തിരുവനന്തപുരം-മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണും തിരുവനന്തപുരം സ്വദേശി ചാരുലതയും വിവാഹിതരായി. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കള്‍ പങ്കെടുത്തു.വൈകുന്നേരം സുഹൃത്തുക്കളും സഹതാരങ്ങളും അടക്കമുള്ളവര്‍ക്ക് വേണ്ടി ഗിരിദീപം കണ്വെന്ഷന് സെന്ററില്‍ പ്രത്യേക വിവാഹ സല്കാരം നടക്കും.
മാര്‍ ഇവാനിയോസ് കോളജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. തിരുവനന്തപുരം ലയോള കോളജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്.ആര്) വിദ്യാര്‍ഥിനിയാണ് ചാരുലത.
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയും ദല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനുമായിരുന്ന വിശ്വനാഥന് സാംസണിന്റെയും ലിജിയുടെയും മകനാണ് സഞ്ജു. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയും മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി. രമേഷ് കുമാറിന്റെയും എല്‍.ഐ.സി. തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസിലെ പി.ആന്‍ഡ് ജി.എസ്. വിഭാഗം ഡിവിഷണല്‍ മാനേജര്‍ ആര്. രാജശ്രീയുടെയും മകളാണ് ചാരുലത.