും മറച്ചുവെക്കാനില്ല. ഉത്തരവാദപ്പെട്ട ഏജൻസികൾ നിയമാനുസൃതമായി ആവശ്യപ്പെട്ടാൽ വിവരങ്ങൾ ലഭ്യമാക്കാൻ ബാങ്കുകൾ തയാറാണ്. 80,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളിലുണ്ട്. അതിൽ ഒരു ചില്ലിക്കാശു പോലും ഒരു നിക്ഷേപകനും നഷ്ടപ്പെടില്ലെന്നു സർക്കാർ ഉറപ്പു നൽകുകയാണ്.

കെവൈസി മാനദണ്ഡം പൂർണമായി പാലിക്കാൻ സഹകരണ മേഖല തയാറാണ്. കള്ളപ്പണമുണ്ടെങ്കിൽ അന്വേഷിച്ചു കണ്ടെത്തട്ടെ. ഏതെങ്കിലുമൊരാൾ ഒരു അക്കൗണ്ടിൽ കള്ളപ്പണം നിക്ഷേപിച്ചാൽ അതിനെങ്ങനെ ബാങ്ക് കുറ്റക്കാരാകും? പണം പിൻവലിക്കുന്നതിൽ സഹകരണബാങ്കുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ റിസർവ് ബാങ്ക് തയാറാകണം. മറ്റു ബാങ്കുകൾക്ക് നൽകിയിരിക്കുന്ന ആനുകൂല്യങ്ങൾ സഹകരണബാങ്കുകൾക്കും അനുവദിക്കണം.
അസാധുവാക്കിയ നോട്ട് സ്വീകരിക്കാൻ അനുമതി നൽകണം. ഈ ആവശ്യങ്ങളെല്ലാം കേന്ദ്രധനമന്ത്രിയെ നേരിൽ കണ്ട് പലവട്ടം ഉന്നയിച്ചതാണ്. മുഷിച്ചിലില്ലാതെ സംസാരിക്കുന്നയാളായതിനാൽ അദ്ദേഹത്തെ കാണാൻ ചെല്ലുമ്പോൾ തോന്നും എല്ലാം ഇപ്പോ ശരിയാക്കിത്തരുമെന്ന്. ആ രീതിയിലാണ് ഇടപെടൽ. എന്നാൽ, കണ്ടു മടങ്ങുന്നതിനു പിന്നാലെ ഉള്ള സൗകര്യം കൂടി ഇല്ലാതാക്കി ഉത്തരവു വരും. ഒരു ധനമന്ത്രിയിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അനുഭവമാണു കേരളത്തിനുണ്ടായതെന്നും പിണറായി പറഞ്ഞു.
 

Latest News