- സിറിയയിലെ സേനാ പിന്മാറ്റത്തിൽ വിയോജിപ്പ്
- അഫ്ഗാനിൽനിന്ന് പകുതി യു.എസ് സൈനികരെ പിൻവലിക്കുന്നു
വാഷിംഗ്ടൺ- അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു. സിറിയയിൽനിന്ന് പൂർണമായും, അഫ്ഗാനിസ്ഥാനിൽ നിന്ന് ഭാഗികമായും യു.എസ് സൈന്യത്തെ പിൻവലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിലുള്ള വിയോജിപ്പാണ് മുൻ സൈനിക ജനറൽ കൂടിയായ മാറ്റിസിന്റെ രാജിക്ക് കാരണമെന്നറിയുന്നു.
സിറിയയിൽ ഐ.എസിനെ പരാജയപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ അവിടെ അമേരിക്കൻ സേന തുടരേണ്ട കാര്യമില്ലെന്ന് പറഞ്ഞാണ് ട്രംപ് കഴിഞ്ഞ ദിവസം സേനാ പിന്മാറ്റം പ്രഖ്യാപിച്ചത്. അമേരിക്ക ഇനി മിഡിൽ ഈസ്റ്റിലെ പോലീസുകാരൻ ആയിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ സുദീർഘമായ സൈനിക സേവന പാരമ്പര്യമുള്ള ഫോർ സ്റ്റാർ ജനറലായ മാറ്റിസിന് ഒട്ടും ദഹിക്കുന്നതായിരുന്നില്ല ഈ തീരുമാനം. 'താങ്കളുടേതുമായി യോജിക്കുന്ന കാഴ്ചപ്പാടുള്ള ഒരു പ്രതിരോധ സെക്രട്ടറിയെയാണ് താങ്കൾക്കാവശ്യം. അതുകൊണ്ട് സ്ഥാനമൊഴിയേണ്ടത് എന്റെ അവകാശമാണെന്ന് ഞാൻ കരുതുന്നു'വെന്ന് ട്രംപിന് അയച്ച രാജിക്കത്തിൽ 68 കാരൻ പറഞ്ഞു.
ട്രംപും മാറ്റിസുമായുള്ള വിയോജിപ്പ് കുറേ കാലം മുമ്പേ ആരംഭിച്ചതാണ്. അയാൾ ഒരു ഡെമോക്രാറ്റിനെ പോലെയാണെന്നും ഏത് സമയവും അയാൾ പോയേക്കാമെന്നുമാണ് ഇക്കഴിഞ്ഞ ഒക്ടോബറിൽ ഒരു ചാനൽ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്.
ഇതോടെ, ട്രംപുമായി തെറ്റിപ്പിരിയുന്ന പ്രമുഖരുടെ പട്ടികയിൽ ഒരാൾ കൂടിയായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ. മക്മാസ്റ്റർ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി എന്നിവർ നേരത്തെ പിരിഞ്ഞു. ഇരുവരും മാറ്റിസിനെ പോലെ മുൻ ജനറൽമാരാണ്. ഇതു കൂടാതെയാണ് മുൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പിരിയുന്നത്. കൂടാതെ യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലിയും പദവി രാജിവെച്ചിരുന്നു. പ്രഗൽഭരായ സഹായികളൊക്കെ പിരിഞ്ഞു പോകുന്നതോടെ യു.എസ് ഭരണം ട്രംപിൽ മാത്രമായി ചുരുങ്ങുകയാണ്.
സിറിയയിലെ പ്രവർത്തിക്കുന്ന രണ്ടായിരം യു.എസ് സൈനികരെയും ഉടൻ പിൻവലിക്കുമെന്ന് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. സഖ്യകക്ഷികളെയും മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളെയും ഞെട്ടിക്കുന്നതായിരുന്നു തീരുമാനം.
അതിനിടെ, അഫ്ഗാനിസ്ഥാനിലെ യു.എസ് സൈന്യത്തിൽ പകുതി പേരെ പിൻവലിക്കാനും ട്രംപ് തീരുമാനിച്ചു. നിലവിൽ 14,000 അമേരിക്കൻ സൈനികരാണ് അഫ്ഗാനിലുള്ളത്. ഇതിൽ ഏഴായിരം പേരെ വൈകാതെ പിൻവലിക്കുമെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ അറിയിച്ചു. അമേരിക്കൻ സേനയുടെ ഏറ്റവും ദീർഘമായ യുദ്ധമാണ് അഫ്ഗാനിസ്ഥാനിലേത്ത്. 2001ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു പിന്നാലെ അഫ്ഗാനിലെത്തിയതാണ് യു.എസ് സൈന്യം. ഒബാമ ഭരണ കാലത്ത് സൈനികരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തിയിരുന്നു. എന്നാൽ അഫ്ഗാനിൽ വീണ്ടും താലിബാൻ കരുത്താർജിക്കുമ്പോഴാണ് അമേരിക്കൻ സേന പിൻവാങ്ങുന്നതെന്നതാണ് വിരോധാഭാസം.






