വിശ്വസുന്ദരി മത്സരത്തില്‍ സ്‌പെയിനിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍

വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുത്ത ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ് സ്‌പെയിനിന്റെ ആഞ്ചല പോണ്‍സെ. 27 കാരിയായ ഈ മോഡല്‍ ലോകസുന്ദരി പട്ടം നേടിയില്ല. എന്നാല്‍ അത് തന്നെ തളര്‍ത്തില്ലെന്നാണ് ആഞ്ചല പറയുന്നത്. 'മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് തനിക്ക് ആദരവും അഭിമാനവുമാണ്' എന്ന് ആഞ്ചല ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു. 'ഇത് നിങ്ങള്‍ക്കുള്ളതാണ്. ദൃഷ്ടിയില്‍ പെടാത്തവര്‍ക്കായി, ശബ്ദമില്ലാത്തവര്‍ക്കായി ഉള്ളതാണ്. കാരണം, നമുക്കും ആദരവും ബഹുമാനവും സ്വാതന്ത്ര്യവും നിറഞ്ഞ ഒരു ലോകത്തിന് അര്‍ഹതയുണ്ട്'. 'ഇന്ന് ഞാന്‍ ഇവിടെയെത്തി നില്‍ക്കുന്നു. അഭിമാനത്തോടെ എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച്, സ്ത്രീകളെയും മനുഷ്യാവകാശത്തെയും പ്രതിനിധീകരിച്ച്' എന്ന് ആഞ്ചല പറയുന്നു. വ്യക്തിപരമായി ഈ മത്സരത്തില്‍ പങ്കെടുത്തു എന്നതിനുമപ്പുറം തന്റെ രാജ്യത്തെ സംസ്‌കാരിക പ്രതിനിധിയായിട്ട് കൂടിയാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും ആഞ്ചല വ്യക്തമാക്കുന്നു.
ഞായറാഴ്ച ബാങ്കോക്കില്‍ വച്ച് നടന്ന മത്സരത്തില്‍ സ്‌പെയിനിനെ പ്രതിനിധീകരിക്കുന്ന ബാറ്റ ഡി കോല  എന്ന വേഷമണിഞ്ഞാണ് ആഞ്ചല വേദിയിലെത്തിയത്. മത്സരത്തിന്റെ സംഘാടകര്‍ക്കും അതൊരു പുതിയ അനുഭവം തന്നെ ആയിരുന്നു. പോണ്‍സെ വേദിയിലേക്ക് വരുന്ന വീഡിയോയ്‌ക്കൊപ്പം അവര്‍ കുറിച്ചത്, 'എ വാക്ക് ടു റിമംബര്‍. എ ഹിസ്‌റ്റോറിക് നൈറ്റ് ഫോര്‍ മിസ് യൂണിവേഴ്‌സ്' എന്നാണ്. 

Latest News