Sorry, you need to enable JavaScript to visit this website.
Thursday , January   20, 2022
Thursday , January   20, 2022

വേഷം കെട്ടാത്ത ജീവിതവുമായി ബാപ്പയും മകനും

പണ്ട് സ്‌കൂളിൽ പഠിക്ക്ണ കാലത്ത് ഒപ്പനക്ക് മണവാട്ടിയാകാൻ താൽപര്യം ഉള്ളോരോട് കൈ പൊക്കാൻ പറഞ്ഞാൽ, പെൺപിള്ളാര് മൊത്തത്തിലങ്ങ് കൈ പൊക്കും...
എന്താ കാര്യം..
പുതിയാപ്പിള ഈ ഞമ്മളായിരുന്നു.
ആ, അതൊക്കെ ഒരു കാലം
(ആദിൽ മുബാറക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)

നീ നേരെ ചൊവ്വേ സ്‌കൂളിൽ പോയിരുന്നെങ്കിൽ മതിയായിരുന്നു. അന്ന് ഒപ്പന കണ്ട കുട്ടികൾ നിന്നെ എറിഞ്ഞ കല്ല് വെച്ചായിരുന്നു ഞാൻ പിന്നീട് വീട് പണിതത്. 
(ആദിൽ മുബാറക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് സയ്യിദ് അലി അലിയാറുടെ കമന്റ്) 

രണ്ടു പേർ തമ്മിൽ ഫെയ്‌സ്ബുക്കിൽ നടക്കുന്ന സ്വാഭാവിക പോസ്റ്റ്-കമന്റ് ഇടപാടിലെന്തിരിക്കുന്നുവെന്ന് ചിന്തിക്കാൻ വരട്ടെ. പോസ്റ്റിട്ട ആദിൽ മുബാറക്കും കമന്റിട്ട സയ്യിദ് അലി അലിയാരും തമ്മിലുള്ള ബന്ധമറിയണ്ടേ. അലിയാരുടെ മകനാണ് ആദിൽ മുബാറക്.  
വീട്ടകങ്ങളിൽ മൗനം കൊണ്ടും പുറത്ത് ഗൗരവം കൊണ്ടും വല നെയ്ത് ഉറ്റവരാരും കൂട്ടിരിക്കാനില്ലാത്ത ഒരു കാലത്ത് ഇതൊരു സാമ്പിൾ വെടിക്കെട്ട് മാത്രമാണ്. ഇതുപോലുള്ള നിരവധി പോസ്റ്റും കമന്റും ഇരുവരുടെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകളിൽ കാണാം.
കഴിഞ്ഞ പത്തു വർഷമായി റിയാദിനും ദമാമിനും മധ്യേ മജ്മയിലെ മന്നാർ സുദൈർ സ്‌കൂളിൽ ജോലിയിലാണ് സയ്യിദ് അലി അലിയാർ. അറബ് വിദ്യാർഥികൾ മാത്രം പഠനം നടത്തുന്ന സ്‌കൂളിൽ ജോലിക്കാരന്റെ വേഷം.  
മജ്മയിൽ എത്തുന്നതിനും മുമ്പ് അലിയാർക്കൊരു കാലമുണ്ടായിരുന്നു. അതു കാണണമെങ്കിൽ പഴയകാല സിനിമകളിലേക്ക് സൂക്ഷിച്ചുനോക്കണം. അവിടെ അലിയാരെ കാണാനാകും. ലാത്തിച്ചാർജിൽ പരിക്കേറ്റ് കിടക്കുന്നതോ, പോലീസ് വണ്ടിക്ക് കല്ലെറിയുന്നതോ, വെറുതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതോ, പപ്പടം വിൽപനക്കാരനായോ അങ്ങനെ ഏതെങ്കിലുമൊക്കെ റോളിൽ അലിയാർ മിന്നിമറിഞ്ഞിട്ടുണ്ടാകും. സിനിമ പോലെ മിന്നിമറിയാൻ പറ്റുന്ന ഒന്നല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞ നിമിഷം അലിയാർ നാട്ടിൽനിന്ന് മിന്നി. നാട്ടുകാരൻ നൽകിയ വിസയിൽ മജ്മയിലേക്കായിരുന്നു ആ യാത്ര.  ഇന്ത്യക്കാരായ പതിനഞ്ചു പേരാണ് അന്ന് അലിയാർക്കൊപ്പം മജ്മയിലെ സ്‌കൂളിൽ ജോലിക്കാരായി എത്തിയത്. അവരിൽ പതിനാലു പേരും തിരിച്ചുപോയി. ഇപ്പോഴും അലിയാർ ഇവിടെയുണ്ട്. ഉമ്മാക്ക് അലിയാരെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. വലിയ പോലീസ് ഓഫീസറാക്കണമെന്ന് ഉപ്പാക്കും. അധ്യാപകനായാൽ മതി എന്നായിരുന്നു അലിയാരുടെ മോഹം. അധ്യാപകനായില്ലെങ്കിലും സ്‌കൂളിൽ തന്നെ ജോലി ലഭിച്ചു. മജ്മയിലെ സ്‌കൂളിൽ ശുചീകരണ തൊഴിലാളിയാണെന്ന് അലിയാർ ഏറെ അഭിമാനത്തോടെ പറയുന്നു. 

