രാഹുലിന് കഴിയും, പ്രധാനമന്ത്രിയാക്കണമെന്ന് സ്റ്റാലിന്‍

ചെന്നൈ- ഫാഷിസ്റ്റ് മോഡി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്നും രാജ്യത്തെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് ശക്തിപകരുകയാണ് വേണ്ടതെന്നും ദ്രാവിഡ മുന്നേട്ര കഴകം (ഡി.എം.കെ) അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി പ്രകടനമായി മാറിയ ചെന്നൈയില്‍ ഡി.എം.കെ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ അടുത്ത പ്രധാനമന്ത്രിയായി രാഹുലിന്റെ പേര് നിര്‍ദേശിച്ചത്. അഞ്ചു വര്‍ഷം ഭരിച്ച മോഡി രാജ്യത്തെ 15 വര്‍ഷം പിറകോട്ടു കൊണ്ടു പോയി. ഇനിയും അവസരം നല്‍കിയാല്‍ രാജ്യത്തെ 50 വര്‍ഷം പിന്നോട്ടടിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. 

ഡിഎംകെ നേതാവ് കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം രാഹുലും ഇന്ന് ചെന്നൈയിലെത്തിയിരുന്നു. ഇവരെ കൂടാതെ മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, ചന്ദ്ര ബാബു നായിഡു, വി. നാരായണസ്വാമി തുടങ്ങിയവരും വിവിധ നേതാക്കളും സ്റ്റാലിന്റെ ക്ഷണം സ്വീകരിച്ച് ചടങ്ങിനെത്തിയിരുന്നു. ശേഷം നടന്ന പൊതു സമ്മേളനത്തിലും പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തു സംസാരിച്ചു. രാഷ്ട്രീയ രംഗപ്രവേശം പ്രഖ്യാപിച്ച രജനികാന്തും നടനു രാഷ്ട്രീയക്കാരനുമായ ബിജെപി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയും വേദിക്കു മുമ്പിലിരുന്നു പരിപാടി വീക്ഷിച്ചതും ശ്രദ്ധിക്കപ്പെട്ടു. 

കരുണാനിധി നയിച്ചിരുന്നതു പോലെ ഡിഎംകെയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം കരുത്തോടെ നിലനില്‍ക്കണമെന്നത് തന്റെ അടങ്ങാത്ത ആഗ്രഹമാണെന്നും നമ്മുടെ ഭരണഘടനാ മൂല്യങ്ങളും സ്ഥാപനങ്ങളും ഇന്ത്യ എന്ന ആശയത്തേയും തകര്‍ക്കുന്ന രാഷ്ട്രീയ ശക്തികളുമായി പോരടിക്കുമ്പോള്‍ ഇത് ആവശ്യമാണെന്നും സോണിയ പറഞ്ഞു. നാം ഒറ്റക്കെട്ടാണെന്ന ഈ സന്ദേശം തമിഴ്‌നാട്ടിലേയും രാജ്യത്തിന്റെ മറ്റിടങ്ങളിലേയും ജനങ്ങളില്‍ എത്തട്ടെ. 70 വര്‍ഷമായി പരിരക്ഷിച്ചു പോരുന്ന നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാന്‍ നാം നിശ്ചിയിച്ചുറപ്പിച്ചിരിക്കുകയാണെന്നും സോണിയ പറഞ്ഞു. ഇന്ത്യ എന്ന ആശയത്തെ തകര്‍ക്കാന്‍ നാം ഒരിക്കലും അനുവദിക്കില്ലെന്നും ഇതിനെതിരായ ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും രാഹുല്‍ പറഞ്ഞു.

Latest News