Sorry, you need to enable JavaScript to visit this website.

ഫലസ്തീൻ അഭയാർഥികൾക്ക് ഫണ്ട് രൂപീകരിക്കും

ജിദ്ദ - ഫലസ്തീൻ അഭയാർഥികളെ ലക്ഷ്യമിട്ട് പ്രത്യേക ഫണ്ട് സ്ഥാപിക്കുന്നതിന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന് നീക്കം. ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യു.എൻ ഏജൻസി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ഏജൻസിക്കുള്ള സഹായം അമേരിക്ക നിർത്തിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അഭയാർഥികൾക്ക് സഹായം എത്തിക്കുന്നതിന് പ്രത്യക ഫണ്ട് സ്ഥാപിക്കാൻ ഒ.ഐ.സി ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി 50 ലക്ഷത്തോളം ഫലസ്തീനി അഭയാർഥികൾക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. 
ഫലസ്തീൻ അഭയാർഥികൾക്ക് പ്രത്യേക ഫണ്ട് സ്ഥാപിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യാൻ ജിദ്ദ ഒ.ഐ.സി ആസ്ഥാനത്ത് അംഗ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങിയ എക്‌സ്‌പേർട്ട് കമ്മിറ്റി യോഗം ചേർന്നു. ഫലസ്തീൻ അഭയാർഥികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യു.എൻ ഏജൻസി കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നതെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിൻ പറഞ്ഞു. യു.എൻ അഭയാർഥി ഏജൻസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അഭയാർഥികളുടെ സാമ്പത്തിക, സാമൂഹിക, മാനുഷിക സ്ഥിതിഗതികളെ ബാധിച്ചിട്ടുണ്ട്. യു.എൻ ഏജൻസിക്കുള്ള സഹായം അമേരിക്ക നിർത്തിവെച്ചത് 50 ലക്ഷത്തിലേറെ വരുന്ന ഫലസ്തീൻ അഭയാർഥികളെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികൾ നിർത്തിവെക്കുന്നതിനും കുറക്കുന്നതിനും ഇടയാക്കും. 
ഫലസ്തീൻ അഭയാർഥി പ്രശ്‌നത്തിലെ പുതിയ സംഭവ വികാസങ്ങൾക്ക് ഒ.ഐ.സി വലിയ ശ്രദ്ധയാണ് നൽകുന്നത്. യു.എൻ ഏജൻസി നേരിടുന്ന വെല്ലുവിളികൾ ലോക നേതാക്കളുമായുള്ള യോഗങ്ങളിലും ആശയ വിനിമയങ്ങളിലും വിശകലനം ചെയ്തിട്ടുണ്ട്. ഒ.ഐ.സി രാജ്യങ്ങൾ നൽകിയ നിർലോഭ സഹായങ്ങൾ ഈ വർഷം യു.എൻ ഏജൻസി നേരിട്ട കമ്മി നികത്തുന്നതിന് സഹായകമായിട്ടുണ്ട്. കർത്തവ്യം തുടരുന്നതിന് സാധിക്കുന്നതിന് യു.എൻ ഏജൻസിക്ക് അംഗ രാജ്യങ്ങൾ കൂടുതൽ സഹായങ്ങൾ നൽകണം. യു.എൻ ജനറൽ അസംബ്ലി 194 ാം നമ്പർ തീരുമാനത്തിന് അനുസൃതമായി ഫലസ്തീൻ അഭയാർഥികളുടെ പ്രശ്‌നത്തിന് നീതിപൂർവകമായ പരിഹാരമുണ്ടാക്കുന്നതിന് ആഗോള സമൂഹം ചരിത്രപരവും രാഷ്ട്രീയവും നിയമപരവും മാനുഷികവുമായ ഉത്തരവാദിത്തം വഹിക്കണമെന്നും ഒ.ഐ.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. 
കഴിഞ്ഞ മേയിൽ ബംഗ്ലാദേശിലെ ധാക്കയിൽ ചേർന്ന ഒ.ഐ.സി വിദേശ മന്ത്രിമാരുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഫലസ്തീൻ അഭയാർഥികളെ ലക്ഷ്യമിട്ട് പ്രത്യേക ഫണ്ട് സ്ഥാപിക്കുന്നതിനെ കുറിച്ച് എക്‌സ്‌പേർട്ട് കമ്മിറ്റി യോഗം ചേർന്നത്. 
യോഗത്തിലെ തീരുമാനങ്ങൾ അടുത്ത മാർച്ചിൽ അബുദാബിയിൽ ചേരുന്ന വിദേശ മന്ത്രിമാരുടെ 46 ാമത് യോഗത്തിന് സമർപ്പിക്കും.  
 

Latest News