തിരുവനന്തപുരം- കവിയൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സി.ബി.ഐക്ക് മനംമാറ്റം. പെൺകുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നതിന് തെളിവില്ലെന്ന് സി.ബി.ഐ ഡിവൈ.എസ്.പി അനന്തകൃഷ്ണൻ സി.ബി.ഐ പ്രത്യേക കോടതിയെ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട നാലാമത്തെ റിപ്പോർട്ടാണ് സി.ബി.ഐ ഇന്ന് സമർപ്പിച്ചത്. നേരത്തെ സമർപ്പിച്ച മൂന്നു റിപ്പോർട്ടിലും അച്ഛനാണ് മകളെ പീഡിപ്പിച്ചത് എന്ന നിലപാടായിരുന്നു സി.ബി.ഐ സ്വീകരിച്ചത്. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും എന്നാൽ അതിൽ രാഷ്ട്രീയ നേതാക്കളുടെയും അവരുടെ മക്കളുടെയും പങ്ക് കണ്ടെത്താനായിട്ടില്ലെന്നും 24 പേജുള്ള റിപ്പോർട്ടിലുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് 72 മണിക്കൂർ മുമ്പും പെൺകുട്ടി പീഡനത്തിനിരയായി. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു. ലത നായരുടെ പ്രേരണയാലാണ് പെൺകുട്ടിയും കുടുംബവും ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കേസിൽ ജനുവരി 30ന് വീണ്ടും വാദം കേൾക്കും. കേസിൽ ആകെയുള്ള പ്രതി ലത നായരാണ്. 63 സാക്ഷികളുണ്ട്. നാലു വർഷത്തിനിടെ ഒട്ടേറെ വൈരുധ്യങ്ങൾ നിറഞ്ഞ റിപ്പോർട്ടാണ് സി.ബി.ഐ പലപ്പോഴായി കോടതിയിൽ സമർപ്പിച്ചത്.