പഠനത്തിൽ മികവ് കാണിച്ചില്ലെങ്കിലും കലാപ്രതിഭയായി പലവട്ടം കിരീടം ചൂടി. തിരുവനന്തപുരം അമ്പലത്തറ യു.പി സ്‌കൂളിൽ അലിയാർ പഠിച്ച ഏഴു കൊല്ലവും ബാലപ്രതിഭ മറ്റാരുമായിരുന്നില്ല.  പൂന്തുറ സെന്റ് തോമസിൽ എട്ടു മുതൽ പത്തു വരെയുള്ള കാലത്ത് കലാ പ്രതിഭ പുരസ്‌കാരവും അലിയാർക്കൊപ്പം നിന്നു. നാടകാഭിനയത്തിനും മോണോആക്ടിനും പാട്ടിനും ഡാൻസിനുമെല്ലാം സമ്മാനങ്ങൾ വാരിക്കൂട്ടുന്നതിനിടെ ചിലയിടത്ത് തോറ്റുപോയി. എട്ടാം ക്ലാസിൽ ഒന്നും പത്താം ക്ലാസിൽ രണ്ടും വട്ടം തോറ്റു. പരീക്ഷയേക്കാൾ വലിയ പരീക്ഷണം ജീവിതത്തിലുണ്ടായിരുന്നതിനാലും ജയിക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാത്തതിനാലും പിന്നെ എഴുതാനിരുന്നില്ലെന്ന് അലിയാര് പറയുന്നു. ആറാം ക്ലാസ് മുതൽ ജോലിക്ക് പോകാൻ തുടങ്ങി ശീലിച്ച അലിയാർക്ക് ഒന്നിനും മടിയുണ്ടായിരുന്നില്ല. സ്‌കൂൾ വെക്കേഷൻ സമയത്ത് ഒരു ചായക്കടയിൽ വെള്ളം കോരലും പാത്രം കഴുകലുമായി തുടങ്ങിയ പണിയാണ്. പിന്നീടങ്ങോട്ട് ഓരോ വെക്കേഷനും ഏതെങ്കിലും ചായക്കടകളിൽ ആ ജോലികൾ തുടർന്നുകൊണ്ടിരുന്നു. അതാണ് മജ്മയിലെ സ്‌കൂളിൽ വരെ എത്തിയത്. 
സൗദിയിൽ എന്ത് ജോലിയാണെന്ന് ചോദിച്ചാൽ അലിയാരുടെ മറുപടി ഇങ്ങനെയാണ്. ഞാൻ ദിവസവും പതിനേഴ് ബാത്ത് റൂമുകൾ കഴുകുകയും ക്ലാസ് മുറികളും സ്‌കൂൾ കോമ്പൗണ്ടുകളും വൃത്തിയാക്കുകയും ചെയ്യുന്നു. ജോലി ചെറുതോ വലുതോ എന്നതിലല്ല, നാം അത് സന്തോഷത്തോടു കൂടി ചെയ്യുമ്പോൾ മാത്രമേ ജീവിതത്തിലും ആഹ്ലാദം നിറയുകയുള്ളൂവെന്ന് അലിയാർ കൂട്ടിച്ചേർക്കുന്നു. ജോലിയെ മാനിക്കുക. അപ്പോൾ നമ്മെയും മറ്റുള്ളവർ മാനിക്കും -തന്റെ വാക്കുകളെ ജീവിതാനുഭവത്താൽ അലിയാർ സാക്ഷ്യപ്പെടുത്തുന്നു. ഫെയ്‌സ്ബുക്ക് വഴി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ അലിയാർക്ക് തുണയാകുന്നതും ജീവിതം വഴി നേടിയെടുത്ത അനുഭവ പാഠം തന്നെയാണ്. 


