ദുബായ്- സിറിയയിൽനിന്ന് സൈന്യത്തെ പിൻവലിക്കാനുളള അമേരിക്കൻ തീരുമാനം പശ്ചിമേഷ്യയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്ന് സൂചന. സിറിയയിൽനിന്നടക്കമുള്ള അമേരിക്കൻ സേനയുടെ പിൻമാറ്റം ഐസിസ് തടവുകാരുടെ മോചനത്തിന് വഴിവെക്കുമോ എന്ന ആശങ്ക മേഖലയിൽ നിലനിൽക്കുന്നുണ്ട്. ഇതിന് പുറമെ, അമേരിക്കയുടെ പിൻമാറ്റം കാര്യങ്ങൾ ഇറാന് അനുകൂലമാക്കിത്തീർക്കും എന്ന് പശ്ചിമേഷ്യൻ ഗൾഫ് രാജ്യങ്ങൾ വിശ്വസിക്കുന്നു. സിറിയൻ പ്രതിസന്ധി ഇറാൻ മുതലെടുക്കുമെന്നും അത് വഴി മേഖലയിൽ സ്വാധീനം ഉറപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു. ഇറാൻ പിന്തുണയുളള സായുധ ഗ്രൂപ്പുകളുടെ സിറിയൻ പ്രവേശനം ഇത് വരെ തടഞ്ഞത് അമേരിക്കൻ സാന്നിധ്യമായിരുന്നു. അമേരിക്കൻ പിൻമാറ്റത്തോടെ ഇറാന് ലെബനാൻ സായുധ ഗ്രൂപ്പായ ഹിസ്ബുളളയുമായി സിറിയ വഴി അനായാസം ആയുധക്കൈമാറ്റത്തിൽ ഏർപ്പെടാൻ കഴിയും. ഇത് മേഖലയിൽ പുതിയ സംഘർഷങ്ങൾക്കും പ്രതിസന്ധിക്കും കാരണമാവും എന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ചിലതെങ്കിലും വിശ്വസിക്കുന്നു. സിറിയയിലെ സംഘർഷ മേഖല എണ്ണ സമ്പുഷ്ടമാണെന്നും അമേരിക്കൻ പിൻമാറ്റത്തോടെ ഇറാൻ എണ്ണപ്പാടങ്ങളിൽ കൈവെക്കാനുളള സാധ്യതയുണ്ടെന്നുമാണ് വിദഗ്ധാഭിപ്രായം.
കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പട്ടാളത്തെ സിറിയയിൽ നിന്ന് പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. നിലവിൽ രണ്ടായിരത്തോളം അമേരിക്കൻ സൈനികരാണ് സിറിയയിൽ ഉളളത്. മിക്ക യൂറേപ്പ്യൻ രാജ്യങ്ങളും തീരുമാനത്തിൽ ആശങ്ക അറിയിച്ചപ്പോൾ റഷ്യ തീരുമാനത്തെ സ്വാഗതം ചെയ്തു. തീരുമാനത്തെത്തുടർന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജി വെച്ചിരുന്നു.