കൊച്ചി- ഡോ.അംബേദ്കറുടെ ജീവിതവും ദര്‍ശനവും പറയുന്ന ബാബാ സാഹെബ് അംബേദ്കര്‍ എന്ന സിനിമ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുന്നതിന് സാധ്യത തെളിയുന്നതായി കേരള ദലിത് പാന്തര്‍ നേതാവ് കെ.അംബുജക്ഷാന്‍ അറിയിച്ചു. ഹൈക്കോടതിയില്‍ നിയമപോരാട്ടം തുടരുന്നതിനിടെ സിനിമയുടെ സംവിധായകന്‍ ജബ്ബാല്‍ പട്ടേല്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടതായി അംബുജാക്ഷന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. ഇംഗ്ലീഷില്‍ നിര്‍മിച്ച ഈ സിനിമ വിവിധ പ്രാദേശിക ഭാഷകളിലേക്ക് ഡബ്ബ് ചെയ്തിരുന്നു.
കെ.അംബുജാക്ഷന്റെ ഫേസ് ബുക്ക് പോസ്റ്റ്
ബാബാസാഹെബ് ഡോ.അംബേദ്കറുടെ ജീവിതവും ദര്‍ശനവും അഭ്രപാളികളില്‍ സന്നിവേശിപ്പിച്ച ചലച്ചിത്രകാവ്യം മലയാളത്തിലേക്ക് മൊഴിമാറ്റം നിര്‍വഹിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കാണാന്‍ ആഗ്രഹിക്കുന്ന കേരളീയരായ ജനലക്ഷങ്ങള്‍ക്ക് പ്രതീക്ഷ നല്ലിക്കൊണ്ടൊരു സന്തോഷ വാര്‍ത്ത.
ഭരത് മമ്മൂട്ടിക്ക് അന്തര്‍ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത 'ബാബാ സാഹെബ് അംബേദ്കര്‍' എന്ന ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത സിനിമ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ദലിത് പാന്തര്‍ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച്, അഡ്വ.കെ.കെ.പ്രീത മുഖാന്തിരം ഞാന്‍ കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് പോസിറ്റീവ് ആയ ഒരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍, സംവ്വിധായകനായ ജബ്ബാര്‍ പട്ടേല്‍ എന്നിവരോട് കോടതി വിശദീകരണം തേടിയിരുന്നു.
ഇന്നലെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജബ്ബാര്‍ പട്ടേല്‍ എന്നെ നേരിട്ട് ഫോണില്‍ ബന്ധപ്പെടുകയും മലയാളത്തില്‍ ഉടന്‍ തന്നെ സിനിമ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തു. വ്യവഹാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ കെ.ഡി.പിയുടെ നിര്‍ലോഭമായ പിന്തുണ ആവശ്യപ്പെട്ട അദ്ദേഹം ഒരു സുപ്രധാന കാര്യം കൂടി വെളിപ്പെടുത്തുകയുണ്ടായി.
പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ടവരുള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള ലോക പ്രശസ്തരായ ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സിനിമ മലയാളത്തില്‍ വരുന്നതിനോട് കടുത്ത വിയോജിപ്പാണുള്ളതെന്ന്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ജബ്ബാര്‍ പട്ടേല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തായാലും ഈ സിനിമ മലയാളത്തില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയെന്നതല്ലാതെ യാതൊരു വിട്ടുവീഴ്ചയും നമ്മള്‍ ആഗ്രഹിക്കുന്നില്ല. ബാബാ സാഹേബ് അംബേദ്ക്കറെ സ്‌നേഹിക്കുന്ന മുഴുവന്‍ സദ്ഹൃദയരുടെയും ജനാധിപത്യ
വാദികളുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
ജയ് ഭീം.
കെ.അംബുജാക്ഷന്‍
പ്രസീഡിയം മെമ്പര്‍
കേരള ദലിത് പാന്തേഴ്സ്.
ഫോണ്‍: 9747555478