ജീവിത വിജയം സ്വന്തമാക്കിയ ഒരു വ്യക്തിയാണ് ഞാൻ. ആ നിലയിൽ ഞാൻ സന്തോഷവാനാണ്. വിദേശ നിർമിത കാറുകൾ സ്വന്തമാക്കാൻ പറ്റുന്നതല്ല കേമത്തം. കൊട്ടാരം പോലുള്ള വീടിന് ഉടമയാകുന്നതുമല്ല ലക്ഷ്യം. നല്ല കൂട്ടുകാരും കുടുംബവും കൂടെയുണ്ടാകുക -ഇതൊക്കെയാണ് ജീവിതത്തിലെ വിജയങ്ങൾ. വെള്ളക്കോളർ ജോലി മാത്രമേ ചെയ്യൂ എന്ന് വാശിപിടിച്ച് ശൂന്യതയിൽ കണ്ണുംനട്ടിരിക്കുന്നവർ ദയവായി എന്നെ വിധിക്കരുത്, വധിക്കുകയുമരുത്. അലിയാരുടെ വിജയ മന്ത്രമാണിത്.
പരീക്ഷയിലെ വിജയത്തിനുമപ്പുറത്തേക്ക് ലോകത്തെ നേരിടാനുള്ള പ്രാപ്തി നേടുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് അലിയാർ തന്റെ മക്കളെയും ഓർമിപ്പിക്കുന്നു. വെറുതെ ഓർമിപ്പിക്കുകയല്ല, സമ്മാനം നൽകി തന്നെയാണ് മക്കളുടെ തോൽവിയെ അലിയാർ നെഞ്ചോട് ചേർത്തുവെച്ചത്. 
രണ്ടാമത്തെ മകൻ ആദിൽ മുബാറക് ആദ്യവട്ടം പത്താം ക്ലാസ് തോറ്റപ്പോൾ അലിയാർ ഒരു മൊബൈൽ ഫോൺ സമ്മാനം നൽകി. രണ്ടാം വട്ടം തോറ്റപ്പോൾ ജീൻസും ടി ഷർട്ടും സമ്മാനിച്ചു. മൂന്നാം വട്ടം തോറ്റപ്പോൾ വീട്ടിൽ സർക്കാരം നടത്തി ആദരിച്ചു. നാലാം വട്ടം സമ്മാനം നൽകാൻ ബാപ്പക്ക് ആദിൽ അവസരം നൽകിയില്ല. ജയിച്ചെങ്കിലും പിന്നീട് പഠിക്കാൻ ആദിൽ പോയില്ല. ജയിച്ചവരെ മാത്രമല്ല, തോറ്റവരെയും ആലിംഗനം ചെയ്യണമെന്ന് അലിയാർ പറയുന്നു. ഈ ലോകം തോറ്റവരുടേത് കൂടിയാണ്. 
പ്രവാസത്തിനിടെ തന്റെ കലയെ അലിയാർ മറന്നുവെച്ചിട്ടില്ല. ലജ്ജ എന്ന പേരിൽ ഷോർട്ട് ഫിലിമിൽ കഥയെഴുതി അഭിനയിച്ചു. ഖഹ്‌വ എന്ന പുതിയ ഷോർട്ട് ഫിലിം ഉടൻ റിലീസാകും. ഇതിന് പുറമെയാണ് ഫെയ്‌സ്ബുക്ക് വഴിയുള്ള കലാ, സന്നദ്ധ പ്രവർത്തനവും. പരിചയക്കാരായ സൗദികളെല്ലാം അലിയാരെ ഖഹ്‌വ വിദഗ്ധൻ എന്നാണ് വിളിക്കാറുള്ളത്.
തിരുവനന്തപുരം പൂന്തുറ മാണിക്കംവിളാകം സ്വദേശിയായ അലിയാർ ഇപ്പോൾ കൊല്ലം കടയ്ക്കൽ ദർപ്പക്കാടിലാണ് താമസം. ഭാര്യ ഹസീന ബീവി. മറ്റൊരു മകൻ: അജ്മല്‍ പര്‍വീണ്‍. വാഗമണിൽ ഒരു റിസോർട്ടിൽ ജോലി ചെയ്യുന്നു. 

ചിലരോട് മാത്രം തോന്നാറുള്ള ഒരു പ്രത്യേക ഇഷ്ടമുണ്ട്. നമ്മൾ അറിയാതെ ഉടലെടുത്ത പ്രണയം. (ആദിൽ മുബാറക് ഫെയ്‌സ്ബുക്ക് പോസ്റ്റ്)
ഞാനിവിടെ സൗദിയിൽ നിതാഖാത്തിലും ലെവിയിലും പെട്ട് ഉഴലുന്നു. നീയവിടെ പ്രണയിച്ചും പ്രണയിച്ചും എഫ്.ബിയിൽ പ്രണയ പോസ്റ്റിട്ടും അർമാദിക്കുന്നു. എനിക്ക് പ്രാണവേദന, മകനായ നിനക്ക് പ്രണയലേഖന വായന. (സയ്യിദ് അലി അലിയാരുടെ കമന്റ്)
ആ ബാപ്പയും മോനും തന്നെ. 

ചിലരോട് മാത്രം തോന്നുന്ന 
ഒരു പ്രത്യേക ഇഷ്ടം അലിയാരെ 
വ്യത്യസ്തനാക്കുന്നു...


 

Latest News