നിപ രക്തസാക്ഷി ലിനിയ്ക്ക് പത്മശ്രീ നല്‍കണം-എം.പിമാര്‍ 

ന്യൂഡല്‍ഹി: നിപ രക്തസാക്ഷിയായ, ലോകത്തിന്റെ മുഴുവന്‍ ആദരം ഏറ്റുവാങ്ങിയ നഴ്‌സ് ലിനി പുതുശ്ശേരിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവര്‍ ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും കത്തുനല്‍കി.പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ താല്‍ക്കാലിക നഴ്‌സ് ആയിരുന്നു ലിനി. കേഴിക്കോട് നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുമ്പോഴാണ് ലിനി രോഗബാധിതയായി മരിച്ചത്. മറ്റുള്ളവര്‍ മടിച്ചു നിന്ന സ്ഥാനത്താണ് രോഗികളെ ശുശ്രൂഷിക്കാന്‍ ലിനി മുന്നോട്ടുവന്നത്. ലിനി ശുശ്രൂഷിച്ച രോഗികളുടെ മരണത്തിനു പിന്നാലെയാണ് ലിനിയുടെയും അന്ത്യം. മരിക്കുന്നതിന് തൊട്ടു മുമ്പ് ഭര്‍ത്താവ് സജീഷിനു ലിനി എഴുതിയ വികാര നിര്‍ഭരമായ കുറിപ്പ് ഏവരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു.
വിദേശത്തായിരുന്ന സജീഷ്, ലിനി ഗുരുതരാവസ്ഥയിലായതോടെ നാട്ടിലെത്തുകയായിരുന്നു. സജീഷിനെ സര്‍ക്കാര്‍ പേരാമ്പ്ര കൂത്താളി പ്രൈമറി ആരോഗ്യ കേന്ദ്രത്തില്‍ ക്ലര്‍ക്കായി നിയമിച്ചിരുന്നു. ലിനിയുടെ നിസ്വാര്‍ത്ഥ സേവനത്തെ മാനിച്ചും രണ്ടു കുരുന്നുകളടങ്ങുന്ന കുടുംബ പശ്ചാത്തലം കണക്കിലെടുത്തുമാണ് അദ്ദേഹത്തിന് സര്‍ക്കാര്‍ ജോലി നല്‍കിയത്.

Latest News