Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലെ തൊഴിലിടങ്ങളിൽ  ലൈംഗിക പീഡനം സാർവത്രികം

കൊച്ചി- കേരളത്തിൽ തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം സാർവത്രികമെന്ന് എക്‌സൈസ്, ലേബർ ആന്റ് സ്‌കിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ് ഐ.എ.എസ്. സ്ത്രീകളെ ആരും ശാക്തീകരിക്കേണ്ട ആവശ്യമില്ലെന്നും അവരുടെ സ്വതന്ത്രമായ വളർച്ചയ്ക്ക് സമൂഹം കൽപിച്ചിട്ടുള്ള വിഘാതങ്ങൾ നീക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. തൊഴിൽശാലകളിലെ സ്ത്രീശാക്തീകരണം സംബന്ധിച്ച് ഫിക്കി സ്‌റ്റേറ്റ് കൗൺസിൽ ആരോഗ്യസേവന സംഘടനയായ സ്വസ്തിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ആഷാ തോമസ്.  
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം കേരളീയ സമൂഹത്തിലെ എല്ലാ മേഖലകളിലും നിലനിൽക്കുന്നു. ഐ. എ. എസിൽ ആയാലും സർക്കാർ ഡിപ്പാർട്ട്‌മെന്റുകളിലായാലും ആശുപത്രികളിലായാലും തൊഴിലിടങ്ങളിലെല്ലാം ഇതൊരു യാഥാർഥ്യമാണ്. 
സർക്കാർ ഡിപ്പാർട്ട്‌മെന്റുകളിൽ വരെ സ്ത്രീകൾ ലൈംഗിക പീഡനം നേരിടേണ്ടിവരുമ്പോൾ ഒരു പരിരക്ഷയുമില്ലാത്ത ഇതര മേഖലകളിലെ സ്ത്രീകളുടെ സ്ഥിതി വളരെ മോശമാണ്. പുരുഷൻമാർക്ക് ആധിപത്യമുള്ള തൊഴിൽ മേഖലകളിലേക്ക് സ്ത്രീകൾ കൂടുതലായി കടന്നു വരാതിരിക്കുകയും സ്ത്രീകൾ ഭൂരിപക്ഷമുള്ള മേഖലകളിൽ അവർ സുരക്ഷ കണ്ടെത്തുകയും ചെയ്യുന്നതിന്റെ ഒരു കാരണം ഇതാണ്. 
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്ത്രീവിവേചനം ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. കൂടുതൽ വരുമാനമുള്ള തൊഴിൽമേഖലകളിൽ പുരുഷൻമാർ ആധിപത്യം ചെലുത്തുകയും സ്ത്രീകൾക്ക് വരുമാനം കുറഞ്ഞ മേഖലകൾ മാറ്റിവെക്കുകയും ചെയ്യുന്ന രീതി നമ്മുടെ വ്യവസ്ഥിതിയുടെ തന്നെ ഭാഗമായി നിലനിൽക്കുകയാണ്. 
ഡോക്ടർമാരുടെ സ്‌പെഷ്യാലിറ്റി നിശ്ചയിക്കുന്നതിൽ തുടങ്ങി യു.പി.എസ്. സി നിയമനങ്ങളിൽവരെ അത് പ്രകടമാണ്. സ്ത്രീകൾ മാത്രം ജോലി ചെയ്തിരുന്നപ്പോൾ നഴ്‌സിംഗ് മേഖലയിൽ വേതനം തുച്ഛമായിരുന്നു. അവിടേക്ക് പുരുഷൻമാർ കടന്നുവന്നപ്പോഴാണ് യൂണിയൻ ഉണ്ടായതും വേതനം വർധിച്ചതും. 
പുരുഷൻ ചെയ്യുന്ന ഏത് ജോലിയും സ്ത്രീകൾക്കും ചെയ്യാൻ കഴിയുമെന്ന യാഥാർഥ്യം മുന്നിൽ നിൽക്കുമ്പോഴും പുരുഷാധിപത്യ വ്യവസ്ഥിതിക്കനുസരിച്ചാണ്  സമൂഹം സ്ത്രീയെ പാകപ്പെടുത്തിയെടുക്കുന്നത്. ഏഴ് മണിക്ക് ശേഷം സ്ത്രീകൾ റോഡിലൂടെ തനിച്ച് യാത്ര ചെയ്യാൻ പാടില്ലെന്ന് അവർ പറയുന്നു. പുരുഷൻമാർക്ക് ജോലി കഴിഞ്ഞ് ഒരുപാട് നേരമ്പോക്കുകൾക്ക് സമയം കണ്ടെത്താനാകുന്നുണ്ട്. എന്നാൽ സ്ത്രീകൾ ജോലി കഴിഞ്ഞാൽ ഏഴ് മണിക്ക് മുമ്പ് വീട്ടിലെത്തി പ്രതിഫലമില്ലാത്ത അടുക്കള ജോലികൾ ചെയ്യണമെന്നാണ് സമൂഹം നിർബന്ധിക്കുന്നത്. 
തൊഴിലിടങ്ങളിലെ ലിംഗസമത്വം ഉൽപാദനക്ഷമതയും രാജ്യത്തിന്റെ ജി.ഡി.പിയും വർധിപ്പിക്കുമെന്ന് ഡോ. ആഷാ തോമസ് പറഞ്ഞു. സ്ത്രീകൾക്ക് തുല്യപരിഗണന നൽകിയപ്പോൾ സ്ഥാപനങ്ങളുടെ വരുമാനം വർധിച്ചുവെന്ന് മക്കെൻസി നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. 
സ്വസ്തി ഡയറക്ടർ ജോസഫ് ജൂലിയൻ കെ.ജി, നികാസു ഗ്രൂപ്പ് ചെയർമാൻ കെ.കെ പിള്ള, ഡബ്ല്യൂ.എഫ്.ബി ബെയേഡ് ആന്റ് കമ്പനി സി.ഇ.ഒ സുചിത്ര  മേനോൻ, അമാൽഗം ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.പി കമ്മത്ത് എന്നിവർ സംസാരിച്ചു. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർ ദീപക് എൽ.അസ്വാനി സ്വാഗതവും ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു നന്ദിയും പറഞ്ഞു. 

Latest News