മദീന - നഗരത്തിലെ സെക്കണ്ടറി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിക്ക് പരീക്ഷാ ഹാളിൽ പ്രസവവേദന. സൈക്കോളജിക്കൽ, സോഷ്യൽ സ്കിൽസ് പരീക്ഷക്കിടെയാണ് പരീക്ഷാ ഹാളിൽ വിദ്യാർഥിനി നൂറക്ക് അപ്രതീക്ഷിതമായി പ്രസവവേദന ആരംഭിച്ചത്. തങ്ങൾ ഒരുമിച്ച് ഒരു വാഹനത്തിലാണ് രാവിലെ സ്കൂളിലെത്തിയതെന്നും ആ സമയത്ത് പ്രസവവേദനയുടെ ഒരു ലക്ഷണവും നൂറയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്നും സഹപാഠി പറഞ്ഞു. ചോദ്യപ്പേപ്പർ കൈയിൽ കിട്ടി മിനിറ്റുകൾക്കകം നൂറക്ക് ക്ഷീണവും വേദനയും ആരംഭിക്കാൻ തുടങ്ങി. വേദന കടിച്ചമർത്തി വേഗത്തിൽ പരീക്ഷ പൂർത്തിയാക്കി ഉത്തരപേപ്പർ കൈമാറിയപ്പോഴേക്കും വേദനയും കടുത്ത ക്ഷീണവും മൂലം നൂറ നിലത്തുവീണു. അധ്യാപികമാർ ഓടിയെത്തി വിദ്യാർഥിനിയെ പരീക്ഷാ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി.
സ്കൂൾ അധികൃതർ വിദ്യാർഥിനിയുടെ രക്ഷകർത്താവിനെയും റെഡ് ക്രസന്റിലും വിവരമറിയിച്ചു. റെഡ് ക്രസന്റ് ആംബുലൻസിൽ മെറ്റേണിറ്റി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വിദ്യാർഥിനി പെൺകുഞ്ഞിന് ജന്മം നൽകി. ആവശ്യമായ ആരോഗ്യ പരിചരണങ്ങൾ നൽകുന്നതിന് വിദ്യാർഥിനിയെയും കുഞ്ഞിനെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.